അഫ്ഗാനിസ്ഥാനിൽ നേറ്റോ യുദ്ധമുന്നണിയിൽ ഉണ്ടായിരുന്നില്ലെന്ന അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ പ്രസ്താവന സഖ്യകക്ഷികളെ ചൊടിപ്പിച്ചു. 9/11 ആക്രമണത്തിന് ശേഷം 20 വർഷത്തോളം അമേരിക്കയ്ക്കൊപ്പം പോരാടിയ നേറ്റോ സൈനികരുടെ ചരിത്രത്തെയാണ് ട്രംപ് തള്ളിപ്പറയുന്നത്.

ഫ്ഗാനിസ്ഥാനിൽ യുദ്ധത്തിന്‍റെ മുൻനിരയിൽ നിന്നിട്ടില്ല നേറ്റോ എന്ന പ്രസ്താവനയിലൂടെ അമേരിക്കൻ പ്രസിഡന്‍റ് നേറ്റോയെ കുറ്റപ്പെടുത്തിയിരിക്കുന്നു. എപ്പോഴോ അവർ കുറച്ച് സൈനികരെ അയച്ചു. അത് അമേരിക്ക ആവശ്യപ്പെട്ടിട്ടല്ല. അമേരിക്ക ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല എന്നാണ് ട്രംപിന്‍റെ അധിക്ഷേപം. 20 വർഷത്തെ ചരിത്രം ഒറ്റയടിക്ക് മായ്ച്ചുകളയാനാണ് അമേരിക്കൻ പ്രസിഡന്‍റിന്‍റെ ശ്രമം. അത് ആദ്യമായല്ല. ബ്രിട്ടിഷ് പ്രധാനമന്ത്രി പോലും കടുപ്പിച്ചാണ് പ്രതികരിച്ചത്.

ബ്രിട്ടിഷ് - ഡാനിഷ് സൈന്യം

ഹെൽമന്ദ് പ്രവിശ്യയിലേക്കാണ് ബ്രിട്ടിഷ് - ഡാനിഷ് സൈന്യം വിന്യസിക്കപ്പെട്ടത്. താലിബാന്‍റെ ശക്തികേന്ദ്രമായ ഹെൽമന്ദിലാണ് രണ്ട് രാജ്യങ്ങളിലെയും സൈനികർ കൊല്ലപ്പെട്ടതും. രണ്ട് പ്രാവശ്യം അഫ്ഗാനിസ്ഥാനിലെ സൈനികരുടെ കൂട്ടത്തിലുണ്ടായിരുന്ന ഹാരി രാജകുമാരനും പ്രതികരിച്ചു. നയതന്ത്രവും സമാധാനവും പ്രധാനമാണെങ്കിലും സ്വന്തം ജീവൻ ബലിയ‍ർപ്പിച്ചവരെക്കുറിച്ച് ബഹുമാനത്തോടെ വേണം സംസാരിക്കാൻ എന്ന് ഹാരി പറഞ്ഞു. അന്ന് യുദ്ധ മുന്നണിയിൽ പോയി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരും ഓർക്കുന്നു, ബോംബുകളുടെ നടുവിൽ നിന്ന് താലിബാനോട് യുദ്ധം ചെയ്ത സൈനികരെക്കുറിച്ച്. അവരെയാണ് അമേരിക്കൻ പ്രസിഡന്‍റ് ഒറ്റയടിക്ക് തള്ളിപ്പറഞ്ഞത്.

ആ‌ർട്ടിക്കിൾ അഞ്ച്

സെപ്തംബർ 11 ആക്രമണത്തോടെ നേറ്റോയുടെ ആ‌ർട്ടിക്കിൾ അഞ്ച് ഉദ്ധരിച്ചാണ് അമേരിക്ക അംഗരാജ്യങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിട്ടത്. അതിനുമുമ്പോ അതുകഴിഞ്ഞോ മറ്റൊരു രാജ്യവും അതാവശ്യപ്പെട്ടിട്ടില്ല. പിന്നത്തെ 20 വർഷം അമേരിക്കൻ സൈന്യത്തിനൊപ്പം നേറ്റോ സൈനികരും യുദ്ധം ചെയ്തു. 3,500 സൈനികർ മരിച്ചതിൽ, 2,456 അമേരിക്കൻ സൈനികർ, 457 ബ്രിട്ടിഷ് സൈനികർ, 40 ഡാനിഷ് സൈനികരുമായിരുന്നു. ട്രംപ് മാത്രമല്ല, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും നേറ്റോയെ തള്ളിപ്പറഞ്ഞു. അതേ വാക്കുകളാണ് ട്രംപ് ഏറ്റുപറയുന്നത്. അമേരിക്ക ആവശ്യപ്പെട്ടിട്ടല്ല സൈനികരെ അയച്ചതെന്നും ട്രംപ് കൂട്ടിച്ചേർക്കുന്നു. ഗ്രീൻലൻഡ് ഭീഷണി തണുക്കും മുമ്പാണ് ഈ തള്ളിപ്പറയൽ. അതും ദാവോസിൽ വച്ച്. മാർക് റട്ടെ ദാവോസിൽ വച്ചുതന്നെ ട്രംപിനോട് വിയോജിച്ചു.

(നേറ്റോയുടെ ഭാഗമായി താലിബാനെതിരെ പോരാടാൻ കാണ്ഡഹാറിലെത്തിയ ബ്രീട്ടിഷ് സൈന്യം)

ഭേദമാകാത്ത പരിക്ക്

അല്ലെങ്കിൽ തന്നെ ഗ്രീൻലൻഡ് വിഷയത്തോടെ കാര്യങ്ങൾ മാറിമറിഞ്ഞിരുന്നു. ട്രാൻസ് അറ്റ്ലാന്‍റിക്ക് സഖ്യത്തിനേറ്റ പരിക്ക് ഇനി ഭേദമാകില്ലെന്നാണ് നേതാക്കളുടെ തന്നെ പക്ഷം. ട്രംപ് ഗ്രീൻലൻഡ് വേണ്ടെന്നുവച്ചുവെങ്കിലും കൂടുതൽ ശക്തമാകണം യൂറോപ്പ് എന്നതിൽ ഇപ്പോൾ രണ്ട് അഭിപ്രായമില്ല. പഴയ ലോകക്രമം മാറുകയാണ് എന്നവർ പറയുമ്പോൾ അത് കരുത്തിന്‍റെയും അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും അടിസ്ഥാനത്തിലാണെന്ന് കൂടി പറഞ്ഞുറപ്പിക്കുകയാണ്. അപകടകരമായ സാഹചര്യം. 77 വർഷത്തെ നേറ്റോ ചരിത്രത്തിൽ അമേരിക്കയും യൂറോപ്പും എപ്പോഴും ഒന്നിച്ചായിരുന്നു. അതെങ്ങനെ ഇനി രണ്ടാകുമെന്ന സംശയത്തിലാണ് പലരും. യൂറോപ്പിന് ഇപ്പോൾ ഒറ്റയ്ക്ക് നിൽക്കാനാകില്ല, അമേരിക്കയുടെയത്ര ശക്തമാകാൻ 10 വർഷമെങ്കിലും വേണ്ടിവരുമെന്ന അഭിപ്രായവുമുണ്ട്. ഒറ്റയ്ക്ക് നിൽക്കുന്നത് അമേരിക്കയ്ക്കും നല്ലതല്ല എന്നഭിപ്രായപ്പെടുന്നു ഫിൻലൻഡ് പ്രസിഡന്‍റ്. പക്ഷേ, പണ്ടുണ്ടായിരുന്ന ബന്ധം മരിച്ചുവെന്നാണ് മുൻ യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് ചാൾസ് മൈക്കലിന്‍റെ പക്ഷം.

ഞാനാണ് നേതാവ്

ട്രംപിന് നേറ്റോയോട് പണ്ടേ വിരോധമാണ്. സഖ്യത്തിന്‍റെ പ്രതിരോധ ചെലവിന് അമേരിക്ക നൽകുന്നതിന്‍റെയത്ര മറ്റൊരു അംഗരാജ്യവും നൽകുന്നില്ലെന്ന പരാതിയാണ് പ്രധാനം. കൂടുതൽ തുക വകയിരുത്താൻ ധാരണയായിരുന്നു. പക്ഷേ, അതിലും അമേരിക്കൻ പ്രസിഡന്‍റ് തൃപ്തനായിട്ടില്ല. അസ്വാരസ്യം തീർന്നിട്ടുമില്ല. തനിക്ക് മാത്രം പ്രാധാന്യം കിട്ടുന്ന സഖ്യങ്ങളും സംഘടനകളും പുതുതായി രൂപപ്പെടുത്തിയെടുക്കുന്ന തിരക്കിലാണ് തൽകാലം പ്രസിഡന്‍റ്. അവിടെ തുല്യശക്തികൾക്കോ, തുല്യാവകാശത്തിനോ സ്ഥാനമില്ല.