കുട്ടിക്കാലത്ത് ഡിസ്ലെക്സിയയും എഡിഎച്ച്ഡിയും നേരിട്ട രാഹുൽ ശശി ലോകമറിയുന്ന സൈബർ സെക്യൂരിറ്റി വിദഗ്ധനായി മാറിയതിന്റെ പ്രചോദനാത്മകമായ കഥയാണിത്. പഠനം പാതിവഴിയിൽ ഉപേക്ഷിച്ചെങ്കിലും, സ്വന്തം കഴിവിലൂടെ എൻടിആർഒ, ആർബിഐ തുടങ്ങിയവയുടെ നിർണായക സമിതികളിൽ അദ്ദേഹം ഇടംനേടി.
ഡിസ്ലെക്സിയ രോഗബാധിതനായ കുട്ടിയിൽ നിന്നും ലോകത്തെ എണ്ണം പറഞ്ഞ സൈബർ സെക്യൂരിറ്റി വിദഗ്ധനിലേക്കുള്ള വളർച്ചയെ കുറിച്ച് ഏഷ്യാനെറ്റ് ഓൺലൈന്‍റെ സയൻസ് ടോക്കിൽ മനസ് തുറക്കുകയാണ് രഹുൽ ശശി.
സ്കൂൾ കാലവും സൈബർ ലോകവും
മാവേലിക്കര ബിഷപ്പ് മൂർ വിദ്യാപീഠത്തിൽ പഠിക്കുമ്പോഴാണ് രാഹുൽ ശശി ആദ്യമായി കമ്പ്യൂട്ടറുമായി അടുക്കുന്നത്. അഞ്ചാം ക്ലാസിലോ ആറാം ക്ലാസിലോ പഠിക്കുമ്പോൾ സ്കൂളിൽ വന്ന കമ്പ്യൂട്ടറിലെ ഗെയിമുകളാണ് കമ്പ്യൂട്ടർ ലോകത്തേക്ക് അദ്ദേഹത്തിന്‍റെ ശ്രദ്ധ ആകർഷിച്ചത്. തുടർന്ന്, വെറുതെ കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനപ്പുറം അതിൽ എങ്ങനെ പ്രോഗ്രാമിംഗ് ചെയ്യാം എന്നതിലേക്ക് അദ്ദേഹത്തിന്‍റെ ആകാംക്ഷ വളർന്നു.
ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുമ്പോൾ സ്കൂൾ സമയത്തിന് ശേഷം പ്രൈവറ്റ് കോച്ചിംഗ് സെന്‍ററുകളിൽ നിന്ന് സി പ്രോഗ്രാമിംഗ് (C Programming) പഠിക്കാൻ തുടങ്ങി. അക്കാലത്ത് കമ്പ്യൂട്ടർ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ഒരു ചെറിയ ആനിമേഷൻ കണ്ടതാണ് കമ്പ്യൂട്ടർ വൈറസുകളെക്കുറിച്ചും അവ എങ്ങനെ നിർമ്മിക്കാം എന്നതിനെക്കുറിച്ചും ചിന്തിക്കാൻ രാഹുലിനെ പ്രേരിപ്പിച്ചത്. സ്കൂളിലെ പരമ്പരാഗത പഠനരീതികളേക്കാൾ, പുറത്തുനിന്ന് സ്വയം പഠിച്ചെടുക്കുന്ന കാര്യങ്ങളിലായിരുന്നു അദ്ദേഹത്തിന് കൂടുതൽ താല്പര്യം.

എഡിഎച്ച്ഡിയും ഡിസ്ലെക്സിയയും
സ്കൂൾ പഠനകാലത്ത് അക്കാദമിക്സിൽ വലിയ പിന്നോക്കാവസ്ഥ രാഹുൽ നേരിട്ടിരുന്നു. കുട്ടിക്കാലത്ത് എഡിഎച്ച്ഡി (Attention Deficit Hyperactivity Disorder), ഡിസ്ലെക്സിയ (Dyslexia) എന്നീ അവസ്ഥകൾ നേരിട്ടിരുന്നതാണ് ഇതിന് കാരണം. എന്നാൽ അക്കാലത്ത് ഇതിനെക്കുറിച്ച് അധ്യാപകർക്കോ മാതാപിതാക്കൾക്കോ വ്യക്തമായ ധാരണയില്ലായിരുന്നു.
ഡിസ്ലെക്സിയ കാരണം അറിവുള്ള വാക്കുകൾ എഴുതുമ്പോൾ പോലും അക്ഷരത്തെറ്റുകൾ വരുമായിരുന്നു (ഉദാഹരണത്തിന്, 'INDIA' എന്ന് പറയുമ്പോൾ മനസ്സിൽ വാക്കിന് പകരം കളർഫുളായ ഇന്ത്യയുടെ മാപ്പാണ് തെളിഞ്ഞു വരുന്നത്. ബ്രെയിൻ മോട്ടോർ മൂവ്‌മെന്‍റ്സ് വ്യത്യസ്തമായതുകൊണ്ട് വാക്കുകൾ കൃത്യമായി എഴുതാൻ സാധിക്കാതെ വരുന്നു). എഡിഎച്ച്ഡി കാരണം താല്പര്യമില്ലാത്ത വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ പൂർണ്ണമായും ശ്രദ്ധ നഷ്ടപ്പെടുമായിരുന്നു.
പത്താം ക്ലാസിലെത്തിയപ്പോഴാണ് ഡോക്ടർമാർ രാഹുലിൽ ഡിസ്ലെക്സിയയും എഡിഎച്ച്ഡിയും തിരിച്ചറിയുന്നത്. പിന്നീട് കോളേജ് കാലത്താണ് ഇന്റർനെറ്റ് ഉപയോഗിച്ച് സ്വന്തം അവസ്ഥയെക്കുറിച്ചും അതിനെ എങ്ങനെ പോസിറ്റീവായി ഉപയോഗിക്കാമെന്നും രാഹുൽ മനസ്സിലാക്കുന്നത്. തനിക്ക് താല്പര്യമുള്ള വിഷയമായ കമ്പ്യൂട്ടറിലേക്ക് മാത്രം ഹൈപ്പർഫോക്കസ് നൽകി, ബാക്കി കാര്യങ്ങളെ കട്ട് ഓഫ് ചെയ്യാൻ തുടങ്ങിയതോടെയാണ് അദ്ദേഹത്തിന്‍റെ വളർച്ച ആരംഭിച്ചത്.
പാതിയിൽ നിർത്തിയ പഠനം
എഞ്ചിനീയറിംഗ് പഠനം ആരംഭിച്ചെങ്കിലും ഏഴാം സെമസ്റ്ററിലെത്തിയപ്പോൾ രാഹുൽ കോളേജ് പഠനം ഉപേക്ഷിച്ചു. ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് എന്നത് നമ്മൾ പഠിച്ച വിഷയം അറിയാമെന്ന് ഒരു സെൻട്രൽ ഏജൻസി നൽകുന്ന മുദ്ര കുത്തൽ മാത്രമാണെന്നും, അതിന് പകരം നമ്മുടെ കഴിവ് പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.
2008-ൽ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അവിടെയുണ്ടായിരുന്ന ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റത്തിൽ മാസങ്ങളോളം റിസേർച്ച് നടത്തി ലാബിലിരുന്ന് ഹാക്ക് ചെയ്യാനും, റെക്കോർഡുകൾ തിരുത്താനും സാധിക്കുമെന്ന് രാഹുൽ കണ്ടെത്തി. ഇത് ഒരു റിസേർച്ച് പേപ്പറായി പിന്നീട് പ്രസിദ്ധീകരിച്ചു. ഈ പേപ്പർ സൈബർ ലോകത്ത് ശ്രദ്ധിക്കപ്പെട്ടതോടെ 2010 മുതൽ വിവിധ രാജ്യങ്ങളിലേക്ക് ഇന്‍റർനാഷണൽ സ്പീക്കറായി അദ്ദേഹത്തിന് ക്ഷണം ലഭിച്ചു തുടങ്ങി. ഏകദേശം 30-ഓളം രാജ്യങ്ങളിൽ പോയി വിഷയ അവതരണം നടത്തിയതിന്‍റെ ഡിജിറ്റൽ കോണ്ടെന്‍റുകളാണ് പിന്നീട് രാഹുലിന്‍റെ യഥാർത്ഥ സർട്ടിഫിക്കറ്റും യോഗ്യതയുമായി മാറിയത്.

എൻടിആർഒ ബഗ് ബൗണ്ടി
കോളേജ് ഉപേക്ഷിച്ച കാര്യം വീട്ടിലറിയിക്കാതെയാണ് രാഹുൽ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ഈ സമയത്താണ് നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷനുമായി (NTRO) ബന്ധപ്പെട്ട പ്രശസ്തമായ സംഭവം നടക്കുന്നത്.
2013-ൽ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് (PMO) അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശേഷിയുള്ള ഒരു മലീഷ്യസ് ഇമെയിൽ എത്തി. കമ്പ്യൂട്ടർ ഹാക്ക് ചെയ്യാൻ ശേഷിയുള്ള ഈ ഇമെയിൽ സുരക്ഷാ സിസ്റ്റം ഡിറ്റക്ട് ചെയ്തതോടെ, ആരാണ് ഇത് അയച്ചതെന്നും മോട്ടീവ് എന്താണെന്നും കണ്ടെത്തുന്നവർക്ക് 1000 ഡോളർ പാരിതോഷികം എൻടിആർഒ പ്രഖ്യാപിച്ചു. എ.കെ. ആന്റണി ഡിഫൻസ് മിനിസ്റ്റർ ആയിരുന്ന സമയമായിരുന്നു അത്.
രാഹുലും അദ്ദേഹത്തിന്‍റെ 'ഗരാജ് ഫോർ ഹാക്കേഴ്സ്' (Garage4hackers) എന്ന ഗ്രൂപ്പും ചേർന്നാണ് ഈ ആക്രമണത്തിന്‍റെ ഉറവിടം കണ്ടെത്തിയത്. ചൈനയിലെ ചെങ്കുടുവിലുള്ള മിലിട്ടറി യൂണിറ്റിൽ നിന്നാണ് അറ്റാക്ക് വന്നതെന്നും, അറ്റാക്കർമാരുടെ സിസ്റ്റം തിരിച്ചും ഹാക്ക് ചെയ്ത് ഡിആർഡിഒ (DRDO), സ്പേസ് റിസർച്ച് ഓർഗനൈസേഷനുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ചോരുന്നുണ്ടെന്നും അവർ തെളിയിച്ചു.
പിന്നീട് കൊച്ചിയിൽ നടന്ന 'കോക്കോൺ' (COCON) കോൺഫറൻസിൽ വെച്ച് എൻടിആർഒ ചീഫ് സ്റ്റേജിൽ കയറി ഈ റിസേർച്ച് നടത്തിയത് രാഹുലും ടീമുമാണെന്ന് പരസ്യമായി വ്യക്തമാക്കി. ഇത് വാർത്തയായതോടെയാണ് രാഹുൽ കോളേജ് ഡ്രോപ്പ് ഔട്ട് ആയിരുന്നു എന്ന വിവരം മാതാപിതാക്കൾ പോലും അറിയുന്നത്. വർഷങ്ങളോളം തുടർച്ചയായി നടത്തിയ റിസേർച്ചുകളും അനുഭവസമ്പത്തും രാഹുലിനെ വലിയ ഔദ്യോഗിക പദവികളിലേക്ക് നയിച്ചു.
ആർബിഐ ലെൻഡിംഗ് കമ്മിറ്റി
2020 കോവിഡ് കാലത്ത് നിയമവിരുദ്ധ ഡിജിറ്റൽ വായ്പാ ആപ്പുകൾ വഴി ആളുകൾ തട്ടിപ്പിനിരയാകുകയും ഫോണിലെ ഡാറ്റകൾ ചോർത്തി ഭീഷണിപ്പെടുത്തി ആത്മഹത്യയിലേക്ക് നയിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, ആർബിഐ ഒരു പ്രത്യേക സമിതി രൂപീകരിച്ചു. ഇതിന്‍റെ ഫസ്റ്റ് റെഗുലേഷൻ പേപ്പർ തയ്യാറാക്കിയത് രാഹുൽ ഉൾപ്പെട്ട കമ്മിറ്റിയാണ്. തുടർന്നാണ് ചൈനീസ് വായ്പാ ആപ്പുകൾ നിരോധിക്കുകയും ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇത്തരം നിയമവിരുദ്ധ ആപ്പുകൾക്ക് നിയന്ത്രണം വരികയും ചെയ്തത്.

MeitY വർക്കിംഗ് കമ്മിറ്റി
കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിന്‍റെ സമിതിയിലും രാഹുൽ അംഗമായി പ്രവർത്തിച്ചു. കോളേജ് ഡ്രോപ്പ് ഔട്ട് ആയതിനാൽ യുഎസ് വിസ നിഷേധിച്ചിക്കപ്പെട്ടു. എന്നാൽ പിന്നീട് യുഎസിലെ ഒരു സംസ്ഥാനം തന്നെ രാഹുലിന്‍റെ കമ്പനിയിൽ ഇൻവെസ്റ്റ്മെന്‍റ് നടത്തുന്നതിലേക്ക് കാര്യങ്ങൾ മാറിയെന്ന് രാഹുൽ പറയുന്നു.
2012 -ൽ അമേരിക്കൻ വിസ രണ്ടുതവണ നിരസിക്കപ്പെട്ട അനുഭവത്തിൽ നിന്ന്, ഭാവിയിൽ അമേരിക്കയിൽ പോവുകയാണെങ്കിൽ അവർ ഇൻവൈറ്റ് ചെയ്തിട്ടോ അല്ലെങ്കിൽ അവിടെ ജോലികൾ സൃഷ്ടിച്ചുകൊണ്ടോ മാത്രമേ പോകുകയുള്ളൂ എന്ന് രാഹുൽ തീരുമാനിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം, യുഎസിലെ 'കണക്റ്റിക്കട്ട്' (Connecticut) സ്റ്റേറ്റ് ഗവൺമെന്റ് രാഹുലിന്‍റെ കമ്പനിയെ ഏഷ്യയിലെ മികച്ച കമ്പനികളിലൊന്നായി തെരഞ്ഞെടുക്കുകയും അവരുടെ സംസ്ഥാനത്തേക്ക് ക്ഷണിക്കുകയും ചെയ്തു. തുടർന്ന് സ്റ്റേറ്റ് ഗവൺമെന്‍റെ തന്നെ അദ്ദേഹത്തിന്‍റെ കമ്പനിയിൽ നിക്ഷേപം നടത്താൻ തയ്യാറായി.
പിന്നീട് കമ്പനി ലോകത്താകമാനം വിപുലീകരിക്കപ്പെടുകയും ബിസിനസ്സ് വിജയകരമായി മുന്നേറുകയും ചെയ്തു. ആദ്യകാലത്ത് നിക്ഷേപം നടത്തിയ എക്സ്ഫിനിറ്റി വെഞ്ചർ പാർട്നേഴ്സിന് (Xfinity Venture Partners) 13 മടങ്ങ് (13x) റിട്ടേൺ നൽകാൻ കമ്പനിക്ക് സാധിച്ചു.
എഡിഎച്ച്ഡിയും ഡിസ്ലെക്സിയയും പോലെയുള്ള വെല്ലുവിളികളെ സ്വന്തം ഫോക്കസ് കൊണ്ട് മറികടന്ന്, അക്കാദമിക് പരാജയങ്ങളിൽ തളരാതെ സ്വന്തം കഴിവിലൂടെ ആഗോള തലത്തിൽ വിജയം കൊയ്ത രാഹുൽ ശശിയുടെ കഥ, വേറിട്ട വഴികളിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വലിയൊരു പ്രചോദനമാണ്.


