ആര്‍ക്കാണ് ജീവിതത്തിലൊരു തൊട്ടപ്പനില്ലാത്തത്? തലതൊട്ടപ്പനെപ്പോലൊരു സാന്നിധ്യം.  ജീവിതത്തെ മാറ്റിമറിച്ചൊരാള്‍. വഴികാട്ടി. തളരുമ്പോള്‍ ചായാനൊരു ചുമല്‍. അതാരുമാകാം. ആണോ പെണ്ണോ. പരിചിതരോ അപരിചിതരോ. സുഹൃത്തോ ബന്ധുവോ സഹപ്രവര്‍ത്തകരോ. ഉള്ളിനുള്ളിലെ ആ ഒരാളെക്കുറിച്ചുള്ള കുറിപ്പുകളാണിവ. 


എനിക്കൊരു ഒന്നൊന്നര മാമനുണ്ട്. ഉമ്മയുടെ സഹോദരന്‍. പിതാവിന് തുല്ല്യമായ ഒരു രക്ഷിതാവിന്റെ സ്ഥാനമാണ് അമ്മാവന്. പലപ്പോഴും നമ്മുടെ കാര്യങ്ങളില്‍ അച്ഛനെക്കാള്‍ അമിത താത്പര്യം എടുക്കുന്നവരും അവരായിരിക്കും.

എന്റെ ജീവിതത്തില്‍ ഇപ്പോഴും പകരം വെക്കാനില്ലാത്ത സാന്നിധ്യമായി തുടരുകയാണ് അമ്മാവന്‍. ഉമ്മക്കും ഉമ്മയുടെ അനിയത്തിക്കും കൂടെ ആകെയുള്ള ഒരു പൊന്നാങ്ങള. വല്ല്യുമ്മയുടെ ഓമനപുത്രന്‍ എനിക്കും അനിയന്മാര്‍ക്കും പെങ്ങന്മാര്‍ക്കും കൂടെയുള്ള ഒരേ ഒരു വല്ല്യേട്ടന്‍. സത്യത്തില്‍ ഉമ്മയുടെ കുടുംബത്തിലെ വല്ല്യേട്ടന്റെ സ്ഥാനമാണ് അമ്മാവന്

ഉമ്മയുടെയും എളാമ്മയുടെ ഇളയതാണ് അമ്മാവന്‍. എന്നെക്കാള്‍ മൂന്ന് വയസ്സ് മാത്രം കൂടുതല്‍. എന്റെറെ ബാല്യകാലം കൂടുതല്‍ ചിലവഴിച്ചത് ഉമ്മയുടെ വീട്ടിലായിരുന്നു അത് കൊണ്ട് തന്നെ എന്നെയും അമ്മോനെയും ഒരേ പരിചരണത്തോടെയാണ് വല്ല്യുമ്മ വളര്‍ത്തിയത് ഒരിക്കലും വല്ല്യുമ്മയുടെ പേരക്കുട്ടിയായിട്ടല്ല ഞാന്‍ ആ വീട്ടില്‍ കഴിഞ്ഞിരുന്നത്. ഉമ്മക്ക് ഞാനും ഒരു മകന്‍ തന്നെയായിരുന്നു. എല്ലാം തുല്ല്യമായി വീതിക്കും ഭക്ഷണം വസ്ത്രം ഒന്നിലും മകന്‍, പേരക്കുട്ടി എന്ന വ്യത്യാസം എനിക്ക് അനുഭവിക്കേണ്ടി വന്നിരുന്നില്ല. അമിതമായ സ്‌നേഹവും വാത്സല്യവും അനുഭവിച്ചു വളര്‍ന്നതിനാല്‍ അത്യാവശ്യം നല്ല പോക്കിരിത്തരങ്ങളും കൂടെ പഠിച്ചു. അത് കൊണ്ട് തന്നെ ഉപ്പയുടെ തറവാട് വീട്ടില്‍ ചെല്ലുമ്പോള്‍ ഞാനൊരു പ്രശ്‌നക്കാരനായിരുന്നു ഒരു വികൃതിപ്പയ്യന്‍. നാട്ടുകാര്‍ പറയും വല്ല്യുമ്മ ബെടക്കാക്കിയതാണെന്ന്. എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ചു വളര്‍ന്നതിനാല്‍ ഒന്നിനെയും കൂസാത്ത സ്വഭാവം ആയിരുന്നു. ഇപ്പോഴും വലിയ മാറ്റമൊന്നും ഇല്ലാതെ തുടരുന്നുണ്ട്. കൂട്ടായി എല്ലായിടത്തും അമ്മാവന്‍ ഉണ്ടാവും അത് കൊണ്ട് തന്നെ എന്റെ കൂട്ടുകാരില്‍ തന്നെ വലിയ ഒരു വിഭാഗവും അമ്മാവന്റെ കൂട്ടുകാരാണ് വല്ല്യുമ്മയെ ഉമ്മ എന്നും അമ്മാവനെ ഇക്കാക്ക എന്നും തന്നെയാണ് വിളിച്ചിരുന്നത്

അമ്മാവന്‍ എനിക്കൊരു ജ്യേഷ്ടന്‍ മാത്രമായിരുന്നില്ല നല്ലൊരു സുഹൃത്തും വഴികാട്ടിയും സംരക്ഷകനും കൂടിയായിരുന്നു. രാഷ്ട്രീയം ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റെല്ലാ മേഖലകളിലും ഇക്കാക്കയായിരുന്നു അവസാന വാക്ക്. ജീവിതത്തിലെ പ്രയാസം അനുഭവിക്കുന്ന ഘട്ടങ്ങളിലൊക്കെയും ഇക്കാക്കയുടെ സഹായവും നിര്‍ദ്ദേശങ്ങളുമായിരുന്നു എന്നെ വഴി നടത്തിയത്. അലിഗഢില്‍ പി ജിക്ക് അഡ്മിഷന്‍ കിട്ടിയപ്പോള്‍ സംസ്ഥാനത്തിന് പുറത്തേക്ക് പറഞ്ഞയക്കാന്‍ മടിച്ച വീട്ടുകാര്‍ക്ക് മുന്നില്‍ എനിക്കായി വാതിലുകള്‍ തുറന്നിട്ടതും മാമന്‍ തന്നെയായിരുന്നു. നാട്ടിലെ സാംസ്‌കാരിക സംഘടനയുടെ ഭാഗമായി പരിസ്ഥിതി പ്രശ്‌നങ്ങളിലും കൊലപാതക കേസിലും അടക്കം സജീവമായി ഇടപെടാന്‍ തുടങ്ങിയ സമയത്തും ഇതിന്റെ പേരില്‍ അക്രമികളില്‍ നിന്ന് അടികിട്ടിയ സമയത്തും പ്രതിരോധിക്കാനും സംരക്ഷിക്കാനുമുണ്ടായിരുന്നത് നാട്ടുകാരോ പോലീസോ ആയിരുന്നില്ല, എന്റെ ഈ തൊട്ടപ്പനായിരുന്നു. എന്റെ പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും ഒരേപോലെ പകരം വെക്കാനില്ലാത്ത ഗോഡ് ഫാദറാണ് ഈ വല്ല്യേട്ടന്‍.

 

ഫ്രാന്‍സിസ് നൊറോണ: ഓരോ മനുഷ്യനും ഒരു തൊട്ടപ്പനായി കാത്തിരിക്കുന്നു

അക്ബര്‍: തൊട്ടപ്പന്‍ എന്ന നിലയില്‍ നേര്യമംഗലം കാടും മലയും നദിയും

ജിഷ കെ:  പ്രപഞ്ചം എനിക്ക് വേണ്ടി കരുതിവെച്ച ഒരുവള്‍

വൈഗ ക്രിസ്റ്റി: തുരുമ്പിച്ച എന്റെ കണ്ണുകള്‍ക്കു പകരം  ഒരു ജോടി കണ്ണ് അവളെനിക്കു വച്ചു തന്നു  

രസ്‌ലിയ എം എസ്: മുറിവില്‍ തേന്‍ പുരട്ടുന്നൊരാള്‍ 

സജിത്ത് മുഹമ്മദ്: സ്നേഹം പകര്‍ച്ചവ്യാധിയാക്കിയ ഒരുവള്‍

അജീഷ് ചന്ദ്രന്‍: കാലമൊരുക്കി വച്ച തൊട്ടപ്പന്‍ മാജിക്ക്

ഫര്‍സാന അലി: അതിലും വലിയ സമ്മാനമൊന്നും  പിന്നീടെനിക്ക് ലഭിച്ചിട്ടില്ല

കവിത ജയരാജന്‍: ഇന്നും ഈ തൊട്ടപ്പന്റെ സാന്നിധ്യം എന്റെ ജീവിതത്തിലുണ്ട്...

ജഹാംഗീര്‍ ആമിന റസാഖ്: ഉമ്മാ, അനാഥത്വത്തിന്‍റെ കനത്ത വേനലിൽ ഞാൻ നിറഞ്ഞ് വിയർക്കുന്നു...

 ശ്രീജിത്ത് എസ് മേനോന്‍: എംടി യാണെന്റെ തൊട്ടപ്പന്‍!

റഫീസ് മാറഞ്ചേരി: പ്രവാസിയുടെ തൊട്ടപ്പന്‍!

സുമാ രാജീവ് : പുരുഷോത്തം തോഷ്‌നിവാള്‍ എന്ന മാര്‍വാഡി