ആര്‍ക്കാണ് ജീവിതത്തിലൊരു തൊട്ടപ്പനില്ലാത്തത്? തലതൊട്ടപ്പനെപ്പോലൊരു സാന്നിധ്യം.  ജീവിതത്തെ മാറ്റിമറിച്ചൊരാള്‍. വഴികാട്ടി. തളരുമ്പോള്‍ ചായാനൊരു ചുമല്‍. അതാരുമാകാം. ആണോ പെണ്ണോ. പരിചിതരോ അപരിചിതരോ. സുഹൃത്തോ ബന്ധുവോ സഹപ്രവര്‍ത്തകരോ. ഉള്ളിനുള്ളിലെ ആ ഒരാളെക്കുറിച്ചുള്ള കുറിപ്പുകളാണിവ. 

 

ഫോണ്‍ ബെല്ലടിക്കുന്നുണ്ട്. അബുക്കയാണ്.

'ഞങ്ങള് തിരുവന്തപുരത്തുണ്ട്. ഇന്ന കാണാന്‍ ഒന്നങ്ങോട്ട് വെര്ന്നുണ്ട്'.
 
ആദ്യമായിട്ടാണ് മൂപ്പര് ഞാന്‍ ജോലി ചെയ്യുന്ന നിയമസഭാ ലൈബ്രറിയിലേക്ക് വരുന്നത്.കൂടെ യൂസുഫ്ക്കയും ഉണ്ടായിരുന്നു. നിയമസഭ ഹാളും ലൈബ്രറിയും IT സെക്ഷനുമെല്ലാം കണ്ട്, കോഫി ഹൗസില്‍ കാപ്പി കുടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ യൂസുഫ്ക്ക ചോദിച്ചു.

അല്ല, ഇങ്ങളെ ആരാ ഇവന്‍?' 

അബുക്ക എന്റെ മുഖത്തേക്ക് നോക്കി ഒന്ന്  നെടുവീര്‍പ്പിട്ടു. എന്റെ ഉള്ളകങ്ങളില്‍ ഒരു തോരാ മഴപെയ്തു തുടങ്ങി. ഓര്‍മ്മകളില്‍ പല കാലങ്ങള്‍ വന്നു തിങ്ങിനിറഞ്ഞു. ചുമച്ചു ചുമച്ച് ചോരതുപ്പിയ ഉപ്പയുടെ ഓര്‍മ്മയുടെ അങ്ങേതലയ്ക്കല്‍ നിന്നാണ് അബുക്ക ജീവിതത്തിലേക്ക് കയറി വന്നത്. 

ബാംഗ്ലൂരിലെ കച്ചോടം അടപടലം തകര്‍ന്നപ്പോഴാണ് ഉപ്പ നാട്ടിലേക്ക് തിരികെ വന്നത്. ഞാന്‍ ആറാം  ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു അത്. ഉപ്പ വരുമ്പോള്‍ കനത്ത ശ്വാസം മുട്ടലും കൂട്ടുണ്ടായിരുന്നു. നാട്ടില്‍ പല പണികള്‍ നോക്കിയെങ്കിലും ഒന്നിലും ക്ലച്ച് പിടിച്ചില്ല. ഉപ്പാന്റെ സൂക്കേട് അതിനനുവദിച്ചില്ല. ഒരു രാത്രി ഞാന്‍ കണ്ടതാണ്, ഉപ്പ ചുമച്ച് ചുമച്ച് ചോര തുപ്പുന്നത്-കട്ട ചോര!

രോഗം അല്പം ഭേദമായപ്പോഴാണ് ഉപ്പ ജോലിക്ക് ശ്രമിക്കുന്നത്. ബത്തേരി ടൗണിലെ അബുക്കാന്റെ ബാംബു മെസ്സില്‍ ബില്‍ എഴുതുന്ന ജോലി കിട്ടി. അങ്ങനെയാണ് അബുക്ക ഞങ്ങളുടെ ജീവിതത്തിലും തണല്‍ വിരിക്കാന്‍ തുടങ്ങിയത്. ഞങ്ങള്‍ നന്നായി പഠിച്ചിരുന്നത് കൊണ്ട് അബുക്കാക്ക് പ്രത്യേക വാത്സല്യമായിരുന്നു. നല്ല നിലയില്‍ ഞങ്ങളെല്ലാം എത്തണമെന്ന് അദ്ദേഹം കൂടി ആഗ്രഹിച്ചു. ആവുന്നത്ര പ്രചോദിപ്പിച്ചു. മറ്റു പലരോടും ചെയ്യുന്നത് പോലെ, ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്നവി്വൊസത്തോടെ, സഹായിച്ചു. എന്റെ ജീവിതത്തില്‍ കാരുണ്യത്തിന്റെ ഒരു വടവൃക്ഷമായിരുന്നു അബുക്ക.
 
'ഓന ഏതെങ്കിലും ഹോസ്റ്റലില്‍ വിട്ട്  പഠിപ്പിക്കണം. ചെലവിന്റെ കാര്യങ്ങളൊന്നും ങ്ങള് നോക്കണ്ട'-പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ അബുക്ക തന്നെയാണ് ഉപ്പാനോട് പറഞ്ഞത്. അങ്ങനെയാണ് വാടാനപ്പള്ളി ഇസ്ലാമിയ കോളേജിലേക്ക് വണ്ടി കയറിയത്. അതായിരുന്നു ജീവിതത്തിന് ഉറപ്പുള്ള ഒരു തറയായി മാറിയതും. പില്‍ക്കാലത്ത്, എനിക്ക് കൂടുതല്‍ പഠിക്കാനും വളരാനുമുള്ള പ്രചോദനമായതും. 
 
 കോളേജിലേക്ക് പറിച്ചുനട്ടതിന് ശേഷം ആദ്യമായി നാട്ടിലേക്ക് വന്നപ്പോള്‍ അബുക്കയെയാണ് ആദ്യം ചെന്നു കണ്ടത്. 

'ഇഞ്ഞി എപ്പാ  വന്നത്...?'-അബുക്ക കെട്ടിപ്പിടിച്ചു. നേരെ ഹോട്ടലിന്റെ അകത്തേക്ക് കൂട്ടി. പള്ള നിറച്ചും പൊറോട്ടയും ഇറച്ചിയും തന്നു.

'അവുക്ക...അനക്ക് ആവൂല. ഞാന്‍ ഇവിടെ എവിടെയെങ്കിലും...'-ആദ്യ കാലങ്ങളില്‍ ഓരോ വരവിലും ഞാന്‍ ഇങ്ങനെ പറയാറുണ്ടായിരുന്നു. കോളജും ഹോസ്റ്റലുമൊക്കെ തുടര്‍ന്നു കൊണ്ടുപോവാന്‍ കഴിയുമോ എന്ന ആധിയായിരുന്നു ആ ചോദ്യങ്ങളായി പിറന്നത്. 

അതൊക്കെ അതിനെല്ലാം കൃത്യമായ മറുപടികള്‍ നല്‍കി. പല കാര്യങ്ങള്‍ പറഞ്ഞ്,  നിരന്തരം പ്രോത്സാഹിപ്പിച്ചും, പ്രചോദിപ്പിച്ചും എന്നെ കോളേജിലേക്കളഓരോ തവണയും തിരിച്ചയച്ചു. ഓരോ വെക്കേഷന് നാട്ടില്‍ വരുമ്പോഴും പുത്തനുടുപ്പുകള്‍ വാങ്ങി  തന്നു. അന്നത്തെ എന്റെ ആഘോഷങ്ങളിലെല്ലാം അബുക്കാന്റെ വിയര്‍പ്പുമുണ്ടായിരുന്നു.

ഡിഗ്രി കഴിഞ്ഞ് എന്ത് ചെയ്യണമെന്നറിയാതെ അന്തം വിട്ട് നടക്കുമ്പോഴാണ്, അബുക്ക വിളിക്കുന്നത്. . 'ഐഡിയല്‍ സ്‌കൂള്‍ ഓഫീസിലേക്ക് ഒരാളെ വേണം. ഇഞ്ഞി നാള അങ്ങോട്ട് വാ..'-അങ്ങനെ  നാട്ടിലെ പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഓഫീസ് ക്ലര്‍ക്കായി. ജീവിതത്തില്‍ ആദ്യമായി കിട്ടിയ കസേര. അവിടെ വെച്ചാണ്, എന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു വഴിയിലേക്ക് ഞാന്‍ തിരിയുന്നത്. അതുവരെ ആലോചിക്കാത്ത പുതിയ ഒരു വഴി. പിന്നീട് എന്റെ പ്രൊഫഷന്‍ ആയി മാറിയ ലൈബ്രറി സയന്‍സ്. അബുക്ക തന്നെയായിരുന്നു അതിലേക്ക് എന്നെ തിരിച്ചുവിട്ടത്. 

അവിടെ ജോലിചെയ്യുന്നതിനിടെ, ഇഗ്‌നോയുടെ ലൈബ്രറി സയന്‍സ് കോഴ്‌സിന് അപേക്ഷിക്കാന്‍ അബുക്ക പറയുകയായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്നും ലൈബ്രറി സയന്‍സ് ഡിഗ്രി കഴിഞ്ഞ്, മുസ്തഫ എന്നൊരു സുഹൃത്ത് സ്‌കൂളില്‍ ലൈബ്രേറിയനായി ജോയിന്‍ ചെയ്തിരുന്നു. അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍, ഇഗ്‌നോയേക്കാള്‍ നല്ലത് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ ഡിസ്റ്റന്‍സ് എജുക്കേഷന്‍ ചെയ്യുന്നതാണ് എന്നായിരുന്നു അഭിപ്രായം. യൂനിവേഴ്‌സിറ്റിയിലേക്ക് പോകുമ്പോള്‍ ഒരു അപേക്ഷാ ഫോം വാങ്ങാമെന്നും മുസ്തഫ പറഞ്ഞു.

'ആട ലൈബ്രറി സയന്‍സ് റെഗുലര്‍ കോഴ്‌സ് ഇല്ലേ. അയിന്റെ ഫോം വാങ്ങാന്‍ പറ ഓനോട്.'

ഇക്കാര്യം അറിഞ്ഞപ്പോള്‍ അബുക്ക പറഞ്ഞു. 

'റെഗുലര്‍ കോഴ്‌സ് ഒക്കെ താങ്ങാനാവുമോ അബുക്ക?' എന്റെ സംശയവും ആധിയും ഒന്നിച്ചു പുറത്തുവന്നു. 

മൂപ്പര് എന്നോട് മിണ്ടാണ്ട് നിക്കാന്‍ ആംഗ്യം കാണിച്ചു. 

അടുത്ത ആഴ്ച റെഗുലര്‍, ഡിസ്റ്റന്‍സ് അപേക്ഷാ ഫോമുമായി മുസ്തഫ വന്നു. അബുക്കാന്റെ നിര്‍ദേശ പ്രകാരം രണ്ടിലും അപേക്ഷിച്ചു. വിദൂര വിദ്യാഭ്യാസ പദ്ധതിയുടെ നോട്ടുകള്‍ വന്നു. വീട്ടിലിരുന്ന് പഠിക്കാന്‍ തന്നെ തീരുമാനിച്ചു.

.............................................................................................................................................................

തൊട്ടപ്പനെന്ന വാക്ക് ഇത്രയും അര്‍ത്ഥവത്തായി മറ്റാരെയാണ് വിളിക്കാനാവുക? 

അബുക്ക

 

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവിശ്വസനീയമായത് സംഭവിച്ചു. യൂനിവേഴ്‌സിറ്റി ലൈബ്രറി സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നും ഒരു കത്ത് വന്നു. റെഗുലര്‍ കോഴ്‌സിന് കിട്ടിയിരിക്കുന്നു!

പടച്ചോനെ, മെറിറ്റ് ലിസ്റ്റില്‍ ആറാമന്‍...!

വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കണ്ണ് നിറഞ്ഞു. സത്യമാണോ എന്ന് ഒന്നൂടി ഉറപ്പിക്കണം. കൊണ്ടോട്ടിയിലുള്ള ഒരു ചങ്ങായീനെ വിളിച്ചു. അവന്‍ ഡിപ്പാര്‍ട്‌മെന്റില്‍ പോയി നോട്ടീസ് ബോര്‍ഡ് നോക്കി വിളിച്ചു പറഞ്ഞു, സത്യമാണ്!

ആ മെമ്മോയുമായി നേരെ അബുക്കാന്റെ അടുത്തേക്കാണ് ഓടിയത്. അബുക്ക സന്തോഷത്തോടെ ആ മെമോ വായിച്ചു. പിന്നെ, എന്നെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി. പിന്നെ, ഇതൊക്കെ ഇങ്ങനെ മാത്രമേ സംഭവിക്കൂ എന്ന മട്ടില്‍ ഒന്ന് മന്ദഹസിച്ചു. അങ്ങനെ ഞാന്‍ യൂനിവേഴ്‌സിറ്റിയിലെത്തി. ഹോസ്റ്റലില്‍ അഡ്മിഷനായി. പഠന കാലങ്ങളില്‍ താങ്ങും തണലുമായി അബുക്ക ചുറ്റുമുണ്ടായിരുന്നു. എല്ലാ ബുദ്ധിമുട്ടുകള്‍ക്കിടയിലും പഠിക്കാനും മുന്നോട്ടു പോവാനും പ്രേരിപ്പിക്കുന്ന ഊര്‍ജകേന്ദ്രമായിരുന്നു അബുക്ക. 

നാല് പെങ്ങന്മാരില്‍ മൂന്നു പേരുടെയും കല്യാണം നടന്നത് എന്റെ പഠന കാലത്തായിരുന്നു.  അളിയന്മാരെ വീട്ടിലേക്ക് സ്വീകരിക്കലും പള്ള നിറച്ചും ബിരിയാണി തിന്നലും മാത്രമായിരുന്നു അതിലെല്ലാം എന്റെ റോള്‍. ബാക്കിയെല്ലാം അബുക്കാന്റെ മുന്‍ കൈയിലായിരുന്നു. എല്ലാത്തിലും അബുക്ക ഉണ്ടായിരുന്നു. മറ്റു മനുഷ്യരുടെ ജീവിതങ്ങളില്‍ എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രയും സന്തോഷവും സമാധാനവും നിറയ്ക്കാന്‍ കഴിയുന്നതെന്ന് ഞാന്‍ പഠിക്കുന്നത് അങ്ങനെയാണ്. 

അതിലെല്ലാം അബുക്കാന്റെ റോള്‍ എന്തായിരുന്നുവെന്ന് ഇളയ പെങ്ങളുടെയും എന്റെയും കല്യാണത്തിനാണ് എനിക്ക് പൂര്‍ണ്ണമായും മനസ്സിലാകുന്നത്. 
ഇളയ അനുജത്തിക്ക് നല്ല വിദ്യാഭ്യാസമുള്ളതിനാല്‍ പറ്റിയ ഒരു പിയ്യാപ്ലനെ കണ്ട് പിടിക്കാന്‍ ഞങ്ങള് ഏറെ വലഞ്ഞിരുന്നു. സ്ത്രീധനം കാരണം പലതും മുടങ്ങി. അവസാനം ഒരാളെ കണ്ടുപിടിക്കാന്‍  കഴിഞ്ഞു.  നല്ല ഒരു ചൊങ്കന്‍ ചങ്ങായി. തമിഴ്‌നാട് പോലീസില്‍ കോണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ പേരുണ്ടെന്നും,  താമസിയാതെ ജോലി കിട്ടുമെന്നുമൊക്കെ കേട്ടപ്പോള്‍ ഞാനും ആഹ്ലാദിച്ചു. ഞാനും അമ്മാവനും അളിയന്മാരും വീട്ടുകാരെ പോയി കണ്ട്, ആ വിവാഹം ഉറപ്പിക്കാന്‍ തീരുമാനിച്ചു.

വീണ്ടും അബുക്ക ഇടപെട്ടു. അദ്ദേഹം അവിടെ പോയി അവനെയും വീട്ടുകാരെയും കണ്ട് തിരികെയെത്തി 

'അത് മ്മക്ക് ശെരിയാവൂല്ലടാ...'

എന്താണ് കാരണമെന്ന് ഞാന്‍ ചോദിച്ചില്ല. പിന്നീടാണറിഞ്ഞത് അവരുടെ വീട്ടില്‍ നിന്നാല്‍, ഒരിക്കലും എന്റെ അനിയത്തിക്ക് ഒരു ജോലി സ്വപ്നം കാണാന്‍ പോലും പറ്റില്ലായിരുന്നു. അതു കണ്ടറിഞ്ഞാണ് അബുക്ക അതു വേണ്ടെന്ന് വെച്ചത്. നിരാശരാവേണ്ട എന്നും മറ്റൊരു വഴി തെളിയുമെന്നും അബുക്ക ഞങ്ങള്‍ക്ക് ധൈര്യം നല്‍കി. പിന്നെ മറ്റൊരു ആലോചന വന്നു. കല്യാണം ഉറപ്പിച്ചു. വിവാഹ ആലോചനയുടെ ആദ്യ ഘട്ടം മുതല്‍ എല്ലാത്തിനും മുന്നില്‍ അബുക്ക ഉണ്ടായിരുന്നു. ഇന്നും എല്ലാം ശ്രദ്ധിക്കുന്ന, ഞങ്ങളുടെയെല്ലാം നന്‍മ ആഗ്രഹിക്കുന്ന തണല്‍മരമായി അബുക്ക അങ്ങനെ തന്നെയുണ്ട്. 

ആ അബുക്കാനെ കുറിച്ചാണ്, തിരുവനന്തപുരം നിയമസഭയ്ക്കടുത്ത കോഫീ ഹൗസിന്റെ തിരക്കുള്ള മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിക്കവേ, യൂസുഫ്ക്ക ചോദിക്കുന്നത്. സത്യത്തില്‍ ആരാണ് അബുക്ക എനിക്കെന്ന്! എന്ത് പറയും. തൊട്ടപ്പനെന്ന വാക്ക് ഇത്രയും അര്‍ത്ഥവത്തായി മറ്റാരെയാണ് വിളിക്കാനാവുക? 

യൂസുഫ്ക്ക മാത്രമല്ല, പലരും ചോദിക്കാറുണ്ട്, 'ഇന്റെ ആരാ അബുക്ക' എന്ന്. 

ഞാന്‍ എന്ത് പറയണം ഇവരോടൊക്കെ? 

എനിക്കൊന്നും തിരികെ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല ഇതുവരെ, നെഞ്ച് പൊട്ടുന്ന പ്രാര്‍ത്ഥനയല്ലാതെ...

ഫ്രാന്‍സിസ് നൊറോണ: ഓരോ മനുഷ്യനും ഒരു തൊട്ടപ്പനായി കാത്തിരിക്കുന്നു

അക്ബര്‍: തൊട്ടപ്പന്‍ എന്ന നിലയില്‍ നേര്യമംഗലം കാടും മലയും നദിയും

ജിഷ കെ:  പ്രപഞ്ചം എനിക്ക് വേണ്ടി കരുതിവെച്ച ഒരുവള്‍

വൈഗ ക്രിസ്റ്റി: തുരുമ്പിച്ച എന്റെ കണ്ണുകള്‍ക്കു പകരം  ഒരു ജോടി കണ്ണ് അവളെനിക്കു വച്ചു തന്നു  

രസ്‌ലിയ എം എസ്: മുറിവില്‍ തേന്‍ പുരട്ടുന്നൊരാള്‍ 

സജിത്ത് മുഹമ്മദ്: സ്നേഹം പകര്‍ച്ചവ്യാധിയാക്കിയ ഒരുവള്‍

അജീഷ് ചന്ദ്രന്‍: കാലമൊരുക്കി വച്ച തൊട്ടപ്പന്‍ മാജിക്ക്

ഫര്‍സാന അലി: അതിലും വലിയ സമ്മാനമൊന്നും  പിന്നീടെനിക്ക് ലഭിച്ചിട്ടില്ല

കവിത ജയരാജന്‍: ഇന്നും ഈ തൊട്ടപ്പന്റെ സാന്നിധ്യം എന്റെ ജീവിതത്തിലുണ്ട്...

ജഹാംഗീര്‍ ആമിന റസാഖ്: ഉമ്മാ, അനാഥത്വത്തിന്‍റെ കനത്ത വേനലിൽ ഞാൻ നിറഞ്ഞ് വിയർക്കുന്നു...

 ശ്രീജിത്ത് എസ് മേനോന്‍: എംടി യാണെന്റെ തൊട്ടപ്പന്‍!

റഫീസ് മാറഞ്ചേരി: പ്രവാസിയുടെ തൊട്ടപ്പന്‍!

ജുനൈദ് ടി പി തെന്നല: ഒരു ഒന്നൊന്നര മാമന്‍!

സുമാ രാജീവ്: പുരുഷോത്തം തോഷ്‌നിവാള്‍ എന്ന മാര്‍വാഡി