സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അമേരിക്കൻ സന്ദർശനം ഇരുരാജ്യങ്ങളുമായുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. ജമാൽ ഖഷോഗി വധത്തിൻറെ കറ മായ്ച്ചുകൊണ്ട് ട്രംപ് എംബിഎസിന് ഗംഭീര സ്വീകരണം നൽകുകയും എഐ, ആണവോർജം തുടങ്ങിയ മേഖലകളിൽ ധാരണയിലെത്തുകയും ചെയ്തു.
മൂന്നുവർഷം മുമ്പ് സൗദിയുമായുള്ള ബന്ധം എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്ന ആലോചനയിലായിരുന്നു അമേരിക്ക. ജമാൽ ഖഷോഗിയുടെ കൊലപാതകമായിരുന്നു കാരണം. എംബിഎസ് (MBS) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സൗദി കിരീടാവകാശിയുടെ സന്ദർശനത്തോടെ എല്ലാം മാറിമറിഞ്ഞിരിക്കുന്നു. സൗദി കിരീടാവകാശി മൂഹമ്മദ് ബിൻ സൽമാന് അമേരിക്കയിൽ കിട്ടിയത് ഗംഭീര സ്വീകരണം. ചിപ്പുകളുടെ വിൽപന ഉൾപ്പെടുന്ന എഐ സഹകരണ ധാരണ, ആണവോർജ പദ്ധതി, ധാതുധാരണ എല്ലാമായി. ഇതിനായി സൗദിക്ക് ഒന്നും തിരിച്ചുനൽകേണ്ടി വന്നില്ല. പക്ഷേ, ചിലത് കിട്ടിയില്ലെന്ന് മാത്രം. ആഭ്യന്തരതലത്തിൽ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അനുമതിയും പ്രതിരോധ ഉടമ്പടിയുമാണവ. ബിസിനസ് താൽപര്യങ്ങളാണ് അമേരിക്കൻ പ്രസിഡന്‍റിന് വലുതെന്ന് വ്യക്തമായ കൂടിക്കാഴ്ച. കുടുംബത്തിന്‍റെ ബിസിനസ് ബന്ധങ്ങൾ ഡോണൾഡ് ട്രംപിനോടും ഖഷോഗിയുടെ കൊലപാതകം എംബിഎസിനോടും ചോദിച്ച മാധ്യമപ്രവർത്തകയുടെ വായടപ്പിച്ചു പ്രസിഡന്‍റ് ട്രംപ്. 'Quiet Piggy' വിവാദം വേറെ.
ജമാൽ ഖഷോഗി
ജമാൽ ഖഷോഗി. മാധ്യമപ്രവർത്തകൻ, ഒരുകാലത്ത് സൗദി ഭരണകൂടത്തിന്‍റെ വിശ്വസ്തരിൽ ഒരാൾ. പിന്നീട് ഏറ്റവും വലിയ വിമർശകനായി. നാടുവിടേണ്ടി വന്നു. ചില രേഖകൾക്കായി തുർക്കിയിലെ സൗദി എംബസിയിൽ കയറിപ്പോയ ഖഷോഗി പിന്നെ തിരിച്ചുവന്നില്ല. കൊലപ്പെട്ടുവെന്ന് സൗദി സർക്കാർ തന്നെ സ്ഥിരീകരിച്ചു. ആദ്യം അമേരിക്കൻ പ്രസിഡന്‍റ് ഒച്ചപ്പാടുണ്ടാക്കി. ഖഷോഗിയെ അറുത്തുമുറിക്കുന്നതിന്‍റെ ശബ്ദമടക്കം റെക്കോർഡ് ചെയ്ത തുർക്കി, ട്രംപിനെ അത് കേൾപ്പിച്ചുവെന്നാണ് റിപ്പോർട്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ ഉത്തരവനുസരിച്ച് നടപ്പാക്കിയ വധം, അങ്ങനെയാണ് ലോകം മനസിലാക്കിയത്. പക്ഷേ, പ്രസിഡന്‍റ് ട്രംപ് അന്ന് അതിൽ കൂടുതൽ പ്രതികരിക്കാൻ തയ്യാറായില്ല. പിന്നത്തെ പ്രസിഡന്‍റ് ജോ ബൈഡന്‍റ് പ്രചാരണ വിഷയമായിരുന്നു ഖഷോഗിയുടെ മരണം. പക്ഷേ, ഭരണമേറ്റപ്പോൾ വാക്ക് മറന്നു. എംബിഎസിന് നയതന്ത്രപരിരക്ഷ ഉണ്ടെന്ന് അറിയിച്ചു. എംബിഎസിനെ മുഷ്ടി മുട്ടിച്ചാണ് എതിരേറ്റത്. ഇപ്പോൾ ട്രംപിന്‍റെ വൈറ്റ് ഹൗസിൽ കിട്ടിയ സ്വീകരണം അതെല്ലാം മായ്ച്ച് കളഞ്ഞിരിക്കുന്നു.

കുതിരകളുടെ കുളമ്പടി മണ്ണിലും യുദ്ധവിമാനങ്ങളുടെ ചീറൽ ആകാശത്തുമായി വൻസ്വീകരണം. പിന്നെ ചർച്ചകൾ, വിരുന്ന്, മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് ചോദ്യമുണ്ടായത്. താങ്കൾ പ്രസിഡന്‍റായിരിക്കുമ്പോൾ കുടുംബത്തിന് സൗദിയിൽ ബിസിനസ് താൽപര്യങ്ങളുള്ളത് ശരിയോയെന്ന് ട്രംപിനോടും ഖഷോഗിയുടെ കൊലപാതകത്തിൽ അങ്ങയുടെ പേരാണ് അമേരിക്കൻ ഇന്‍റലിജൻസ് റിപ്പോർട്ടിലുള്ളത്, സെപ്തംബർ 11 ഇരകളുടെ കുടുംബങ്ങൾക്ക് താങ്കളുടെ ഓവൽ സന്ദർശനത്തിൽ അരിശമാണെന്ന് എംബിഎസിനോടും എബിസി മാധ്യമപ്രവർത്തക ചോദിച്ചു. എന്തുത്തരം പറയണമെന്നറിയാതെ ചെറുതായൊന്നു അമ്പരന്നു എംബിഎസ്. ഉടനെ ട്രംപ് ഇടപെട്ടു. എവിടെ നിന്നാണെന്ന് ചോദിച്ചു. എബിസി എന്ന ഉത്തരം കേട്ടതോടെ, ഏറ്റവും മോശം സ്ഥാപനം എന്നായി. അതിഥിയെ അപമാനിക്കാൻ പാടില്ലെന്ന് ശാസിച്ചു. നിങ്ങൾ പറയുന്ന മാധ്യമ പ്രവർത്തകനെ ആർക്കും ഇഷ്ടമായിരുന്നില്ല. ഇഷ്ടമാണെങ്കിലും ഇല്ലെങ്കിലും ചിലതൊക്കെ സംഭവിച്ചു. എംബിഎസിന് അതിൽ പങ്കില്ലെന്നും പറഞ്ഞു പ്രസിഡന്‍റ്.
സിഐഎ റിപ്പോർട്ട്
എംബിഎസ് എന്തായാലും ചോദ്യത്തിന് ഉത്തരം പറഞ്ഞു. വേദനിപ്പിക്കുന്ന സംഭവം. അബദ്ധമായിരുന്നു. ഇനി അങ്ങനയൊന്നുണ്ടാകാതിരിക്കാൻ വേണ്ട നടപടിയെടുത്തു. രാജ്യം അതിലന്വേഷണവും നടത്തിയെന്നും സൗദി കിരീടാവകാശി അറിയിച്ചു. അവിടെ കാര്യങ്ങളവസാനിച്ചു. എംബിഎസിന്‍റെ അനുവാദത്തോടെയാണ് കൊലപാതകം നടന്നതെന്ന് 2021 -ലെ സിഐഎ റിപ്പോർട്ട് പറഞ്ഞിരുന്നു. അന്നത് പ്രസിദ്ധീകരിച്ചതുമാണ് മാധ്യമങ്ങൾ. പക്ഷേ, എംബിഎസ് അന്നും അത് തള്ളിക്കളഞ്ഞു. ഖഷോഗിയെ കൂട്ടിക്കൊണ്ടുവരാനാണ് സംഘം പോയത്. അവർക്ക് അബദ്ധം പറ്റി എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. അന്വേഷണം നടത്തി, ചിലർ അറസ്റ്റിലുമായി. വെറും പുകമറയെന്ന് ഖഷോഗിയുടെ സുഹൃത്തുക്കൾ വിശേഷിപ്പിക്കുന്ന നടപടികൾ. എംബിഎസിന്‍റെ വിശ്വസ്തനായ ഉപദേശകൻ നേരിട്ട് പങ്കെടുത്ത കൊലപാതകം. എംബിഎസിന്‍റെ സുരക്ഷാ ഗാർഡുകളടക്കം നടപ്പാക്കിയ കൊല. ഇതൊക്കെയാണന്ന് സിഐെ റിപ്പോർട്ടിലുണ്ടായിരുന്നത്.
ഇതൊക്കെ മായ്ച്ചുകളഞ്ഞിരിക്കുന്നു ഇപ്പോൾ അമേരിക്കൻ പ്രസിഡന്‍റ്. എംബിഎസിനെ, ട്രംപ് കണക്കറ്റ് പുകഴ്ത്തി. നേതൃപാടവം, അസാമാന്യ മനുഷ്യാവകാശ സംരക്ഷണം അങ്ങനെ പലതും. എല്ലാറ്റിനും ഒടുവിൽ ശരിയായ ആവശ്യവും മുന്നോട്ടുവച്ചു. 600 ബില്യനിൽ തുടങ്ങിയ നിക്ഷേപാവശ്യം, അത് എംബിഎസിന്‍റെ വാക്കുകളോടെ 1 ട്രില്യനിലെത്തി. F35 യുദ്ധവിമാനങ്ങൾ സൗദിക്ക് വിൽക്കാൻ പോകുന്നു എന്നറിയിച്ചു ട്രംപ്. അതിൽ ഇസ്രയേലിന് എതിർപ്പുണ്ട്. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസികൾക്കും. രണ്ടും മറികടന്നാണ് പ്രസിഡന്‍റിന്‍റെ വാക്ക്. പശ്ചിമേഷ്യയിൽ ഇസ്രയേലിന് മാത്രമാണ് F35 ഇപ്പോഴുള്ളത്. ഇസ്രയേലിന്‍റെ താൽപര്യക്കുറവ് കൂടി അറിയിച്ചിട്ടാണ് ട്രംപ്, സൗദിക്ക് വാക്കുനൽകിയതെന്നത് മറ്റൊരു ട്രംപിയൻ പ്രവർത്തി.

(ജമാൽ ഖഷോഗി)
ആവശ്യം ട്രംപിന്‍റെത്
ഇതുമാത്രമല്ല അമേരിക്ക സൗദിക്ക് നൽകിയിരിക്കുന്ന വാക്ക്. സൈനികേതര ആണവോർജ പദ്ധതിക്ക് വേണ്ട സാങ്കേതിക സഹായം നൽകാമെന്നതും നേരത്തെയുള്ള വാക്കാണ്. അതിലും രഹസ്യാന്വേഷണ ഏജൻസികൾക്ക് എതിർപ്പുണ്ട്. സൈനിക വിദഗ്ധർക്കും അത്ര തൃപ്തിയില്ല. പക്ഷേ, സാക്ഷാൽ ട്രംപിന് അതൊന്നുമൊരു വിഷയമല്ല. തന്‍റെ കുടുംബത്തിന്‍റെ സൗദി ബിസിനസ് താൽപര്യങ്ങളിലും പ്രസിഡന്‍റ് മറുപടി പറഞ്ഞു. സൗദിയിൽ അധികം ബിസിനസില്ല, കുറച്ചേയുള്ളു. താൻ അല്ലെങ്കിലും ബിസിനസ് ഒക്കെ വിട്ടു എന്നൊക്കെയായിരുന്നു പ്രസിഡന്‍റിന്‍റെ മറുപടി. അതേസമയം രണ്ടാം വട്ടം അധികാരത്തിലേറിയപ്പോൾ ട്രംപ് തന്‍റെ ബിസിനസും ആസ്തിയും മക്കൾ നിയന്ത്രിക്കുന്ന ട്രസ്റ്റിന്‍റെ കീഴിലാക്കുകയാണ് ചെയ്തത്. ഒന്നും വിട്ടിട്ടില്ല.
രണ്ടാം ഭരണകാലത്ത് തന്നെ സൗദിയുമായി കോടികളുടെ നിക്ഷേപ ധാരണകളിലെത്തുകയും ചെയ്തു. കുടുംബത്തിന്‍റെ വ്യവസായ സാമ്രാജ്യം. ട്രംപ് ഓർഗനൈസേഷനും അതിന്‍റെ സൗദി ആസ്ഥാനമായ ബിസിനസ് പങ്കാളിയും ക്രിപ്റ്റോ കറൻസി നിക്ഷേപകരെ ആകർഷിക്കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചത് ഇതേ ആഴ്ചയാണ്. ട്രംപിന്‍റെ മരുമകൻ ജാരെഡ് കുഷ്നെറുടെ ഇക്വിറ്റി സ്ഥാപനത്തിന് എംബിഎസിന്‍റെ ഫണ്ടിംഗ് സ്ഥാപനവുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്.
ട്രംപ് മറ്റൊരു വാക്കു കൂടി എംബിഎസിനെ കൊണ്ട് പറയിക്കാൻ ശ്രമിച്ചു. ഇസ്രയേലുമായുള്ള സഹകരണം. അബ്രഹാം അക്കോർഡ്സിൽ ഒപ്പിടുക. അത് പക്ഷേ, സൗദി തയ്യാറായില്ല. പലസ്തീൻ - ഇസ്രയേൽ എന്ന രണ്ട് രാജ്യ പരിഹാരം ഉണ്ടായിട്ടേ, അബ്രഹാം അക്കോർഡ്സ് ഉള്ളൂവെന്ന് വ്യക്തമാക്കുകയും ചെയ്തു. നിരീക്ഷകർ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാണിക്കുന്നു. ഗാസ പുനർനിർമ്മാണത്തിനും സൗദിയുടെ സഹായം ആവശ്യമുണ്ട് അമേരിക്കൻ പ്രസിഡന്‍റിന്.
Quiet Piggy വിവാദം
ഇതിനുപിന്നാലെയാണ് Quiet Piggy വിവാദം പുറത്തായത്. സംഭവിച്ചത് നേരത്തെയാണ്. ബ്ലൂംബർഗ് റിപ്പോർട്ടറിനോടാണ് അമേരിക്കൻ പ്രസിഡന്‍റ് Quiet Piggy എന്ന് പറഞ്ഞത്. ചോദ്യം എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാത്തതെന്ത് എന്നായിരുന്നു. എയർ ഫോഴ്സ് വണ്ണിലെ വാർത്താ സമ്മേളനത്തിനിടെ. ചോദ്യം ചോദിച്ച കാതറിൻ ലൂസി എന്ന റിപ്പോർട്ടറിനോട് Quiet Piggy എന്ന് അമേരിക്കൻ പ്രസിഡന്‍റ് വിരൽചൂണ്ടി പറഞ്ഞു. എംബിഎസ് സന്ദർശനത്തിലെ സംഭവത്തോടെ ഇതും സോഷ്യൽ മീഡിയയിൽ വ്യാപകമായി. എംബിഎസിനോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയും എപ്സ്റ്റീൻ വിഷയം ഉന്നയിച്ചിരുന്നു. മോശം റിപ്പോർട്ടറാണ് നിങ്ങൾ, നിങ്ങളുടെ കമ്പനിക്കും വിവാദത്തിൽ പങ്കുണ്ട്, ലൈസൻസ് റദ്ദാക്കും, ഇതൊക്കെ പറഞ്ഞശേഷം ഇനി നിങ്ങൾ ചോദ്യം ചോദിക്കണ്ട എന്നായി. അതിഥിയെ അപമാനിക്കരുതെന്ന് പറഞ്ഞ പ്രസിഡന്‍റ് യുക്രൈയ്ൻ പ്രസിഡന്‍റ് സെലൻസ്കിയെ, ഓവൽ ഓഫീസിൽ വിളിച്ചിരുത്തി അപമാനിച്ചിറക്കി വിട്ടത് മറന്നു പോയത് പോലെയാണ് തോന്നിയത്. ഇവിടെ ആവശ്യം ട്രംപിനാണ്, ആരോപണങ്ങൾ സത്യമെങ്കിൽ ട്രംപിന്‍റെ കുടുംബത്തിനും. കോടികളുടെ കളിയാണ്, വിട്ടുകളിക്കാൻ പറ്റില്ല. പക്ഷേ, യുക്രൈയ്ൻ പ്രസിഡന്‍റ് ഇങ്ങോട്ടാണ് സഹായം ചോദിച്ചത്. അപ്പോൾ അങ്ങോട്ടെന്തുമാവാം എന്നാവണം നയം. എംബിഎസിന് നൽകിയ വിരുന്നിൽ എലൺ മസ്കും പങ്കെടുത്തു എന്നത് വാൽക്കഷ്ണം.

എംബിഎസിനെ ചേർത്ത് പിടിച്ച്
എംബിഎസിനെ, ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസ് ചുറ്റിനടന്ന് കാണിച്ചു. അതിനിടെ ജോ ബൈഡന്‍റെ ഫോട്ടോയുടെ സ്ഥാനത്തുള്ള ഓട്ടോപെന്നിന്‍റെ ഫോട്ടോയും ചൂണ്ടിക്കാണിച്ചു. ബൈഡനെ അപമാനിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല ഡോണൾഡ് ട്രംപ്. രാജ്യത്തിന് വേണ്ടി താനെന്തും ചെയ്യും, രാജ്യസ്നേഹികൾ അങ്ങനെയാണ്. മുഷ്ടി കൊണ്ടല്ല താൻ എംബിഎസിനെ എതിരേറ്റത്, കൈപിടിച്ചാണ്. കൈയുടെ ചരിത്രം തനിക്ക് വിഷയമല്ലെന്നും കൂട്ടിച്ചേർത്തു. ആദരവാണ് ഉദ്ദേശിച്ചത്. ഫലം എന്തായാലും.
മൂന്നുവർഷം മുമ്പ് സൗദിയുമായുള്ള ബന്ധം എങ്ങനെ മുന്നോട്ട് പോകണമെന്ന ആലോചനയിലായിരുന്നു അമേരിക്ക. ഒരു പ്രസിഡന്‍റ് അസന്തുഷ്ടൻ, കിരീടാവകാശിയെ അകറ്റി നിർത്തുമെന്ന് പ്രസിഡന്‍റ് സ്ഥാനാർത്ഥി. ആയുധ കച്ചവടം നിർത്തണമെന്ന് കോൺഗ്രസ്. അതായിരുന്നു സ്ഥിതി. എല്ലാം മാറിമറിഞ്ഞിരിക്കുന്നു എംബിഎസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കിരീടാവകാശിയുടെ സന്ദർശനത്തോടെ. ചിപ്പുകളുടെ വിൽപന ഉൾപ്പെടുന്ന എഐ സഹകരണ ധാരണ, ആണവോർജ പദ്ധതി, ധാതുധാരണ എല്ലാമായി. ഇതിനായി സൗദിക്ക് ഒന്നും തിരിച്ച് നൽകേണ്ടി വന്നില്ല. പക്ഷേ ചിലത് കിട്ടിയില്ലെന്ന് മാത്രം.
ആഭ്യന്തരതലത്തിൽ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അനുമതിയും പ്രതിരോധ ഉടമ്പടിയുമാണവ. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ അമേരിക്കയ്ക്ക് ശക്തമായ പ്രതിരോധ സഹകരണമുള്ളത് ഖത്തറുമായാണ്. അതുപോലെയൊരു ധാരണയെങ്കിലുമാണ് സൗദിയുടെ ലക്ഷ്യം എന്നാണ് റിപ്പോർട്ടുകൾ. പക്ഷേ, അത് അമേരിക്ക സമ്മതിച്ചിട്ടില്ല. നോൺ നേറ്റോ സഖ്യകക്ഷിയായി പ്രഖ്യാപിച്ചെങ്കിലും പ്രതിരോധ ഉടമ്പടി ഇല്ല. അതുണ്ടായില്ലെങ്കിൽ മറ്റ് സാധ്യതകൾ തേടുമെന്ന് എംബിഎസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബീജിംഗുമായി ബന്ധം മെച്ചപ്പെടുത്തുകയും ചെയ്തു. ഇറാനുമുണ്ട് ഈ സഖ്യത്തിൽ. അതുകൊണ്ടാവണം സൗദിക്ക് ഇത്രയും ഉറപ്പുകൾ നൽകാൻ അമേരിക്ക തയ്യാറായത് എന്നൊരു നിരീക്ഷണവുമുണ്ട്.



