ഒരുതവണ വേനലവധി കഴിഞ്ഞ് തിരിച്ചു വരും വഴി ഉരുള്‍പൊട്ടല്‍ കാരണം റോഡ് തടസ്സപ്പെട്ടു. ഉരുള്‍പൊട്ടല്‍  എന്താണ് എന്നത് അന്നാണ് ഞാന്‍ അറിഞ്ഞത്. ബസ്സിന് മുന്നോട്ട് പോവാന്‍ ആയില്ല.

ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

വേനലവധിക്കാലത്തായിരുന്നു അമ്മ വീട്ടിലേക്കുള്ള യാത്രകള്‍. ഇടുക്കി ജില്ലയിലെ കല്ലാറ്റിലാണ് അമ്മ വീട്. ചങ്ങനാശ്ശേരിയില്‍ നിന്നും പുറപ്പെടുന്ന രാമക്കല്‍മേട് ബസ്സിലെ അവസാനത്തെ സ്റ്റോപ്പ്. കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തില്‍ പണ്ടാരത്തുരുത്ത് എന്ന ഗ്രാമത്തില്‍ നിന്നും കല്ലാറ്റിലേയ്ക്കുള്ള യാത്രകള്‍. 

വേനലവധിക്കാലം എനിക്കു മുന്നിലേക്ക് തുറന്നുവയ്ക്കുന്നത് മഞ്ഞും മലയും തണുപ്പുമായിരുന്നു. പിന്നെ പുതിയ അനുഭവങ്ങളും സന്തോഷങ്ങളും. ചുറ്റിലും നിറയുന്ന കോടമഞ്ഞിനൊപ്പം ഓടിക്കളിക്കുന്ന ആ പാവാടക്കാരിയുടെ ഓര്‍മ്മ ഇപ്പോഴും മനസ്സിലേക്ക് വല്ലാത്തൊരു ഊര്‍ജ്ജം നിറയ്ക്കുന്നു. 

കല്ലാറ്റുകാരിയുടെ മകള്‍ 

അമ്മയുടെ അമ്മയേയും അച്ഛനേയും ഞങ്ങള്‍ വിളിച്ചിരുന്നത് കല്ലാറ്റിലമ്മ എന്നും കല്ലാറ്റിലച്ഛന്‍ എന്നുമായിരുന്നു. എന്റെ ചിന്തകളും കാഴ്ചപ്പാടുകളും രൂപപ്പെടുന്നതില്‍ അവധിക്കാലങ്ങള്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.ഇപ്പോഴത്തെക്കാലത്ത് മണിക്കൂറുകളുടെ യാത്ര മതിയാവും അവിടെ എത്തിച്ചേരാന്‍. പക്ഷേ എന്റെ കുട്ടിക്കാലത്ത് അവിടെ എത്തിച്ചേരാന്‍ ഒരു ദിവസത്തെ മുഴുവന്‍ യാത്രയാണ്. പുലര്‍ച്ചെ അഞ്ചുമണിക്ക് തുടങ്ങുന്ന യാത്ര അവസാനിക്കുമ്പോള്‍ രാത്രി പത്ത് - പതിനൊന്നു മണി ആയിട്ടുണ്ടാവും. എന്റെ ഐഡന്റിറ്റി കൂടിയായിരുന്നു കല്ലാറ്റുകാരിയുടെ മകള്‍ എന്ന ലേബല്‍. 

ഏഴാം ക്ലാസ്സിലെ വേനലവധിയ്ക്ക് ശേഷം പിന്നീട് അവധിക്കാല യാത്രകള്‍ ഉണ്ടായിട്ടില്ല. പിന്നീടുള്ളതെല്ലാം സാഹചര്യവശാലുള്ള യാത്രകളായിരുന്നു. എങ്കിലും എനിക്ക് എല്ലാ യാത്രകളും അത്രമേല്‍ ആവേശകരമായിരുന്നു.

കോടമഞ്ഞിനോട് മിണ്ടുന്ന പാവാടക്കാരി 

വേനലവധിക്കാലം എന്നു പറയുമ്പോള്‍ മനസ്സിലേക്ക് ഓടി വരുന്നത് പണ്ടാരത്തുരുത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളും പിന്നെ പൊന്മന കുന്നുംതറ സ്‌കൂളും ആണ്. എന്റെ അവധിക്കാല ഓര്‍മ്മകളില്‍ ഈ സ്‌കൂളുകളിലെ വേനലവധിക്കാലം വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. എന്നില്‍ രൂപപ്പെട്ട ചിന്തകളും ഇഷ്ടങ്ങളും ആശയങ്ങളും എല്ലാം അക്കാലത്ത് രൂപപ്പെട്ടതാണ്. അതെല്ലാം തന്നെ ഇപ്പോഴും എന്റെ ചിന്തകളിലും ഇഷ്ടങ്ങളിലും നിറഞ്ഞുനില്‍ക്കുന്നുമുണ്ട്. ചെടികളോടും പൂക്കളോടും മരങ്ങളോടും കാറ്റിനോടും കോടമഞ്ഞിനോട് പോലും സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന എന്നെ എനിക്കിപ്പോഴും നഷ്ടമായിട്ടില്ല.

അച്ഛനും അമ്മയ്ക്കും അനുജനും ഒപ്പമാണ് കല്ലാറ്റിലെ വീട്ടിലേക്കുള്ള യാത്രകള്‍. മൂക്കുമ്പുഴ ക്ഷേത്രപരിസരത്തിനടുത്ത് തന്നെയായിരുന്നു അക്കാലത്ത് എന്റെ വീട്. അമ്മവീട്ടിലേക്ക് പോകുന്നതിന് തലേന്ന്, യാത്രപോകുന്ന കാര്യം ക്ഷേത്രത്തില്‍ പോയി പറയുക എന്നത് ഞാന്‍ മുടങ്ങാതെ ചെയ്തിരുന്ന ഒരു കാര്യമായിരുന്നു. യാത്ര പറച്ചില്‍ കാവിനോട് ചേര്‍ന്ന് ഉണ്ടായിരുന്ന ഇലഞ്ഞി മരത്തോടായിരുന്നു. ക്ഷേത്രപരിസരത്തേയ്ക്ക് വീണു കിടക്കുന്ന ഇലഞ്ഞിപ്പൂക്കള്‍ എനിക്കത്രമേല്‍ പ്രിയമുള്ളതായിരുന്നു. എന്നാലും എന്തുകൊണ്ടാണ് ഇലഞ്ഞി മരത്തിനോട് യാത്ര പറഞ്ഞിരുന്നതെന്ന് എനിക്കിന്നുമറിയില്ല

തണുത്ത വെളുപ്പാന്‍കാലത്ത് തുടങ്ങും യാത്ര. പണിക്കരുകടവില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്കുള്ള ബസ്സിലാണ് തുടക്കം. അതൊരു സാധാരണ യാത്രാനുഭവം മാത്രമാണ്. എന്നാല്‍, ചങ്ങനാശ്ശേരിയില്‍ നിന്നും രാമക്കല്‍മേട്ടിലേക്കുള്ള യാത്രയോളം പ്രിയമുള്ള മറ്റൊരു യാത്രയും ഇതുവരെ തോന്നിയിട്ടില്ല. മലമ്പാതയിലൂടെയുള്ള യാത്ര വളരെയേറെ ഇഷ്ടമാണെങ്കിലും കുട്ടിക്കാലത്ത് എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുമുണ്ട്. ഒരു മലയില്‍ നിന്ന് അടുത്ത മലയിലേക്ക് ചുറ്റി വളഞ്ഞ് നീളുന്ന യാത്രകളില്‍ തലചുറ്റി ഛര്‍ദ്ദിക്കുക പതിവായിരുന്നു. മിനിമം രണ്ടു പ്രാവശ്യം എങ്കിലും ആ ബുദ്ധിമുട്ട് എനിക്കുണ്ടാകുമായിരുന്നു. ചിലപ്പോഴൊക്കെ തളര്‍ന്ന് അമ്മയുടെ തോളിലേക്ക് ചാരികിടക്കും. എങ്കിലും പുറത്തെ കാഴ്ചകള്‍ നഷ്ടപ്പെടുത്താന്‍ ആവാത്തതിനാല്‍, വീണ്ടും പുറത്തേക്ക് കണ്ണും നട്ടിരിക്കും. ബസ്സിന്റെ ഉയരത്തില്‍ നിന്ന് ലഭിക്കുന്ന കാഴ്ചകളുടെ സുഖം ഒരിക്കലും കാറില്‍ യാത്ര ചെയ്താല്‍ ലഭിക്കില്ലെന്ന് പിന്നീട് മനസ്സിലാക്കിയിട്ടുണ്ട്.

പ്രകൃതി എന്ന കൂട്ട് 

കാറ്റിനോടും മഞ്ഞിനോടും കുളിരിനോടുമൊക്കെ ചങ്ങാത്തം കൂടുന്നത് ആ യാത്രകളിലൂടെയാണ്. അവരൊക്കെ എന്നോട് സംസാരിക്കുന്നതായി സങ്കല്‍പ്പിക്കാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഇപ്പോഴും അതിന് വലിയ മാറ്റമൊന്നുമില്ല. 

ചിലപ്പോഴെങ്കിലും, ചിലരുടെയെങ്കിലും അടക്കം പറച്ചിലുകള്‍ ഞാന്‍ കേട്ടിട്ടുമുണ്ട്.

'ഈ രാജിയെന്താ ഇങ്ങനെ. ഇവള്‍ ഇതാരോടാ വര്‍ത്താമാനം പറയുന്നേ?'

എന്തോ എനിക്കത് കേള്‍ക്കുമ്പോള്‍ വല്ലാത്ത സന്തോഷമാണ്. 

ഒരു തവണ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചാല്‍ പിന്നെ വിട്ട് കളയാന്‍ സാധിക്കാറില്ല. അങ്ങനെ ശ്രമിച്ചാലും ഞാന്‍ അവിടെ പരാജയപ്പെട്ട് പോയിട്ടേയുള്ളു . അത് പ്രകൃതിയോടാണെങ്കിലും മനുഷ്യരോടാണെങ്കിലും. അത്രമേല്‍ എന്നിലേക്ക് അവര്‍ ചേര്‍ന്ന് കഴിഞ്ഞിട്ടുണ്ടാവും .

വെള്ളച്ചാട്ടങ്ങളും കുന്നും മലയും പിന്നെ തേയിലത്തോട്ടങ്ങളും ഏലത്തോട്ടങ്ങളും അങ്ങനെ നീണ്ട് പോകുന്ന കാഴ്ചകള്‍. മലമുകളില്‍ നിന്നും ഒലിച്ചിറങ്ങി ചിതറിത്തെറിക്കുന്ന നീര്‍ച്ചാലുകള്‍. ഇവ എല്ലാം കടന്ന് ബസ്സിന്റെ അവസാന സ്റ്റോപ്പിലേക്ക് എത്തുമ്പോഴേക്കും രാത്രി പത്തുമണി കഴിഞ്ഞിട്ടുണ്ടാകും. അവിടെ എതിരേല്‍ക്കുന്നത് നിറഞ്ഞു നില്‍ക്കുന്ന റോസാപ്പൂക്കളുടെയും പിച്ചിപ്പൂക്കളുടേയും സുഗന്ധമാണ്. അമ്മയുടെ സഹോദരങ്ങളില്‍ രണ്ട് പേരുടെ വീട് അടുത്തു തന്നെയാണ്. അവരുടെ മക്കളും കൂടി ചേരുമ്പോള്‍ ഞങ്ങളുടെ അവധിക്കാലം സമ്പന്നമാവും. 

മലമടക്കുകള്‍ക്ക് ഇടയിലൂടെ സൂര്യന്‍

ഒരു ദിവസം തുടങ്ങുന്നത് തന്നെ നെയ്യ് ചേര്‍ത്ത ചക്കരക്കാപ്പിയോടെയായിരുന്നു. സത്യത്തില്‍ മുതിര്‍ന്നവര്‍ മാത്രമായിരുന്നു രാവിലെ ചക്കരക്കാപ്പി കുടിക്കാറുണ്ടായിരുന്നത്. എങ്കിലും ഞാന്‍ നിര്‍ബന്ധം പിടിച്ച് വാങ്ങും. നേരം പുലരും മുന്‍പ് തന്നെ ചക്കരക്കാപ്പിയുമായി വീടിന്റെ മുന്‍വശത്തെ നീണ്ട വരാന്തയില്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും. അവിടെയിരുന്ന് മുന്നിലെ റോഡിലൂടെ പോകുന്നവരെ നിരീക്ഷിക്കുന്നത് എന്റെ ഇഷ്ടങ്ങളില്‍ ഒന്നാണ്. രാവിലെ കൂനിക്കൂടി തണുപ്പത്ത് ആള്‍ക്കാര്‍ നടന്നു പോകുന്നത് നോക്കിയിരിക്കും. കഴുതക്കൂട്ടങ്ങളെയും തെളിച്ച് പല സംഘങ്ങളായി പോകുന്നവരും ഉണ്ടാകാറുണ്ട. കഴുതക്കൂട്ടങ്ങളുടെ ഈ സഞ്ചാരം രാവിലത്തെ മാത്രം കാഴ്ചയാണ്. രാവിലത്തെ നല്ല തണുപ്പില്‍ മൂക്കിലൂടെയും വായിലൂടെയും മേഘശകലങ്ങളെ പറത്തി വിട്ടുകൊണ്ടുള്ള പോക്ക്. അത് കാണുമ്പോള്‍ ഞാന്‍ ഉറക്കെ ചിരിക്കുകയും അമ്മയുടെ വഴക്ക് കേള്‍ക്കുകയും ചെയ്യും. അവിടെ ഇരുന്നാല്‍ മലമടക്കുകള്‍ക്ക് ഇടയിലൂടെ ഉദിച്ചു വരുന്ന സൂര്യോദയം കാണാം. അത്ര ഭംഗിയില്‍, വേറെ എവിടെയും ഞാന്‍ സൂര്യോദയം കണ്ടിട്ടില്ല.

മരച്ചില്ലകളുടെ നിഴല്‍ രൂപങ്ങള്‍

ഉയര്‍ത്തിക്കെട്ടിയ മുറ്റത്ത് നിന്നും പടവുകളിലൂടെ താഴേക്ക് ഇറങ്ങുമ്പോള്‍ ഇടതുവശത്തായി പൂത്തു നില്‍ക്കുന്ന വലിയ പിച്ചകമുണ്ട്. എപ്പോഴും നിറയെ പൂക്കള്‍. അവിടമാകെ പിച്ചിപ്പൂക്കളുടെയും റോസാപ്പൂക്കളുടെയും സുഗന്ധം നിറഞ്ഞിരുന്നു. വീടിന് പുറത്ത് പൂക്കളുടെ സുഗന്ധമാണെങ്കില്‍ വീടിനകത്ത് കുരുമുളകിന്റെയും കാപ്പിയുടെയും ചക്കയുടേയുമൊക്കെ മണങ്ങളാവും ഉണ്ടാവുക. 

രാത്രിയുടെ ഭാവതലങ്ങളിലേക്കും അതിന്റെ സൗന്ദര്യത്തിലേക്കും ഇറങ്ങി ചെല്ലാനും ഞാന്‍ ആഗ്രഹിച്ചിരുന്നു. എങ്കിലും മഴയും കാറ്റും ഉള്ള രാത്രികള്‍ എന്നെ വല്ലാതെ പേടിപ്പിച്ചിരുന്നു. കാറ്റത്ത് ഇളകിയാടുന്ന മരച്ചില്ലകളുടെ നിഴല്‍ രൂപങ്ങള്‍ പോലും വല്ലാതെ ഭയപ്പെടുത്തി. രാത്രിയില്‍ എന്നെ പേടിപ്പിച്ചതിന് നേരം വെളുക്കുമ്പോള്‍ മരത്തിനെ വഴക്ക് പറഞ്ഞിട്ടുണ്ട്. 'ഒരു കാറ്റു വന്നു എന്ന് കരുതി ഇത്രയ്ക്ക് കിടന്നു അനങ്ങണോ' എന്നൊക്കെ ചോദിച്ചുള്ള ദേഷ്യം. 

ഒറ്റയ്ക്കുള്ള നടത്തങ്ങള്‍
പകല്‍ അവസരം കിട്ടുമ്പോഴെല്ലാം തനിച്ച് നടക്കാനായിരുന്നു ശ്രമിച്ചിരുന്നത്. പ്രകൃതിയിലേക്ക് ഇറങ്ങി എല്ലാറ്റിനോടും സംസാരിച്ച് തനിച്ച് ഒരു പോക്ക്. ആ സമയം ഞാന്‍ മറ്റൊരു ലോകത്തായിരുന്നു. എനിക്ക് എന്റെ കൂട്ട് വലിയ ഇഷ്ടമാണ്, ഇപ്പോഴും അങ്ങനെയാണ്. ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ സെല്‍ഫ് ഡേറ്റ്. അന്നുമിന്നും മറ്റൊരാളോട് പറയുന്നതിനേക്കാള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ പറയുന്നതും എന്നോട് തന്നെയാണ്.

വൈകുന്നേരങ്ങളില്‍ റോഡിലൂടെ തണുത്ത കാറ്റത്തുള്ള നടത്തം. അധികം ദൂരത്തല്ലാതെ ദേവീ ക്ഷേത്രമുണ്ട്. ക്ഷേത്ര പരിസരത്ത് വിരിഞ്ഞു നില്‍ക്കുന്ന ബന്ദിപ്പൂക്കള്‍. അമ്പലം കഴിഞ്ഞ് മുന്നോട്ട് പോകുമ്പോള്‍ റോഡിന്റെ ഇടതുവശത്തായി പള്ളി. വലതു വശത്തായി കന്യാസ്ത്രീ മഠം. വീണ്ടും മുന്നോട്ട് പോയാല്‍ പ്രധാന കവല. തൊട്ടടുത്തുതന്നെ സ്‌കൂള്‍. ഈ യാത്രയില്‍ ഉടനീളം പല കുസൃതികളും ഞങ്ങള്‍ ഒപ്പിച്ചിട്ടുണ്ടാവും. 

പക്ഷികള്‍ക്കുള്ള ഭക്ഷണം 

അമ്മയുടെ വീട്ടില്‍ മുകളിലെ പറമ്പിലേക്ക് കയറിയാല്‍ വിളവെടുപ്പ് കഴിഞ്ഞാലും വെട്ടാതെ നിര്‍ത്തിയിരിക്കുന്ന ഒന്ന് രണ്ടു വാഴക്കുലകളെങ്കിലും അവിടെയുണ്ടാവും അതെല്ലാം പക്ഷികള്‍ക്കുള്ള കരുതലാണ്. അങ്ങനെയൊരു കരുതല്‍ നമുക്കുണ്ടാവണം എന്നത് അന്ന് മനസ്സില്‍ പതിഞ്ഞതാണ്. ഇപ്പോഴും ഒമാനിലെ എന്റെ വീടിന്റെ ജനാലക്കരികിലും മുറ്റത്തും എല്ലാം ധാരാളം പക്ഷികള്‍ വരാറുണ്ട് ഭക്ഷണവും വെള്ളവും പ്രതീക്ഷിച്ച് വീണ്ടും വീണ്ടും ധാരാളം പക്ഷികള്‍ എത്തും. പക്ഷികള്‍ രണ്ടും മൂന്നും കുഞ്ഞുങ്ങളോടൊപ്പം വന്ന് അവരുടെ വായിലേക്ക് ഭക്ഷണം തിരികിക്കൊടുക്കുന്ന കാഴ്ച വളരെ സന്തോഷകരമാണ്. 

മുകളിലെ പറമ്പ് നിറയെ കുരുമുളകും കാപ്പിയും ചക്കയും മാങ്ങയുമാണ്. പിന്നെ ചേമ്പ്, കാച്ചില്‍, പപ്പായ. അവിടെയെല്ലാം ചുറ്റിതിരിഞ്ഞ് തിരികെ എത്തുമ്പോഴേക്കും പാവാടയിലും ബ്ലൗസിലുമെല്ലാം സ്‌നേഹപ്പുല്ലിന്റെ വിത്തുകള്‍ പറ്റിപ്പിടിച്ചിട്ടുണ്ടാവും. എത്ര തട്ടിക്കുടഞ്ഞാലും പോകാത്തവ. അവിടെയിരുന്ന് ഓരോന്നായിട്ട് നുള്ളിയെടുത്ത് കളയുന്നത് ഒരു ജോലിയാണ്. ഞങ്ങള്‍ കുട്ടിപ്പട്ടാളം ചുറ്റാന്‍ ഇറങ്ങിയാല്‍ തിരിച്ചു വരുമ്പോഴേക്കും വിവിധ വര്‍ണ്ണങ്ങളാല്‍ സമ്പുഷ്ടമായിരിക്കും ഞങ്ങളുടെ വസ്ത്രങ്ങള്‍. പഴുത്ത മള്‍ബറി പഴങ്ങളുടെ കളര്‍ ചുണ്ടിലും നാവിലും കൈകളിലും വസ്ത്രങ്ങളിലും ഒക്കെ ഉണ്ടാവും. പറങ്കി മാവിന്റെ കറയും മാമ്പഴത്തിന്റെ കളറും എല്ലാം ഉണ്ടാവും.

രാമക്കല്‍മേട്ടിലെ കാറ്റ്

ഒരുതവണ വേനലവധി കഴിഞ്ഞ് തിരിച്ചു വരും വഴി ഉരുള്‍പൊട്ടല്‍ കാരണം റോഡ് തടസ്സപ്പെട്ടു. ഉരുള്‍പൊട്ടല്‍ എന്താണ് എന്നത് അന്നാണ് ഞാന്‍ അറിഞ്ഞത്. ബസ്സിന് മുന്നോട്ട് പോവാന്‍ ആയില്ല. പിന്നെ മറ്റൊരു ബസ്സില്‍ യാത്ര തുടരേണ്ടിവന്നു. റോഡിനോട് ചേര്‍ന്നു പെട്ടെന്ന് രൂപപ്പെട്ട തോട് മുറിച്ചു കടന്ന്, തേയില തോട്ടത്തിലൂടെ ഒരു മല കയറിയിറങ്ങി, അടുത്ത ബസ്റ്റാന്‍ഡില്‍ നിന്ന് വണ്ടി കയറിയത് ഇന്നും ഓര്‍മ്മയുണ്ട്. തേയിലത്തോട്ടത്തിലൂടെയുള്ള യാത്ര സുഖകരമല്ല എന്ന് അന്ന് കിട്ടിയ അനുഭവമാണ്. കാണുമ്പോഴുള്ള ഭംഗി അതിനകത്തേക്ക് കയറിയാല്‍ ഉണ്ടാവില്ല എന്ന് അന്നാണ് അറിഞ്ഞത്. 

അതുപോലെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതാണ് രാമക്കല്‍ മേട്ടിലേക്കുള്ള യാത്രകള്‍. പലപ്പോഴും അധികനേരം നില്‍ക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് അനുവാദം കിട്ടാറില്ല. കാരണം അത്രയും ശക്തമായ കാറ്റാണ് അവിടെ. മലമുകളില്‍ നിന്നും താഴേക്കുള്ള കാഴ്ച അതിമനോഹരമാണ്. താഴെ തമിഴ്‌നാട്ടിലെ കൃഷിസ്ഥലങ്ങളുടെ ആകാശദൃശ്യം. 

വേനലവധി കഴിഞ്ഞ് തിരിച്ചു വരാറാകുമ്പോഴേക്കും ആവശ്യത്തിലധികം ഓര്‍മ്മകളും സന്തോഷവും ഞാന്‍ എന്നില്‍ നിറച്ചിട്ടുണ്ടാകും. അല്ലെങ്കിലും കുട്ടിക്കാലത്തെ സന്തോഷവും സ്വാതന്ത്ര്യവും ആരാണ് ചേര്‍ത്ത് പിടിക്കാത്തത്. 

വര്‍ഷങ്ങള്‍ക്കിപ്പുറം, ഒമാനിലെ കൊടുംചൂടില്‍ മനസ്സിലേക്ക് കുളിര് പകരാന്‍ ഒരു നിമിഷം കണ്ണടച്ചിരുന്നാല്‍ മതി, ആ മഞ്ഞും കുളിരും തണുപ്പും എല്ലാം എനിക്കുള്ളില്‍ നിറയും. 

മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം