കോപത്താല്‍ മുഖമാകെ ചുവന്നു തുടുത്തിരുന്നു. ഞാന്‍ മാവിന് മറഞ്ഞ് എളേമ്മയെ നോക്കിക്കൊണ്ടിരിക്കുന്നു. പിടികൊടുത്താല്‍ പിന്നെ എന്റെ കാര്യം തഥൈവ.
ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

'ബരുന്നുണ്ടടാ ഓടിക്കോ'
പെട്ടെന്ന് എല്ലാവരും ചിതറി ഓടി. തിരിഞ്ഞു നോക്കിയപ്പോള്‍ എളേമ്മ പിറകിലുണ്ട്. കൂടെ ഉണ്ടായിരുന്നവരെല്ലാം ഓടി രക്ഷപ്പെട്ടു.
എനിക്ക് കുറച്ചു ദൂരം മാത്രമേ ഓടാന്‍ പറ്റിയുള്ളൂ. മുന്നില്‍ വഴി അടഞ്ഞു. കാട്. പോരാത്തതിന് മുരിക്കന്‍ മുള്ള് കൊത്തി വെച്ച വേലിയും. ഇടത് ഭാഗത്തേക്ക് ഓടിയാല്‍ കാവര്‍ത്താക്കാലിലെ മൊട്ടക്കെ അച്ഛപ്പന്റെ കളത്തിലൂടെ പാടിയില്‍ പാലത്തിന്റെ അടുത്തെത്താന്‍ വഴിയുണ്ട്. വലതു ഭാഗത്ത് മുകളിലേക്ക് ഓടിയാല്‍ പാട്ടിയമ്മയുടെ വീട് വഴി വെള്ളച്ചാലില്‍ എത്താം.
പക്ഷെ ഞാന്‍ ഓടിയത് രണ്ടിന്റെയും ഇടയിലുള്ള കാട്ടിലേക്ക്. കുടുങ്ങി! ഞാന്‍ ഭയന്ന് വിറക്കാന്‍ തുടങ്ങി.
രക്ഷക്കായ് വടക്കേമാവ്. ചുവന്ന പഴുത്ത വലിയ മാങ്ങ പിടിക്കുന്നിടം. എളേമ്മയെ പേടിച്ച് ഒളിച്ചത് ഈ മാവിന്റെ മറവില്‍. മരിച്ചവരെ വെച്ച സ്ഥലം. കാട് പിടിച്ചത്. അത്‌കൊണ്ട് തന്നെ ഭയന്ന് ആരും അത് വഴി പോകാറില്ല. ഭയം ഇരട്ടിക്കാന്‍ വേറെയെന്ത് വേണം.
എളേമ്മമാര്‍
പിലാവും മാവും കിങ്ങിണി മരവും തണല്‍ വിരിക്കുന്ന കാവര്‍ത്തേക്കാല്. പ്രതാപം ഒട്ടും കുറയാത്ത പല തലമുറകള്‍ താമസിച്ച പഴയൊരു ഓടിട്ട തറവാട. മുരിക്കില്‍ പടര്‍ന്നു കയറിയ കുരുമുളക് വള്ളികളാല്‍ നിബിഡമാണിവിടം. ഇപ്പോള്‍ ഈ ഭൂമിയുടെയും വീടിന്റെയും അവകാശികള്‍. രണ്ട് എളേമ്മമാര്‍ മാത്രം.
വലിയ എളേമ്മയും ഇളയ എളേമ്മയും. ഞാനും അമ്മയെ പോലെ അവരെ എളേമ്മയെന്നു തന്നെ വിളിച്ചു.
കിളവക്കത്ത് പടര്‍ന്നു ചുവന്നു വിരിഞ്ഞു നില്ക്കുന്ന ഹനുമാന്‍ കിരീടം. സുന്ദരമായ കാഴ്ച
സ്‌നേഹത്തോടെ കൈയാല വക്കത്ത് വലിയ എളേമ്മ വന്നു നിന്ന് എല്ലാ ദിവസവും കുശലാന്വേഷണം നടത്തും. നേരെ താഴെയാണ് ഇളയ എളേമ്മ. സംസാരശേഷിയില്ല. കൈ കൊണ്ട് ആംഗ്യം കാണിച്ച് വാ കൊണ്ട് എന്തൊക്കെയോ പറയാന്‍ ശ്രമിച്ച് വാക്കുകള്‍ പുറത്തേക്ക് വരാതെ ഇരിക്കും. എനിക്ക് പേടിയാണ് ആ എളേമ്മയെ. ആറ് അടിയോളം നീളമുണ്ട്. നല്ല തടിയും. പേടി മാത്രമല്ല, കുട്ടിപ്പട അവരെ പൊട്ടത്തി എന്നു വിളിച്ചു കളിയാക്കും. അതാണ് അവരുടെ കലി. അങ്ങനയാണിപ്പോള്‍ എനിക്കു പുറകെ ഓടി വന്നത്.
കടക്കാച്ചി മാമ്പഴം
കടക്കാച്ചി മാവ്. പറമ്പ് മുഴുവന്‍ പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന അത്ഭുതവൃക്ഷം. മധുരം കുത്തി നിറച്ച കടക്കാച്ചി മാങ്ങയ്ക്ക് ഒരു ചെറുനാരങ്ങയോളം മാത്രമാണ് വലുപ്പം. ഈ മാവിന്റെ ചുവട്ടില്‍ നിന്ന് മാറി നിന്നൊരു മാമ്പഴക്കാലം ഓര്‍മ്മയിലില്ല. കാറ്റിന്റെ കൈയില്‍ മാങ്ങ കൊടുത്തു വിടാനായി ഒന്നിച്ചു നടത്തിയ പ്രാര്‍ത്ഥനകള്‍. അണ്ണാറക്കണ്ണനോട് മാങ്ങയ്ക്ക് വേണ്ടി കൊതിയോടെ യാചിക്കും. ചുവന്ന ഉറുമ്പിനെ പിടിച്ച് മന്ത്രം ജപിച്ച് മാവിന്റെ മുകളിലേക്ക് കയറ്റി വിടും. എല്ലാം മധുരമുള്ള കടക്കാച്ചി മാങ്ങയ്ക്ക് വേണ്ടി.
ഓടി കിതച്ചു വന്ന എളേമ്മയുടെ കൈയില്‍ ഒരു മട്ടലുണ്ട്. ഇപ്പോ നില്‍ക്കുന്നത് കടക്കാച്ചി മാവിന്റെ ചുവട്ടിലാണ്. ഓടിയവരുടെ ഭാഗത്തേക്ക് കൈയില്‍ കിട്ടിയ ചരല്‍ വാരി എറിഞ്ഞ് എന്തൊക്കെയോ ശബ്ദം പുറത്തേക്ക് പുറപ്പെടുവിക്കുന്നു. ചീത്ത പറയുകയാണ്.
കോപത്താല്‍ മുഖമാകെ ചുവന്നു തുടുത്തിരുന്നു. ഞാന്‍ മാവിന് മറഞ്ഞ് എളേമ്മയെ നോക്കിക്കൊണ്ടിരിക്കുന്നു. പിടികൊടുത്താല്‍ പിന്നെ എന്റെ കാര്യം തഥൈവ.
എളേമ്മയുടെ കോപം ഇപ്പോള്‍ മുക്കാലും തണുത്തുറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ എളേമ്മ കുരുമുളക് വള്ളിയുടെ താഴെ വേരുകള്‍ക്കിടയില്‍ ഉണങ്ങിയ ഇലകള്‍ അടിച്ചു കൂട്ടി പൊതിഞ്ഞ് വെക്കുന്നു.
മാവിന്റെ താഴെയുള്ള മുരിക്കുകളില്‍ നിറയെ കുരുമുളക് വള്ളിയാണ്. മാങ്ങ വീഴ്ത്താന്‍ കമ്പ് കൊണ്ട് കൊയ്യ ഉണ്ടാക്കി വിരുതന്‍മാര്‍ എറിഞ്ഞതെല്ലാം കുരുമുളക് വള്ളികളില്‍ തങ്ങിനില്‍ക്കുന്നു. അതെല്ലാം ഒരു വലിയ വടിയെടുത്ത് മാറ്റുകയാണ് എളേമ്മ. ആ മുഖത്ത് ഇപ്പോള്‍ സങ്കടം കാണാം. കുറച്ചു കഴിഞ്ഞ് അവര്‍ സ്ഥലം വിട്ടു. അപ്പോഴാണ് ശ്വാസം നേരെ വീണത്.
കരുണയുടെ മധുരം
വൈകുന്നേരം അങ്ങേ വീട്ടില്‍ നിന്നും പാറോത്തും ചാലിലേക്ക് ഞാന്‍ അമ്മയുടെ കൂടെ പുറപ്പെട്ടു. വഴിയില്‍ കളയുടെ അരികിലൂടെ അമ്മയുടെ നിഴല്‍ പറ്റിയാണ് എന്റെ നടത്തം. എളേമ്മയുടെ വീട് കടന്നു പോകുമ്പോള്‍ പിടികൂടിയാല്‍, നേരത്തെ നടന്ന കാര്യങ്ങള്‍ അറിഞ്ഞാല്‍ അമ്മയുടെ അടി ഉറപ്പാണ്.
പേടിച്ച് പേടിച്ച് അമ്മയുടെ വലതു വശം കടന്ന് ഓടാന്‍ ശ്രമിച്ചപ്പോള്‍ അതാ വലിയ എളേമ്മ വഴി തടഞ്ഞു മുന്നില്‍.
'കുഞ്ഞു മോനെ, നീയാട നിക്ക്. നിന്നെ അവള്‍ക്ക് കാണണം പോലും...'എളേമ്മ പറഞ്ഞൊഴിഞ്ഞു.
ഞാന്‍ പേടിച്ച് അമ്മയുടെ കോന്തല മറയാക്കി, ഒളികണ്ണെറിഞ്ഞ് വഴിയിലേക്ക് നോക്കിയപ്പോള്‍ പതുക്കെ എനിക്കെതിരെ നടന്നു വരികയാണ് ഇളയ എളേമ്മ.
അടുത്തെത്തി. മടിയില്‍ നിന്നൊരു പൊതിയെടുത്ത് എനിക്ക് നേരെ നീട്ടി. 'മടിക്കേണ്ട മോനെ, വാങ്ങിക്കോ'
അമ്മ പ്രോത്സാഹിപ്പിച്ചു.
ഞാന്‍ പൊതി വാങ്ങി. നോക്കിയപ്പോള്‍ അതില്‍ നിറയെ കടക്കാച്ചി മാങ്ങ.
ഞാന്‍ അത്ഭുതപ്പെട്ടു. നേരത്തെ ഓടിച്ചു വിട്ട എളേമ്മ. വാത്സല്യം വഴിഞ്ഞൊഴുകുന്ന കണ്ണുകളോടെ മുന്നില്‍ എന്നെ നോക്കി ചിരിക്കുന്നു. ആ ചിരിക്ക് മാരിവില്ലിന്റെ നിറമാണ്.
ഇന്നും ആ വഴിയിലൂടെ നടക്കുമ്പോള്‍ എളേമ്മയെ ഓര്‍മ്മവരും.
'കുഞ്ഞുമോനെ, കടക്കാച്ചി മാങ്ങ ഞാനിവിടെ പെറുക്കി വെച്ചിട്ടുണ്ട്. ഇങ്ങ് കേറി വാ'
മക്കളില്ലാത്ത ആ അമ്മമാരുടെ വിളിയൊച്ചകള്‍ അകലെ നിന്നും എന്നെ തേടുന്നുണ്ട്.
മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം


