കൊച്ചച്ഛന്റെ കയ്യില്‍ നിന്നും അടി ഉറപ്പാണ്. എവിടെയെങ്കിലും ഒളിക്കാന്‍ വേണ്ടി ഞാന്‍ ഓടി. പെട്ടെന്ന് കണ്ണടഞ്ഞ് താഴേക്കു പോയത് മാത്രമേ ഓര്‍മ്മയുള്ളു.

ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

വേനലവധികളുടെ ഓര്‍മ്മകള്‍ക്കിപ്പോഴും പഴുത്ത് പാകമായി നില്‍ക്കുന്ന പറങ്കി മാങ്ങകളുടെയും പല തരത്തിലുള്ള മാവുകളിലെ കണ്ണിമാങ്ങകളുടെ രുചിയും, വയല്‍ പൂക്കളെയും കൊന്നപ്പൂക്കളെയും പേറുന്ന കാറ്റിന്റെ ഗന്ധവുമാണ്. പരീക്ഷ കഴിയുന്ന ദിവസം, പല സ്ഥലത്തായി ചിതറി കിടക്കുന്ന പുസ്ത കങ്ങളെല്ലാംകൂടി തടിച്ചു കറുത്ത ഒറ്റ റബ്ബര്‍ കൊണ്ട് വരിഞ്ഞു മുറുക്കി തെക്കേ മുറിയുടെ ചെറിയ ഷെല്‍ഫിന്റെ മൂലക്കൊതുക്കി വയ്ക്കുമ്പോള്‍ പരീക്ഷ കഴിഞ്ഞു സ്‌കൂളടച്ചു എന്ന ആശ്വാസത്തിനപ്പുറം അപ്പൂപ്പന്റെ വീട്ടില്‍ പോയി നില്‍ക്കാമെന്ന സന്തോഷത്തിലായിരിക്കും മനസ്സ്.

സ്‌കൂളടച്ച ദിവസം വൈകുന്നേരം മുതല്‍ അച്ഛനെയുമമ്മയെയും സോപ്പിട്ടു തുടങ്ങും. അമ്മ പറയാതെ തന്നെ അടുക്കളയില്‍ അമ്മയെ സഹായിക്കാന്‍ ഉത്സാഹിക്കും. അച്ഛന്റെ സൈക്കിളിലെ തുരുമ്പ് കയറിയ കമ്പികള്‍ എണ്ണയിട്ട് തുടച്ചു മിനുക്കാന്‍ ഞാനും അനിയനും കൂടി മത്സരിക്കുന്നത് കാണുമ്പോള്‍ തന്നെയവര്‍ക്ക് കാര്യം മനസ്സിലാവും.

എങ്കിലും ഗൗരവത്തില്‍ തന്നെയാവും രണ്ടു പേരും. ഒടുവില്‍ പിറകെ നടന്നുള്ള അപേക്ഷയായി. അങ്ങിനെ അടുത്ത ദിവസം തന്നെ അപ്പൂപ്പന്റെ വീട്ടിലേക്കു പോകും.

ബസിറങ്ങി കുറച്ചു നടക്കുമ്പോള്‍ തന്നെ ചെമ്മണ്‍ പാത തുടങ്ങുകയായി. നേര്‍മധ്യത്തു നിന്നും മുടി രണ്ടായി വകഞ്ഞു മാറ്റി ഇരുവശത്തുമായി മുടി മെടഞ്ഞിട്ട് നില്‍ക്കുന്ന ഗ്രാമീണ പെണ്‍കുട്ടിയെ പോലെ ഇരുവശത്തുമായി പച്ചവിരിച്ച പാടങ്ങളും നടുക്ക് വരമ്പും പ്രത്യക്ഷപ്പെടും. ചിലപ്പോള്‍ ഏതെങ്കിലുമൊരു പാടത്ത് കാളയും കലപ്പയും കൊണ്ട് നിലം ഉഴുതു മറിക്കുന്നതും കാണാം. വയല്‍ വരമ്പില്‍ നിന്നും കൊക്കുകള്‍ ഒറ്റക്കോ കൂട്ടമായോ പറന്നു പൊയ്‌ക്കൊണ്ടിരിക്കും. 

അങ്ങനെ കുറെ ദൂരം നടക്കുമ്പോള്‍ അകലെ ഇരുണ്ട പച്ചപ്പ് കണ്ടു തുടങ്ങും. പറങ്കി മാവുകളുടെയും കരിമ്പിന്‍ തോട്ടത്തിന്റെയും ഗൗളിപാത്ര തെങ്ങുകളുടെയും ചെമ്പരത്തിക്കാടിന്റെയും നടുവിലായി അപ്പൂപ്പന്റെ വീട് കണ്ടു തുടങ്ങും. മനസ്സ് സന്തോഷം കൊണ്ട് തുടിക്കും. മുറ്റത്ത് നിന്ന് വരാന്തയിലേക്ക് ഓടിക്കയറുമ്പോള്‍ അപ്പൂപ്പന്‍ ചാരുകസേരയില്‍ ചാരിക്കിടക്കുന്നുണ്ടാകും. ( അപ്പൂപ്പന്റെ ഒരു കാല്‍ പ്രമേഹം വന്നിട്ട് മുട്ടിന് മുകളില്‍ വച്ച് മുറിച്ചു മാറ്റിയിരുന്നു). 

ഞങ്ങളെ കാണുമ്പോള്‍ ഉച്ചത്തില്‍ ചിരിച്ചു കൊണ്ട് അപ്പുപ്പന്‍ അകത്തേക്ക് നോക്കി വിളിച്ചു പറയും ' 'അമ്മുവേ ദാ തെമ്മാടി കൂട്ടങ്ങള്‍ എത്തി ട്ടോ.'

പറഞ്ഞു തീരും മുന്നേ അച്ഛമ്മ വാതിക്കലെത്തും. പിന്നെയൊരു ബഹളമാണ്. ഉടുപ്പ് മാറ്റി എന്തെങ്കിലും കഴിച്ചെന്നു വരുത്തി, വയലിന്റെ മുകളിലുള്ള അതിവിശാലമായ മാവിന്‍ തോപ്പിലേയ്ക്ക്. പച്ചയും പഴുത്തതുമായ ധാരാളം മാങ്ങകള്‍ ചിതറി കിടക്കും. മാങ്ങ തിന്നുമടുക്കുമ്പോള്‍ പറങ്കിമാങ്ങ, പേരക്ക, ചാമ്പക്ക... വൈകുന്നേരം വയല്‍ കാറ്റേറ്റ് വയലിലെ ചെളിയിലും വെള്ളത്തിലുമിറങ്ങി നിന്ന് 'നത്തയ്ക്ക' പിടിക്കാന്‍ തുടങ്ങും. പിന്നെ വീടിന് തൊട്ടു മാറിയുള്ള കുളത്തില്‍ മീന്‍പിടുത്തമാണ്. വയലില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ മാവില്‍ കെട്ടിയിരിക്കുന്ന ഊഞ്ഞാല്‍ നല്ല ആയത്തിലാടിയാല്‍ ആ കുളത്തിലേക്ക് എത്തി നോക്കാന്‍ പറ്റും. അങ്ങനെ ആര്‍ത്തുല്ലസിച്ചു നടക്കുന്ന വേനലവധിക്കാലങ്ങള്‍. അതില്‍ ഇത്തിരി കുസൃതിയും കുറച്ച് കണ്ണീരിന്റെ നനവും പടര്‍ത്തിയ ഒരോര്‍മ്മയുണ്ട്.

അപ്പൂപ്പന്റെ ചാരുകസേരയില്‍ ചാരിക്കിടക്കുന്നത് എനിക്കു വലിയ ഇഷ്ടമാണ്. പക്ഷെ കൊച്ചച്ഛന്‍ കണ്ടാല്‍ വഴക്ക് പറയും.. (കൊച്ചച്ഛനെ മാത്രമേ അന്ന് കുറച്ച് പേടിയുള്ളു). കാരണം കസേര തുണിയിലെ കമ്പ് ഞാന്‍ ഇളക്കി വയ്ക്കും. തിരികെ വയ്ക്കാന്‍ നോക്കിയാല്‍ ശരിയാകുകയുമില്ല. കുറെ പ്രാവശ്യം ഞാന്‍ തന്നെ അങ്ങനെ വീണിട്ടുണ്ട്. ഒരു ദിവസം കസേരയില്‍ നിന്നെണീറ്റപ്പോള്‍. കമ്പ് സ്ഥാനം മാറിപ്പോയി. ഞാന്‍ പതുക്കെ അത് എങ്ങനെയോ ശരിയാക്കി വച്ചിട്ട് ഓടി കളഞ്ഞു. പിന്നീട് അപ്പുപ്പന്‍ വടി കുത്തി വന്നിരിക്കുന്നതും താഴെ വീഴുന്നതും ഞാന്‍ ദൂരെ നിന്ന് കണ്ടു. ഞാന്‍ പേടിച്ചു. കൊച്ചച്ഛന്റെ കയ്യില്‍ നിന്നും അടി ഉറപ്പാണ്. എവിടെയെങ്കിലും ഒളിക്കാന്‍ വേണ്ടി ഞാന്‍ ഓടി. പെട്ടെന്ന് കണ്ണടഞ്ഞ് താഴേക്കു പോയത് മാത്രമേ ഓര്‍മ്മയുള്ളു. പിന്നെ കണ്ണ് തുറന്നപ്പോള്‍ ചുറ്റിനും അമ്മയും അച്ഛനും അപ്പുപ്പനും അച്ഛമ്മയും.. എല്ലാരുമുണ്ട്. എല്ലാവരും കരയുന്നുണ്ട്. പിന്നീട് അച്ഛമ്മയാണ് പറഞ്ഞത്. എന്നെ പെട്ടെന്ന് കാണാതായെന്നുംഎല്ലാരും പേടിച്ച് തിരക്കിയിറങ്ങി ഒടുവില്‍ പൊട്ടക്കുളത്തില്‍ ബോധമറ്റ നിലയില്‍ കണ്ടെത്തിയെന്നും.

ആ വര്‍ഷത്തെ അവധിക്കാലത്തിന് ഈ സംഭവം കുറച്ച് മങ്ങലേല്‍പ്പിച്ചെങ്കിലും എന്റെ അവധിക്കാലങ്ങളെപ്പോഴും ഒരു നാരങ്ങ മിട്ടായിപോലെ മധുരമുള്ളതാണ്.

മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം