ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്. 

അന്നത്തെ പകല്‍ എനിക്ക് നല്ല ഓര്‍മയുണ്ട്. ഹോസ്റ്റലില്‍ സ്ഥിരം ആയി കിട്ടാറുള്ള കടിച്ചാല്‍ പല്ല് പൊട്ടുന്ന അവലോസുണ്ടയും നന്നായിട്ടു  വെള്ളം ചേര്‍ത്ത ചായ ദ്രാവകവും കഴിച്ചു പടികള്‍ കയറികൊണ്ട് ഞാനും എന്റെ കൂട്ടുകാരി ലതികയും വരികയാണ്. ഞാന്‍ എന്റെ പതിവ് ശൈലിയില്‍ രണ്ടു പടികള്‍ വീതം ഓടി കയറി മുകളില്‍ എത്തി. അപ്പോള്‍ തോന്നിയ ഒരു രസത്തിന് വാതിലിനു മറവില്‍ മറഞ്ഞിരുന്നു. ഒന്ന് പേടിപ്പിക്കണം അത്രേ ഉള്ളു ഉദ്ദേശം. സദുദ്ദേശം മാത്രമാണ്. ഞാന്‍ മുമ്പും പലരെയും ഇമ്മാതിരി പേടിപ്പിച്ചു പ്രതിമ പോലെ നിര്‍ത്തിയിട്ടുണ്ട്. 

പക്ഷെ ലതിക അസാമാന്യ ധൈര്യവതി ആയതു കൊണ്ടും കാള വാല് പൊക്കുന്നതെന്തിനെന്നു അറിയാവുന്നതു കൊണ്ടും അവള്‍ എന്റെ വലയില്‍ വീണിട്ടില്ല. അത് എനിക്ക് ചില്ലറ ക്ഷീണം അല്ല ഉണ്ടാക്കിയത്. അങ്ങിനെ വന്ന സുവര്‍ണ അവസരം ആണിത്. അവളുടെ കാലൊച്ച അടുത്ത് വരുന്നു. ഞാന്‍ സര്‍വശക്തിയും എടുത്തു വായുവില്‍ ഉയര്‍ന്നു പൊങ്ങി ചാടി ഒറ്റ അലര്‍ച്ച. പിന്നേ ഞാന്‍ കേള്‍ക്കുന്നത് എന്റെ അലര്‍ച്ചയേക്കാള്‍ ഭയാനകമായ മറ്റൊന്നാണ്. തൊട്ടുമുന്നില്‍ ഒരു ചെറുപ്പക്കാരന്‍. അയാളുടെ  പണിയായുധങ്ങള്‍ വായുവില്‍ ചിതറി വീണു. ബോധം കേട്ട് അയാള്‍ എന്റെ കാല്‍ചുവട്ടിലോട്ട്. 

ഞാന്‍ സര്‍വശക്തിയും എടുത്തു വായുവില്‍ ഉയര്‍ന്നു പൊങ്ങി ചാടി ഒറ്റ അലര്‍ച്ച.

പൈപ്പ് നന്നാക്കാന്‍ വന്നപ്പോള്‍ ഇത്രയും ഭീകരമായ ഒരു അനുഭവം ആ പാവം സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ല. വാര്‍ഡന്‍ വന്നു. ലതിക കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും ചെറുപ്പക്കാരന്റെ ദയനീയ അവസ്ഥ കണ്ടതോടെ വാര്‍ഡന്‍ എനിക്ക് ശക്തമായ പണിഷ്‌മെന്റ് തന്നു മറ്റൊന്നുമല്ല, രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്നു പഠിക്കുക. ഞങ്ങളുടെ ഹോസ്റ്റല്‍ ഒരു നാലുകെട്ടിന്റെ മാതൃക ആണ്. അതിന്റെ മുറ്റത്തു ധാരാളം തെങ്ങുകളും ഉണ്ട്. ഞാന്‍ മുറിക്കു പുറത്തേ വരാന്തയില്‍ ഒറ്റയ്ക്ക്. സത്യത്തില്‍ ഒറ്റയ്ക്ക് രാത്രി ഇരിക്കാന്‍ പേടിയൊന്നുമില്ല. പക്ഷെ പഠിക്കണം. പുസ്തകത്തിലെ അക്ഷരങ്ങള്‍ എന്നെ നോക്കി പരിഹസിച്ചു ചിരിച്ചു തുടങ്ങി. അവരെ ഇത് വരെ തിരിഞ്ഞു നോക്കിട്ടില്ല. ഞാന്‍ പതിയെ വായിച്ചു തുടങ്ങി. 

രാത്രിയുടെ അന്ത്യ യാമങ്ങളില്‍ അറിയാതെ ഞാന്‍ ഒന്ന് മയങ്ങി. ഒരു ശബ്ദം കേട്ടാണ് ഉണര്‍ന്നത്. 

ഒരു കാലടി ശബ്ദം. ആരോ ഓടുന്നുണ്ട്. ദൈവമേ, അത് ഹോസ്റ്റലിന്റെ തളത്തിലാണ്. അതൊരു പുരുഷനാണ്! 

ദൈവമേ ഞാന്‍ ഹോസ്റ്റലില്‍ അല്ലേ ? സ്വപ്നം ആണോ? വനിതാ ഹോസ്റ്റലില്‍ ഒരു പുരുഷനോ? ആരും കാണുന്നില്ലല്ലോ? 

പെട്ടെന്ന് ഞാന്‍ ശ്രദ്ധിച്ചു. പുരുഷന്‍ വഴിയറിയാതെ ചുറ്റിത്തിരിയുകയാണ്. കള്ളന്‍ ആണോ? ദൈവമേ, കള്ളന്‍ തന്നെ!

തൊട്ടു പിന്നാലെ ഞങ്ങളുടെ അടുക്കളയില്‍ നില്‍ക്കുന്ന ചേട്ടത്തി. ഞാന്‍ ഓടി താഴേക്കു ചെന്നു. ചേട്ടത്തി എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ പേടി കൊണ്ട് ശബ്ദം പുറത്തേക്കു വരുന്നില്ല. കാറ്റ് മാത്രമേ ഉള്ളു. എനിക്ക് അലറിയാല്‍ കൊള്ളാമെന്നുണ്ട്. അതിശയം, തൊണ്ടയില്‍നിന്ന് ഒരു എനിക്ക് ശബ്ദവും പുറത്തുവരുന്നില്ല. കാറ്റു മാത്രം. അയാളുടെ കൈയില്‍ ഒരു വലിയ വെട്ടുകത്തി. എന്റെ നല്ല ജീവന്‍ പോയി. 

'വഴി എവിടാ'-അയാള്‍ ചോദിച്ചു.

'ങേ'

ഞാന്‍ അങ്ങിനെ എന്തോ ഒരു ശബ്ദം പുറപ്പെടുവിച്ചു. അയാളുടെ വീട്ടിലേക്കുള്ള വഴി ഞാന്‍ എങ്ങനെ അറിയും 

'പുറത്തേക്കുള്ള വഴി പറഞ്ഞു താ കൊച്ചേ'

'വന്ന വഴി പോ'-ഞാന്‍ പറഞ്ഞു 

ചേട്ടത്തി എന്റെ കൈയില്‍ മുറുകെ പിടിച്ച്, വേണ്ട, വേണ്ട എന്ന് തലയാട്ടുന്നു 

അയാള്‍ക്ക് വന്ന വഴി തിട്ടമില്ല. അയാള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടാന്‍ തുടങ്ങി. 

'ചേട്ടാ... വല്ലോം കിട്ടിയോ'-ഞാന്‍ ചോദിച്ചു 

'ആ കിട്ടി ഈ വെട്ടുകത്തി...'

എന്താ ഹ്യൂമര്‍സെന്‍സേ!

ചേട്ടന് ഒന്നും കിട്ടിയില്ല. വഴിയും അറിഞ്ഞൂടാ. 

ദൈവമേ ഞാന്‍ ഹോസ്റ്റലില്‍ അല്ലേ ? സ്വപ്നം ആണോ? വനിതാ ഹോസ്റ്റലില്‍ ഒരു പുരുഷനോ? ആരും കാണുന്നില്ലല്ലോ? 

ഞാന്‍ ചേട്ടത്തിയെ നോക്കി കണ്ണിറുക്കി. പിന്നെ ഒറ്റ അലര്‍ച്ച ആയിരുന്നു. എങ്ങനെയോ ശബ്ദം വന്നു. ഹോസ്റ്റലില്‍ എല്ലരും ഉണര്‍ന്നു. പുലി പോലെ ഇരുന്ന മീശമാധവന്‍ എലി പോലെ നിന്നു. വാര്‍ഡന്റെ മുന്നില്‍ തൊഴുതു കരഞ്ഞു കാല് പിടിച്ചു. ആ തിരു ഹൃദയം എന്നോട് ക്ഷമിച്ചില്ലെങ്കിലും കള്ളനോട് ക്ഷമിച്ചു. 
പോകാന്‍ നേരം മീശമാധവന്‍ എന്നോടായി പതുക്കെ കാതില്‍ പറഞ്ഞു: 'എന്നാ ശബ്ദമാ കൊച്ചേ, സൈറണ്‍ ഒക്കെ നിന്റെയൊക്കെ മുന്നില്‍ എന്ത് '

ശേഷം അങ്ങേര് കൂള്‍ ആയിട്ടു നടന്നു പോയി 

'ഇനി ആരും ഇത് പറഞ്ഞു നടക്കരുത് നമുക്കാണ് മോശം. എല്ലാവരോടുമായി അങ്ങനെ പറഞ്ഞിട്ട് വാര്‍ഡന്‍ പോയപ്പോള്‍ ഞാന്‍ ചേട്ടത്തിയുടെ പിന്നാലെ ചെന്നു. 

'സത്യത്തില്‍ ചേട്ടത്തി എന്തിനാ കള്ളന്റെ പുറകെ ഓടിയത് ?'

'അതോ വെട്ടുകത്തിക്കു വേണ്ടി. ആകെ ഒന്നേ അടുക്കളയില്‍ ഉണ്ടായിരുന്നുള്ളു'

ഞാന്‍ തലയില്‍ കൈ വെച്ചു.
 
'എന്റെ പൊന്നു ചേട്ടത്തി അപ്പോള്‍ അയാള്‍ അത് വെച്ചു തലയ്ക്കു താങ്ങിയിരുന്നീലോ'

ചേട്ടത്തിയുടെ മുഖത്തു ഒരു കള്ള ലക്ഷണം. 

'സത്യത്തില്‍ എന്താ? ഞാന്‍ ആരോടും പറയില്ല, പറ'

ചേട്ടത്തി ചുറ്റും നോക്കി 

'അതെന്റെ കെട്ടിയൊനാ. പിണങ്ങി ഇരിക്കുവാരുന്നു. പിണക്കം മാറ്റാന്‍ വന്നതാ. ഒന്നും രണ്ടും പറഞ്ഞു പിന്നേം വഴക്കായി. അതാ കൊച്ച് കണ്ടത്'

'ബെസ്റ്റ്'

ചേട്ടത്തി വേണ്ട, വേണ്ട എന്ന് പറഞ്ഞതിന്റെ ഗുട്ടന്‍സ് അപ്പോള്‍ എനിക്ക് പിടികിട്ടി 

'പൊയ്‌ക്കോ കൊച്ചുഗള്ളി  ഞാന്‍ ആരോടും പറയില്ല'

ആ വാക്ക് പാലിച്ചു ഇന്നേവരെ. ഇന്നാണ് ഞാന്‍ അത് വെളിപ്പെടുത്തുന്നത്. എന്നാലും എന്റെ മീശമാധവാ.
 

'ഇടനാഴി'യില്‍ ഇതുവരെ

ഷിബു ഗോപാലകൃഷ്ണന്‍:  ഒരു പാതിരാ പ്രണയത്തിന്റെ കഥ

ആന്‍സി ജോണ്‍: ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!

രാഹുല്‍ രവീന്ദ്ര: ആ കള്ളന്‍ അവനായിരുന്നു; ഹോസ്റ്റലിന്റെ വീരനായകന്‍!​

ഷീബാ വിലാസിനി: പാതിരാത്രിയിലെ കറുത്തരൂപം!

മുഫീദ മുഹമ്മദ് എഴുതുന്നു: കൈവിട്ടുപോയ ഒരു പിറന്നാള്‍ ആഘോഷം!

ഹസ്‌നത് സൈബിന്‍: വിരട്ടി ഡയലോഗുകള്‍ പറയിപ്പിച്ച ചേച്ചിമാര്‍!