ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം  webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.

സീന്‍ ഡാര്‍ക്കാണ്

ഇരുപതുകാരന്റെ ചോര വീണ മണ്ണാണ്. ഫാസിസ്റ്റുകള്‍ക്കും മതവാദികള്‍ക്കും നുഴഞ്ഞുകയറാന്‍ പാകത്തിന് വിടവുകളുള്ള ലോകമാണ്. ഇവിടെയിരുന്ന് ജോസ് സരമാഗോയുടെ 'അന്ധത (Blindness)  വീണ്ടും വായിക്കുന്നു. ഹരോള്‍ഡ് ബ്‌ളൂം ആ കൃതിയെക്കുറിച്ച് പറഞ്ഞതോര്‍ക്കുന്നു-'ബ്‌ളൈന്‍ഡ്‌നസ് ഒരു സാദ്ധ്യതയാണ് മുന്നോട്ട് വെക്കുന്നത്.എപ്പോള്‍ വേണമെങ്കിലും സംഭവിച്ചേക്കാവുന്ന ഫാസിസത്തിന്റെ തള്ളിക്കയറ്റത്തെ അത് മുന്നേകൂട്ടി കാണുന്നു'

കാഴ്ചയുള്ള മനുഷ്യനില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. കാഴ്ചയുള്ള ഒരേ ഒരുവള്‍ നയിക്കുന്ന ലോകം വരച്ച് കാട്ടി അത് അവസാനിക്കുകയും ചെയ്യുന്നു. കാഴ്ചയില്‍ നിന്ന് കാഴ്ച്ചയിലേക്കുള്ള യാത്രക്കിടയിലെ വെളുത്ത അന്ധത അഴുക്ക് മാത്രം നിറയുന്നൊരിടത്ത് കുറേയേറെ മനുഷ്യരെ കുറച്ചധികം നേരം തളച്ചിടുന്നു.

എപിഗ്രാഫിലേക്കായി തിരഞ്ഞെടുത്ത വാചകം ഇങ്ങനെയാണ്.
'കാണാന്‍ സാധിക്കുന്നവരെങ്കില്‍ നോക്കൂ
നോക്കാന്‍ കഴിയുന്നവരെങ്കില്‍ നിരീക്ഷിക്കൂ'.

നിരീക്ഷണം എന്നത് തന്നെയാകുന്നു കേന്ദ്രം.

'അന്ധത (Blindness), ജോസ്  സരമാഗോ

 

സരമാഗോയുടെ 'അന്ധതയിലെ' കഥാപാത്രങ്ങള്‍ക്ക് പേരില്ല. അവര്‍ അധിവസിക്കുന്ന സ്ഥലങ്ങള്‍ക്കോ നടക്കുന്ന തെരുവുകള്‍ക്കോ പേരില്ല. ആകെയുള്ളത് എല്ലാവരെയും ചേര്‍ത്ത് വെക്കുന്ന വെളുത്ത അന്ധത എന്ന അവസ്ഥയാണ്. വണ്ടിയോടിക്കുന്നതിനിടയില്‍,നടക്കുന്നതിനിടയില്‍,ആശുപത്രി സന്ദര്‍ശത്തിനിടയില്‍, ഭോഗത്തിനിടെ, നടത്തത്തിനോ കിടത്തത്തിനോ ഇടയില്‍ കാഴചച്ച നഷ്ടപ്പെടുന്ന മനുഷ്യരാണ് കഥാപാത്രങ്ങള്‍. ഒരാളില്‍ നിന്ന് തുടങ്ങുകയും അയാളെ തൊട്ട് നില്‍ക്കുന്ന അടുത്തയാളിലേക്ക് പകരുകയും രണ്ടാമനില്‍ നിന്ന് മൂന്നാമനിലേക്കെത്തുകയും ചെയ്യുന്ന കാര്യകാരണങ്ങളോ ചികിത്സയോ ഇല്ലാത്ത  രോഗം അവരെ വീടില്ലാത്തവരാക്കുന്നു. രോഗാവസ്ഥയില്‍ അവര്‍ ജീവിക്കുകയോ  മരിക്കുകയോ ചെയ്യുന്നു. ജീവിതത്തിന്റെ  ആദ്യപകുതിയിലുള്ളവരും രണ്ടാം പകുതിയിലുള്ളവരും ഒരുപോലെ തട്ടിമറിഞ്ഞ് വീഴുന്നു. വീണ്ടും നടക്കാന്‍ പഠിക്കുന്നു.

രോഗം പടരാതിരിക്കാന്‍ ഗവണ്‍മെന്റ് ഇവരെ ഒരു കെട്ടിടത്തിലേക്ക് മാറ്റി പാര്‍പ്പിക്കുന്നു.തോക്കേന്തിയ സൈനികരെ കാവലിന് നിയോഗിക്കുന്നു.അളന്നെടുത്ത ഭക്ഷണം കൃത്യസമയത്ത് അകത്തേക്ക് എത്തിക്കുന്നു. അകപ്പെട്ടവര്‍ വിശപ്പിനെയും ശരീരത്തെയും സാഹചര്യങ്ങളിലേക്ക് പരുവപ്പെടുത്താന്‍ ശ്രമിക്കുന്നു. 

കൂട്ടത്തിലൊരാള്‍-ഡോക്ടറുടെ ഭാര്യ-മാത്രം എല്ലാം കാണുന്നു. വന്ന് ചേര്‍ന്നേക്കാവുന്ന അധിക ചുമതലയോര്‍ത്താവണം തനിക്ക് കാഴ്ച്ചയുണ്ടെന്ന് അവര്‍ ആരോടും പറയാതിരിക്കുന്നത്. തീട്ടത്തിലും മറ്റ് അഴുക്കുകളിലും ചവിട്ടി നടക്കുന്ന നിസ്സഹായരായ മനുഷ്യരെ ആ യുവതി  മറയില്ലാതെ കാണുന്നു. പലപ്പോഴും പകച്ചു നില്‍ക്കുന്നു. ചിലപ്പോഴെല്ലാം പൊരുതി നില്‍ക്കുന്നു.

അന്ധരുടെ എണ്ണം പെരുകികൊണ്ടിരിക്കുന്നു. ആയുധമുള്ളവര്‍ നിരായുധരെ ഭീഷണിപ്പെടുത്തുന്നു. ഭക്ഷണത്തിന്റെ വിതരണം ഒരു വിഭാഗം ഏറ്റെടുക്കുന്നതിലൂടെ വയറ് നിറയണമെങ്കില്‍ പെണ്ണുങ്ങള്‍ വഴങ്ങികൊടുക്കണമെന്ന അവസ്ഥ വരുന്നു. ചെറുപ്പക്കാരികളെന്നോ വൃദ്ധകളെന്നോ ഇല്ലാതെ എല്ലാവരും പീഡനത്തിരയാവുന്നു. കെട്ടഴിയലിന്റെ അനിവാര്യമായ അവസാനത്തിലേക്ക്,കലാപത്തിലേക്ക്, ആളിക്കത്തലിലേക്ക് നോവല്‍ അതിവേഗത്തില്‍ സഞ്ചരിക്കുന്നു.

മരിക്കാതെ ശേഷിച്ചവര്‍ പുറംലോകത്തെത്തുന്നു. ഭക്ഷണത്തിനായി പൊരുതുന്നു. തണലിനായി അലയുന്നു. പുറകിലുപേക്ഷിച്ച വീടുകള്‍ തിരഞ്ഞിറങ്ങുന്നു. വീടുകള്‍ മറ്റെന്തോ ആയിപ്പോയെന്ന് കണ്ടെത്തുന്നു. വീണ്ടും തകര്‍ച്ചകളിലേക്ക് പടിയിറങ്ങുന്നു. ഇടയ്ക്ക് ഇരമ്പിയെത്തുന്ന മഴ അവരൊരുമിച്ച് നനയുന്നു.

അന്ധതയൊഴിച്ച് മറ്റെല്ലാം റദ്ദ് ചെയ്യപ്പെടുന്നു. തൊലിയുടെ നിറം, കഴിവുകള്‍, കൈയ്യൂക്കുകള്‍ എന്നിങ്ങനെയുളള പലതും അപ്രസക്തമാവുന്നു. അവിടവും ഇവിടവും ഒന്നാകുന്നു. അകവും പുറവും ഒന്നാകുന്നു.

മനുഷ്യരെ ഇരുപുറവും ഇരുത്തിക്കൊണ്ട് വായിക്കേണ്ട ഇന്നിന്റെ പുസ്തകം തന്നെയാകുന്നു സരമാഗോയുടെ 'അന്ധത'.

ജോസ് സരമാഗോയുടെ ബ്ലൈന്‍ഡ്‌നെസ് സിനിമയായപ്പോള്‍...

 

(രമ്യ സഞ്ജീവ് -അദ്ധ്യാപിക. ആനുകാലികങ്ങളിലും ഓണ്‍ ലൈന്‍ ഇടങ്ങളിലും കവിതകളെഴുതുന്നു)

...........................................................

അവരുടെ പുസ്തകങ്ങള്‍:

അനില്‍ വേങ്കോട്: നിപയുടെയും ഫാഷിസത്തിന്റെയും കാലത്ത് പ്ലേഗ് വായിക്കുമ്പോള്‍

അബ്ബാസ് ഒ എം: രവി ബസ്സിറങ്ങിയ കൂമന്‍ കാവ് ഇപ്പോള്‍ ഇവിടെയാണ്

രൂപേഷ് കുമാര്‍: പുസ്തകമാകാതെ ഒഴുകിയ ചോരകള്‍!

അബിന്‍ ജോസഫ്: ഒരു നിഗൂഢവായനക്കാരന്റെ രഹസ്യരാത്രികള്‍

വി എം ദേവദാസ് : ടെസ്റ്റ് ക്രിക്കറ്റ് പോലൊരു നോവല്‍

സോണിയാ റഫീക്ക്: മനുഷ്യാ, നീ ജീനാവുന്നു!

ജെ. ബിന്ദുരാജ്: വിട്ടുപിരിയാത്തൊരു പുസ്തകം

ഫിറോസ് തിരുവത്ര: ഭൂപടം ഒരു കടലാസല്ല; അനേകം മനുഷ്യരുടെ ചോരയാണ്!

വിനീത പ്രഭാകര്‍: പേജ് മറിയുന്തോറും  നാമൊരത്ഭുതം പ്രതീക്ഷിക്കും!

 മാനസി പി.കെ: ശരീരത്തെ  ഭയക്കാത്ത പുസ്തകങ്ങള്‍​

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്: എന്റെ പ്രണയത്തിലും ജീവിതത്തിലും ജിബ്രാന്റെ ഇടപെടലുകള്‍

മുജീബ് റഹ്മാന്‍ കിനാലൂര്‍ : മണപ്പാട് കുഞ്ഞഹമ്മദ് ഹാജി: കേരളം മറന്ന നവോത്ഥാന നായകന്‍​

യാസ്മിന്‍ എന്‍.കെ: വേണുവിന്റെ യാത്രകള്‍!​

കെ. എ ഷാജി: അത് വായിച്ചാണ് ഞാന്‍  അച്ചനാവാന്‍ പോയത്!

അക്ബര്‍: കാരമസോവ് സഹോദരന്‍മാര്‍  എന്നോട് ചെയ്തത്​

റിജാം റാവുത്തര്‍:  രണ്ട് പതിറ്റാണ്ടായി ഈ പുസ്തകത്തെ  ഞാന്‍ ഇടക്കിടെ ധ്യാനിക്കുന്നു...​