പറഞ്ഞ സമയത്തിന് മൂന്ന് മിനിറ്റ് മുമ്പെത്തിയിട്ടും തന്നെ വിമാനത്തില്‍ കയറാന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും അതിനാല്‍ വലിയൊരു തുക നഷ്ടമായെന്നും ഒരു യാത്രക്കാരന്‍ എഴുതി.

അവനവന്‍റെ ഊദാസീനത കൊണ്ട് സംഭവിക്കുന്ന നഷ്ടത്തെക്കാൾ കൂടുതല്‍ നമ്മളെ അലോസരപ്പെടുത്തുന്നത് മറ്റൊരാൾ മൂലം നമ്മുക്കുണ്ടാകുന്ന നഷ്ടങ്ങളാണ്. അത് പ്രത്യേകിച്ചും കോര്‍പ്പറേറ്റ് കമ്പനികള്‍ മൂലമുണ്ടാകുന്ന നഷ്ടമാണെങ്കില്‍ നഷ്ടബോധം നമ്മളെ അസ്വസ്ഥമാക്കുക തന്നെ ചെയ്യും. ഇന്‍ഡിഗോ എയര്‍ലൈനിസ് ഉദ്യോഗസ്ഥരുടെ കാർക്കശ്യം കാരണം തനിക്കുണ്ടായ നഷ്ടത്തെ കുറിച്ച് ഒരു യാത്രക്കാരന്‍ ലിങ്ക്ഡിന്നില്‍ എഴുതിയ കുറിപ്പിൽ, നിരവധി പേരാണ് പങ്കുവയ്ക്കുകയും പ്രതികരിക്കുകയും ചെയ്തത്. 

ജയ്പൂരില്‍ നിന്നും മുംബൈയിലേക്കുള്ള ഇന്‍ഡിഗോ ഫ്ലൈറ്റ് നഷ്ടപ്പെട്ടത് മൂലം വലിയൊരു ക്ലൈന്‍റുമായുള്ള കൂടിക്കാഴ്ചയും അതുവഴി 2.65 ലക്ഷം രൂപയും നഷ്ടപ്പെട്ടെന്ന് ചിയാന്‍ ഗാര്‍ഗ് എന്ന യാത്രക്കാരനാണ് തന്‍റെ ലിങ്ക്ഡിന്‍ അക്കൗണ്ടില്‍ കുറിപ്പെഴുതിയത്. 'ഇന്‍ഡിഗോ, നിങ്ങൾ താഴേയ്ക്ക് പോവുകയാണ്' എന്നായിരുന്നു ചിയാന്‍ തന്‍റെ കുറിപ്പ് ആരംഭിച്ചത്. ജയ്പൂരില്‍ നിന്നും മുംബൈയിലേക്ക് അതിരാവിലെ 4.40 ന് എയര്‍പോര്‍ട്ടിലെത്തി, 5.10 ഓടെ സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞു. 10 - 15 മിനിറ്റിനുള്ളില്‍ ബോർഗിംഗ് ചെയ്യുമെന്ന് ഇന്‍ഡിഗോ എക്സിക്യൂട്ടിവ് അറിയിച്ചു.

പിന്നാലെ, ഗേറ്റിന് അടുത്തെത്തിയപ്പോൾ വലിയ തിരക്ക്. എന്നാലൊന്ന് വാഷ്റൂമില്‍ കയറിയിട്ട് വരാമെന്ന് കരുതി. 12 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും തിരിച്ചെത്തി. പക്ഷേ, ഗേറ്റ് അടച്ചിരുന്നു. ബോർഡിംഗ് അടച്ചിരുന്നു. താന്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. 7- 9 മിനിറ്റ് ലേറ്റാണെന്നാണ് എക്സിക്യൂട്ടീവ് പറഞ്ഞത്. വിമാനം പുറപ്പെടുന്നത് സംബന്ധിച്ച് അറിയിപ്പൊന്നും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞപ്പോൾ അവിടെ അനൗണ്‍സ്മെന്‍റ് ഇല്ല, ജയ്പൂര്‍ നിശബ്ദ വിമാനത്താവളമാണെന്നായിരുന്നു മറുപടി. പക്ഷേ, തൊട്ട് മുമ്പ് ഇന്‍ഡിഗോയുടെ ഡെറാഡൂണ്‍ ഫ്ലൈറ്റ് അനൗണ്‍സ്മെന്‍റ് ഉണ്ടായതിനെ കുറിച്ച് ചോദിച്ചപ്പോൾ പക്ഷേ, അയാൾ അത് കൂട്ടാക്കിയില്ല. കൈകൾ കൂട്ടിപ്പിടിച്ച് തൊഴുത് കൊണ്ട് യാചിച്ചു. പക്ഷേ, തന്നെ ഇറക്കിവിട്ടെന്നായിരുന്നു ചിരാന്‍ കുറിച്ചത്. മാത്രമല്ല, അടുത്ത യാത്രയ്ക്കായി ഒരു സഹായം പോലും അവര്‍ ചെയ്തില്ലെന്നും ചിരാഗ് കൂട്ടിച്ചേര്‍ത്തു.

സഹാനൂഭൂതിയില്ല, റീഫണ്ടില്ല. എന്തായിരുന്നു ഫലം? ഞങ്ങൾക്ക് ഒരു ക്ലൈന്‍റിനെ നഷ്ടമായി. 2.65 ലക്ഷം രൂപ കണ്‍മുന്നില്‍ കൂടി ഒഴുകിപ്പോയി. മാസങ്ങൾ നീണ്ട പ്രയത്നം വിഫലമായി, നഷ്ടബോധത്തില്‍ ചിരാഗ് എഴുതി. ഉത്തരവാദിത്വത്തെ കുറിച്ചും മനുഷ്യത്വത്തെ കുറിച്ചുമോർത്താണ് തനിക്ക് സങ്കടമെന്നും വിമാനം നഷ്ടമായതിലല്ലെന്നും ചിരാഗ് കൂട്ടിച്ചേര്‍ത്തു. ഒപ്പം ഇന്‍ഡിഗോയെ ടാഗ് ചെയ്തു കൊണ്ട് ഇങ്ങനെയാണോ യാത്രക്കാരോട് പെരുമാറേണ്ടതെന്നും ചിരാഗ് ചോദിച്ചു. പിന്നാലെ വിമാന യാത്ര നഷ്ടമായതില്‍ ഖേദിക്കുന്നെന്നും യാത്രയ്ക്ക് 25 മിനിറ്റ് മുമ്പെങ്കിലും ബോർഡിംഗ് ചെയ്യണമെന്നുമായിരുന്നു ഇന്‍ഡിഗോ അറിയിച്ചത്.