Asianet News MalayalamAsianet News Malayalam

അമ്മമാരുടെ ഇരട്ടത്താപ്പുകള്‍

Rashid Sulthan on Motherhood
Author
Thiruvananthapuram, First Published Sep 18, 2017, 2:48 PM IST

കുഞ്ഞിനും കരിയറിനുമിടയിലെ അമ്മ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ച സംവാദം തുടരുന്നു. റാഷിദ് സുല്‍ത്താന്‍ എഴുതുന്നു​

Rashid Sulthan on Motherhood

കെമസ്ട്രി ക്ലാസ്സിലിരുന്ന് 'ഇലക്‌ട്രോണ്‍സ് എക്‌സൈറ്റേഷന്‍ സ്‌റ്റേറ്റിലേക്ക്' പോകുന്ന കഥ കേട്ടിരുന്നപ്പോഴാണ് തൊട്ടു മുമ്പിലിരുന്ന സഹപാഠിയുടെ വിവാഹവാര്‍ത്തയറിഞ്ഞത്. അടുത്ത വര്‍ഷം ക്ലാസ്സ് അവസാനിച്ചാലുടനെ അവള്‍ക്ക് കല്ല്യാണമാണ്. കുടുംബത്തില്‍ തന്നെയുള്ള സുന്ദരനാണ് പയ്യന്‍. അതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടിരുന്നപ്പോഴാണ് നാണത്തോടെ അവള്‍ പറഞ്ഞത് 'ഇന്നലെ മുതല്‍ വൈകുന്നേരങ്ങളില്‍ ഞാന്‍ അടുക്കളയിലാണ്. അമ്മ നിര്‍ബന്ധിച്ച് കറി വെക്കാനൊക്കെ പഠിപ്പിക്കുകയാണ്. നാളെ അതിയാനും നല്ലവണ്ണം വല്ലതും വെച്ചുകൊടുക്കണ്ടേ'. 

മലയാളിയുടെ അമ്മ സങ്കല്പങ്ങള്‍ ഇതൊക്കെയാണ്. 

ഭര്‍ത്താവിനും മക്കള്‍ക്കും സ്‌നേഹമിട്ട് തിളപ്പിച്ച ചായയും, പലഹാരങ്ങളും, ഭക്ഷണങ്ങളും വെച്ച് നല്‍കി പോറ്റുന്ന നല്ലൊരു കുക്ക്, ട്യൂഷന്‍ അദ്ധ്യാപിക, അച്ഛനും മക്കള്‍ക്കും ഇടയിലുള്ള മീഡിയേറ്റര്‍, അങ്ങനെ നീളുന്നു കഴിഞ്ഞ തലമുറയിലെ അമ്മമാരുടെ റോളുകള്‍.

ജോലിക്ക് പോകുന്ന ഭര്‍ത്താവിനെ വാതിലില്‍ നോക്കി നില്‍ക്കുകയും തുടര്‍ന്ന് വൈകുന്നേരം വരെയും വീടെന്ന ചട്ടക്കൂടിലെ പക്ഷിയായി കാലം രൂപകല്‍പന ചെയ്ത 'നാടന്‍' അമ്മമാരാണ് ഇവിടെ അധികവും. 'അനുരാഗ കരിക്കിന്‍ വെള്ളം' സിനിമയിലെ ആശാ ശരത്തിന്റെ കഥാപാത്രത്തോട് അനുകമ്പയാണ് മലയാളിക്ക് തോന്നുന്നത്. അതിനുമപ്പുറം ആ ചട്ടക്കൂടിന് തുറന്ന വാതില്‍ നല്‍കി പുറം കാഴ്ചകളും വെളിച്ചവും നല്കണമെന്ന് തോന്നുന്നവര്‍ വളരെ കുറവാണ്. തിരക്കിട്ട ജീവിതത്തില്‍ ഒന്ന് നോക്കാനോ കെട്ടിപ്പിടിച്ച് കവിളില്‍ ഒരുമ്മ നല്‍കാനോ പല മക്കള്‍ക്കും കഴിയാതെ പോകുന്നുണ്ട്.

ബൈക്കെടുത്ത് പുറത്തേക്ക് പോയാല്‍ തിരിച്ചെത്തുന്നത് വരെ ഫോണിന്റെ മറുവശത്തിലിരുന്ന് 'മോനേ നീ എവിടെയാ?' എന്ന് ആവര്‍ത്തിച്ച് ചോദിച്ച് 'ശല്യമെന്നോണം' പിന്നാലെ കൂടുന്ന ബാധയാണ് പലപ്പോഴും അമ്മ. ആണ്‍കുട്ടികളെ സംബന്ധിച്ചടത്തോളം പ്രേമിക്കുന്ന പെണ്ണില്‍ ഒരമ്മയുടെ വാത്സല്യം അവര്‍ എപ്പോഴും പ്രതീക്ഷിക്കുന്നത് അതുകൊണ്ടാണ്. അമ്മക്ക് ശേഷം തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പെണ്ണില്‍ അമ്മയുടെ എല്ലാ ഗുണഘടകങ്ങളും അവര്‍ പ്രതീക്ഷിക്കുന്നു. നാവിന്റെരുചിയും, ശീലങ്ങളും അങ്ങനെ പുരുഷജീവിതത്തിന്റെ എല്ലാ തലങ്ങളിലും സ്പര്‍ശിച്ചുകൊണ്ട് നിലകൊള്ളുന്ന അമ്മ.

ഇസ്ലാമില്‍ 'മാതാവിന്റെ കാല്‍ക്കീഴിലാണ് മക്കള്‍ക്ക് സ്വര്‍ഗം' എന്നാണ് വിശ്വാസിക്കുന്നത്. ചെറുപ്പത്തില്‍ ഉസ്താദ് പഠിപ്പിച്ചു തന്ന ആ വാചകം മദ്രസവിട്ട് ഓടിവന്ന് മുറ്റത്ത് നിന്ന ഉമ്മയുടെ കാലില്‍ പിടിച്ചിട്ട് 'ഉമ്മാ, ഇങ്ങള് പാദത്തിന്റെ താഴെയുള്ള എന്റെ സ്വര്‍ഗ്ഗം കാണിക്കിന്‍...' എന്ന് പറഞ്ഞത് ഇന്നും ഓര്‍മ്മയിലുണ്ട്.

അമ്മമാരെ സംബന്ധിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് സംവാദം കഴിഞ്ഞ ദിവസമാണ് വായിച്ചത്. എം.അബ്ദുല്‍ റഷീദ് എഴുതിയ കുറിപ്പില്‍ 'അമ്മ എന്നാല്‍ തൂശനില സദ്യപോലെ ഒരു വിഭവമല്ല. അമ്മയെന്ന യാഥാര്‍ത്ഥ്യത്തെ ഇനിയെങ്കിലും ആ പഴഞ്ചന്‍ അടുക്കളവട്ടത്തിലിട്ടല്ല നാം ചര്‍ച്ച ചെയ്യേണ്ടത്' എന്ന നിരീക്ഷണം ശ്രദ്ധയില്‍പ്പെട്ടു. അമ്മമാരെ അടുക്കളയിലിട്ട് ചര്‍ച്ച ചെയ്യാന്‍ ഇന്നും ഒരുതലമുറക്കും താല്‍പര്യമില്ല. അനുകമ്പയുടെ മലവെള്ളപ്പാച്ചില്‍ അമ്മയുടെ മുകളില്‍ തട്ടി തലോടണമെങ്കില്‍ അമ്മ അടുക്കളയില്‍ തന്നെ ഉണ്ടാവണം എന്ന വാശി പലപ്പോഴും അമ്മമാര്‍ക്ക് തന്നെയാണുള്ളത്. അല്ലെങ്കില്‍ ഒരുപക്ഷെ തന്റെ ഡിഗ്രിക്ക് പഠിക്കുന്ന പെണ്‍മക്കള്‍ക്ക് ചോറും മീന്‍കറിയും വെക്കാനുള്ള ട്രെയിനിംഗ് നല്‍കുമായിരുന്നില്ല, അതിന് മുന്‍തൂക്കം നല്‍കുമായിരുന്നില്ല. ഭാവിയില്‍ അവളിലെ ഉത്തമഭാര്യയെയും അമ്മയെയും തിട്ടപ്പെടുത്തുന്നത് ആ രുചിക്കൂട്ടുകളാണ് എന്ന മിഥ്യ പകര്‍ന്നുനല്‍കില്ലായിരുന്നു. 

മാറുന്ന തലമുറയെ ഇത്തരം മിഥ്യാസങ്കല്പങ്ങളിലൂടെ തിരുകി വിടുന്നതും സ്ത്രീ സമത്വത്തിനും, സ്വാതന്ത്ര്യത്തിനും, മുറവിളികൂട്ടാന്‍ ചുക്കാന്‍ പിടിക്കുന്നതും ഇതേ അമ്മമാര്‍ എന്നത് ഇരട്ടത്താപ്പ് തന്നെയല്ലേ?

അമ്മമാര്‍ തന്നെ സൃഷ്ടിച്ചെടുത്ത പരമ്പരാഗത കൈത്തൊഴിലുകള്‍ അടുക്കളയുടെ ചുവരുകള്‍ക്കുള്ളില്‍ വട്ടമിട്ടുപറക്കുന്നടത്തോളം കാലം ഒരുവശത്ത് അമ്മമാരോടുള്ള അനുകമ്പ തുടരുകയും മറുവശത്ത് ചട്ടക്കൂട് പൊളിക്കാനുള്ള മുദ്രാവാക്യങ്ങള്‍ മുഴങ്ങുകയും ചെയ്യും.

എന്തിനേറെ, ഭാഷയില്‍പോലും പുരുഷമേധാവിത്തമാണെന്ന വികാരം പുതുതലമുറ പ്രകടിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. 'ഭാര്യ' എന്നാല്‍ 'ഭരിക്കപ്പെടേണ്ടവള്‍'! വിമോചനം തുടങ്ങുന്നവര്‍ ഭാഷയിലെ തന്നെ ഈ വിവേചനത്തില്‍ നിന്ന് തുടങ്ങേണ്ടതുണ്ട്. 

പെണ്‍മക്കള്‍ക്ക് ആര്‍ത്തവപ്രക്രിയ ആരംഭിച്ചതുമുതല്‍ കൊട്ടിയടക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ പരമ്പരാഗത വേലിക്കെട്ടുകള്‍. ഒറ്റക്കുള്ള യാത്ര, ഓട്ടം, ചാട്ടം, ശബ്ദമുണ്ടാക്കല്‍, 'നീ ഒരു പെണ്ണല്ലേ, ഇത്രക്ക് ശബ്ദമൊന്നും വേണ്ട' എന്ന ഉപദേശങ്ങള്‍ നല്‍കുന്നതും സ്ത്രീ വിമോചനത്തിന് മുറവിളി കൂട്ടുന്നതും ഇതേ അമ്മമാര്‍.

അമ്മയാകുമ്പോള്‍ മാറുന്ന തീരുമാനങ്ങളില്‍ ഒന്നാണ് പ്രണയത്തെക്കുറിച്ച് അതുവരെ ഉണ്ടായിരുന്ന സങ്കല്പങ്ങള്‍. പ്രണയത്തിന്റെ ഭീകരമുഖങ്ങള്‍ മക്കളിലേക്ക് ഓതിക്കേള്‍പ്പിക്കുന്നതും പണ്ട് കാമുകിയായിരുന്ന അമ്മയെന്നത് ചിരി ഉണര്‍ത്തുന്ന കാര്യം.

മുസ്ലീം സുഹൃത്തിനൊപ്പം നിന്നെടുത്ത ഫോട്ടോ കണ്ട അമ്മ തന്റെ മകളോട്  'നീ ജിഹാദിന് പോകുവാണോ?' എന്ന അര്‍ത്ഥശൂന്യമായ ചോദ്യങ്ങള്‍ ചോദിക്കുന്ന കാലമാണ്. അടുക്കളയെന്ന തന്റെ കൊട്ടാരത്തിന്റെ പടിവാതിലില്‍ നിന്ന് അയല്‍പ്പക്കത്തെ കൂട്ടുകാരിയുടെ പരദൂഷണങ്ങളിലും അവരുമായുള്ള അന്താരാഷ്ട്ര ചര്‍ച്ചകളിലും ചുരുങ്ങുന്നു അമ്മയുടെ ലോകത്തെകുറിച്ചുള്ള സങ്കല്പങ്ങള്‍. അതിനപ്പുറത്തു വരാന്‍, തന്റെ കംഫര്‍ട്ട് സോണ്‍ വിട്ട് ലോകത്തിലേക്കിറങ്ങാന്‍ മടിക്കുന്നു അമ്മ. പിന്നെങ്ങനെ അമ്മയുടെ ചര്‍ച്ചകള്‍ അടുക്കളക്കപ്പുറത്തേക്ക് നീങ്ങും?

ഒരു കുടുംബത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ കൃത്യമായി ബാലന്‍സ് ചെയ്യുന്നതില്‍ വൈദഗ്ധ്യം അച്ഛനെക്കാള്‍ അമ്മക്ക് തന്നെയാണ്. ജോലിയുള്ള അമ്മമാരാകട്ടെ ടെന്‍ഷന്‍ നിറഞ്ഞ ജീവിതത്തില്‍ ജോലിയും കുടുംബവും ബാലന്‍സ് ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ കുടുംബ ജീവിതത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും തീരുമാനിക്കപ്പെട്ടിട്ടുള്ള പരമ്പരാഗത കടമകളില്‍ നിന്നും അല്പം മാറി ഇരുവരും പങ്കിട്ട് ചെയ്യേണ്ടതാണ് ഓരോ കാര്യങ്ങളും. അല്ലാത്തപക്ഷം ഇന്നല്ലെങ്കില്‍ നാളെ കുടുംബത്തിന്റെ താളം തെറ്റി തുടങ്ങും.

പുതിയ തലമുറയിലെ പരിഷ്‌കൃതരായ ഒരുകൂട്ടം അമ്മമാര്‍ ഒരല്പം വ്യത്യസ്തരാവുന്നുണ്ട്. പരമ്പരാഗത ചിന്തകളില്‍ നിന്നും അവര്‍ ഏറെ വ്യത്യസ്തരാവുന്നു. ബ്യൂട്ടി കോണ്‍ഷ്യസായ ഇക്കൂട്ടര്‍ അമ്മയായാല്‍ സൗന്ദര്യം കുറയുമെന്ന ചിന്തയില്‍ അമ്മയാവാന്‍ മടിക്കുന്നു, അല്ലെങ്കില്‍ വൈകുന്നു, കുഞ്ഞിന് മുലപ്പാല്‍ നിഷേധിക്കുന്നു. ഇത്തരത്തില്‍ ന്യൂജെന്‍ അമ്മമാര്‍ പതിവ് അമ്മ സങ്കല്പങ്ങള്‍ക്ക് വിരോധാഭാസം ആവുന്നുണ്ട്.

എന്നാല്‍ അമ്മിഞ്ഞപ്പാലുപോല്‍ മാധുര്യമുള്ള 'അമ്മ' എന്ന അത്ഭുതം സങ്കല്പങ്ങള്‍ക്കും എക്‌സെപ്ഷണല്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കും അപ്പുറമാണ്. ഒരു അമ്മക്ക് സമൂഹം എപ്പോഴും വലിയ പിന്തുണ നല്കാറുണ്ട്. അടുക്കളയുടെ ചട്ടക്കൂടിന് അപ്പുറം അമ്മയുടെ ചര്‍ച്ചകള്‍ നീളണം. പക്ഷെ ആ ചര്‍ച്ചക്ക് അമ്മ തന്നെ മുന്നിട്ടിറങ്ങണം. ഉയര്‍ന്നു പറക്കണം.

പരമ്പരാഗത ജീര്‍ണതയില്‍ നിന്ന് മാറിത്തുടങ്ങാതെ അമ്മമാര്‍ എവിടെയും എത്തില്ല. അടുത്ത തലമുറ എങ്കിലും ആ പഴഞ്ചന്‍ അമ്മ സങ്കല്‍പങ്ങളില്‍ നിന്ന് വ്യതിചലിക്കട്ടെ! ആ ജീര്‍ണിച്ച രുചിക്കൂട്ടുകള്‍ ഉള്‍ക്കൊണ്ട പാഠങ്ങള്‍ ചട്ടിക്കും കറിക്കും പുകക്കും അപ്പുറം വാഴട്ടെ. അങ്ങനെ ചെയ്യാതിരുന്നാല്‍ ഈ സമൂഹത്തിന്റെ അനുകമ്പ മാത്രം നിങ്ങള്‍ക്ക് ഒപ്പമുണ്ടാകും; എന്നും.

സ്വാതി ശശിധരന്‍: 'അമ്മ ജീവിത'ത്തിന്റെ വില ഇപ്പോള്‍ എനിക്കറിയാം, അതിനു നല്‍കേണ്ട വിലയും!

ആയിശ സന: ഇങ്ങനെയുമുണ്ട് അമ്മമാര്‍; ആശ്രയമറ്റ വിങ്ങലുകള്‍!

ശ്രുതി രാജേഷ്സ്വപ്നങ്ങള്‍ പൂട്ടിവെക്കാനുള്ള  ചങ്ങലയല്ല അമ്മജീവിതം

എം അബ്ദുല്‍ റഷീദ്: അമ്മമാരേ, ഈ ഉത്തരവാദിത്ത  ചര്‍ച്ചയില്‍ അച്ഛന്‍ എവിടെയാണ്?

Follow Us:
Download App:
  • android
  • ios