ചുറ്റുമുള്ളത് കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍,ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

സ്വയം സദാചാര പോലീസായി മാറുന്ന ഒരു വിഭാഗമിവിടെയുണ്ട്. അവര്‍ കാണിക്കുന്നതാവട്ടെ തനി ഗുണ്ടായിസവും. എന്നിട്ട് അതിനെ വിളിക്കുന്നതാണ് 'മോറല്‍ പൊലീസിങ്ങ്'

ഒരാണും, പെണ്ണും ഒരുമിച്ചിരുന്നാല്‍, സംസാരിച്ചാല്‍, ഒരുമിച്ചു നടന്നാല്‍ അപ്പോ ഉണരും അവരിലെ സദാചാര വികാരം. അത് അച്ഛനും മകളുമോ, ഭാര്യയും ഭര്‍ത്താവോ , സഹോദരനും സഹോദരിയുമോ, കാമുകനും കാമുകിയുമോ ആരുമായി കൊള്ളട്ടെ... ഇക്കൂട്ടരുടെ  മുമ്പില്‍ പെട്ടാല്‍ തല്ല് ഉറപ്പാ എന്നതിലേക്കെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍.

സദാചാര ആക്രമണങ്ങള്‍ കൊലപാതകത്തില്‍ അവസാനിച്ച സംഭവത്തിനു വരെ സാക്ഷിയാകേണ്ടി വന്നു കേരളം. എളുപ്പത്തില്‍ വിലപ്പോവും എന്നുള്ളതുകൊണ്ട് അവനവന്റെ ഗുണ്ടായിസത്തെ സമൂഹമധ്യത്തില്‍ ന്യായീകരണത്തിനു വേണ്ടി മതങ്ങളേയും, ധാര്‍മികതയേയും ഉപയോഗിക്കുകയും ചെയ്യുന്നു.

പൊതുസ്ഥലത്ത് സദാചാര വിരുദ്ധത പ്രവര്‍ത്തിക്കുന്നു എന്ന കാരണം പറഞ്ഞ്, രണ്ടുപേരുടെ സ്വകാര്യ നിമിഷങ്ങള്‍ അവരുടെ സമ്മതമില്ലാതെ പകര്‍ത്തി അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും, ലോകത്തിനു മുമ്പില്‍ അപമാനിക്കുകയും ചെയ്യുന്നതാണോ സദാചാരം? യഥാര്‍ത്ഥത്തില്‍ ഇവിടെ ആരാണ് സദാചാര വിരുദ്ധര്‍? അനുവദിക്കപ്പെട്ട സ്വാതന്ത്ര്യം ഉപയോഗിക്കുന്ന ഒരാണും, പെണ്ണുമോ? അതല്ല മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടുക എന്ന നിയമ വിരുദ്ധത പ്രവര്‍ത്തിക്കുന്ന സദാചാര ഗുണ്ടകളോ?

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയ്ക്കും, പുരുഷനും പരസ്പരം അവര്‍ക്കിഷ്്ടമുള്ളത് സമൂഹത്തിന് ഉപദ്രവകരമല്ലാത്ത രീതിയില്‍ ചെയ്യുന്നതിന് യാതൊരു നിയമതടസ്സവുമില്ല. മാത്രവുമല്ല, അവരുടെ സംരക്ഷണത്തിന് നിയമത്തെ ആശ്രയിക്കാനുള്ള അവകാശവും ഇന്ത്യന്‍ ഭരണഘടനയിലുണ്ട്. ഇവിടെ പ്രശ്‌നം അസൂയയാണ് . എനിക്ക് ചെയ്യാന്‍ സാധിക്കാത്തത് മറ്റാരും ചെയ്യാന്‍ പാടില്ല എന്നുള്ള നിലപാടാണ് ഈ ഗുണ്ടായിസത്തിനു പിന്നിലുള്ള ചേതോവികാരം. അത് അച്ഛനേയും, അമ്മയേയും, മക്കളേയും കണ്ടാല്‍ തിരിച്ചറിയാത്ത രീതിയിലേക്ക് മാറിയിരിക്കുന്നു എന്നതാണ് ലജ്ജാവഹം .

കഴിഞ്ഞ ഫെബ്രുവരിയിലാണ് കല്‍പ്പറ്റയില്‍, ബാഗ്ലൂരിലേക്കുള്ള ബസ് കാത്ത് നില്‍ക്കുകയായിരുന്ന അച്ഛനേയും രണ്ടു പെണ്‍മക്കളേയും സദാചാര പോലീസ് ചമഞ്ഞ ഏഴ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മര്‍ദ്ദിച്ചത് . സംഭവത്തിനു ശേഷം പെണ്‍കുട്ടികളെ പുറത്തിറങ്ങാന്‍ പോലും ഭയക്കുന്ന മാനസികാവസ്ഥയിലേക്ക് കൊണ്ടു ചെന്നെത്തിച്ചു മോറല്‍ പോലീസുകാര്‍.

കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു തൃശൂര്‍ കൊടുങ്ങല്ലൂരില്‍ സദാചാര ഗുണ്ടകള്‍ യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിക്കുകയും, ചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. തൊട്ടടുത്ത മാസം കൊല്ലത്ത്, അഴീക്കല്‍ ബീച്ചില്‍ വാലന്‍ൈറന്‍സ് ദിനത്തില്‍ കൂട്ടുകാരിയോടൊപ്പം വന്ന അനീഷ് എന്ന ചെറുപ്പക്കാരനെ സദാചാര പോലീസുകാര്‍ ആക്രമിക്കുകയും, അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന്റെ ഫലമായി യുവാവിന് ജോലി നഷ്ടമാവുകയും ചെയ്തു. അപമാനിക്കപ്പെട്ടതിന്റെ മനോവിഷമത്തില്‍ ആ യുവാവ് ആത്മഹത്യ ചെയ്തു.

കൊച്ചിന്‍ മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കളെ ഒരു സംഘം സദാചാര ഗുണ്ടകള്‍ ചൂരല്‍ വടി കൊണ്ട് അടിച്ചോടിച്ചിട്ടുണ്ട്. അതും സാക്ഷര കേരളത്തില്‍ തന്നെ. ഭാര്യാ ഭര്‍ത്താക്കന്മാരേയും ഇവര്‍ വെറുതെ വിടാറില്ല. നിരവധി ദമ്പതിമാര്‍ ഇത്തരക്കാരുടെ ഗുണ്ടായിസത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. മറ്റുള്ളവരുടെ കൈക്കരുത്തിന് മുന്നില്‍ സ്വന്തം സ്വാതന്ത്ര്യം തകര്‍ന്നു വീഴുന്ന കാഴ്ചയാണ് ഇവിടെയൊക്കെ കണ്ടത് .

ഒന്നിച്ചിരിക്കുന്ന സ്ത്രീ പുരുഷന്മാര്‍ക്ക് നേരെ സദാചാരത്തിന്റെ ചോദ്യങ്ങളുയരുന്നതും, അക്രമിക്കപ്പെടുന്നതും പതിവാകുകയാണ്. സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചാലും അത് ചെവിക്കൊള്ളാനോ , ഉള്‍ക്കൊള്ളാനോ തയ്യാറാവാത്തതിന്റെ പിന്നിലുള്ള ചേതോവികാരം മനസിലാക്കാവുന്നതേയുള്ളൂ . 

യഥാര്‍ത്ഥത്തില്‍ 'സദാചാര പോലീസ്' എന്ന പ്രയോഗം തന്നെ തിരുത്തപ്പെടേണ്ടതാണ്. ഇത്തരം കേസുകളില്‍ സദാചാരവുമില്ല , പോലീസിങ്ങുമില്ല. ഗുണ്ടായിസം മാത്രം. ഒരു നിയമ വ്യവസ്ഥയും ഇത്തരത്തിലുള്ള 'മോറല്‍ പോലീസിങ്ങി'നെക്കുറിച്ച് പറയുന്നുമില്ല. ഒരു പൗരന് അനുവദിക്കപ്പെട്ടിട്ടുള്ള സ്വാതന്ത്ര്യം സംഘം ചേര്‍ന്ന് തടയുന്നത് ഗൗരവതരമായ നിയമലംഘനമാണ്. ശക്തമായി എതിര്‍ക്കപ്പെടേണ്ടവയാണ്. 

കര്‍ശനമായ നിയമങ്ങള്‍ കൊണ്ട് തടയിടുകയും, സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരികയും ചെയ്തില്ലെങ്കില്‍ സദാചാര ആക്രമണത്തില്‍ രക്തസാക്ഷി ആകുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. 

 

അവര്‍ പറഞ്ഞത്
അനു അശ്വിന്‍: കീറിമുറിക്കുന്ന ആണ്‍നോട്ടങ്ങള്‍ നിര്‍ത്താറായില്ലേ?

ആരതി പി നായര്‍: പ്രണയത്തെ മനസ്സിലാക്കാന്‍  കേരളം എന്ന് പഠിക്കും?​

റഹ്മ സുല്‍ത്താന: നമ്മുടെ ഉള്ളിലെ വംശീയത  അറിയാന്‍ 26 സന്ദര്‍ഭങ്ങള്‍

റസിലത്ത് ലത്തീഫ്: നീനുവിന്റെ ജീവിതം എന്താവണമെന്ന് വിധിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം?​

അനഘ നായര്‍: പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് നിന്നാല്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം?

നോമിയ രഞ്ജന്‍: ഈ മനുഷ്യവിരുദ്ധത എന്തിനാണ്  നിങ്ങളിങ്ങനെ ഫോര്‍വേഡ് ചെയ്യുന്നത്?