Asianet News MalayalamAsianet News Malayalam

മരണത്തിന്‍റെ മണമുള്ള 'ആത്മഹത്യാ വനം'; ഇവിടെയെത്തിയാല്‍ കോമ്പസും മൊബൈൽ ഫോണുകളും പ്രവര്‍ത്തിക്കാതാകും?

മൃതദേഹങ്ങൾ നിറഞ്ഞ ആ 'ആത്മഹത്യ വനം' എല്ലാവർക്കും ഒരു പേടിസ്വപ്‍നം തന്നെയാണ്. അവിടെ ചെന്നാൽ ആത്മഹത്യ ചെയ്‍ത നൂറുകണക്കിന് ആളുകളുടെ ഫോട്ടോകൾ കാണാം.

The suicide forest of Japan
Author
Japan, First Published Feb 23, 2020, 12:36 PM IST

യാത്ര ചെയ്യാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? നാം പോകുന്ന ഓരോ സ്ഥലത്തിനും ഒരായിരം കഥകൾ നമ്മോട് പറയാനുണ്ടാകും. അവിടെ വന്നുപോയവരുടെ, ജീവിച്ചിരുന്നവരുടെയൊക്കെ സ്നേഹത്തിന്‍റെ.. നൊമ്പരത്തിന്‍റെയൊക്കെ.. കഥകൾ... ജപ്പാനിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് അക്കിഗഹാര ജുക്കായ് വനം. ആ സ്ഥലത്തിനുമുണ്ട് പറയാൻ ഒരുപാട് കഥകൾ... പക്ഷേ, അതിൽ മരണത്തിന്റെ നിഗൂഢതയുടെ, ഭീതിയുടെ നിഴല്‍പ്പാടുകള്‍ കാണാം. 

The suicide forest of Japan

 

ഫുജി പർവതത്തിന്റെ അടിത്തട്ടിലാണ് ഇടതൂർന്ന ഈ വനമേഖല സ്ഥിതിചെയ്യുന്നത്. ആകാശത്തെ മറച്ചുകൊണ്ട് ഇടതൂർന്ന്  നിൽക്കുന്ന മരങ്ങൾ ഒരു കടലുപോലെ തോന്നിപ്പിക്കും. അതുകൊണ്ട് തന്നെ ഇതിനെ ജുക്കായ് അഥവാ 'മരങ്ങളുടെ കടൽ' എന്നും വിളിക്കുന്നു. പായൽ പൊതിഞ്ഞ വേരുകൾ ഒരിക്കൽ അവിടെ ഒഴുകിയ ഉണങ്ങിയ ലാവയുടെ മുകളിൽ വളരുന്നു. വഴിതെറ്റാൻ സാധ്യതയുള്ള ഒരു സ്ഥലമാണത്. അതുകൊണ്ട് തന്നെ നടപ്പാതകളിലൂടെ മാത്രം നടക്കാൻ സന്ദർശകർക്ക് അവിടെ നിർദ്ദേശമുണ്ട്. എന്നിരുന്നാലും, അവിടെ വരുന്നവരിൽ കൂടുതലും സ്ഥലം ചുറ്റിക്കാണാനല്ല എത്തുന്നത്. ഒരിക്കലും പുറത്തുവരരുത് എന്ന ഉദ്ദേശ്യത്തോടെയാണ് അവർ ആ കാടിനുള്ളിൽ പ്രവേശിക്കുന്നത്. ആത്മഹത്യ ചെയ്യുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമെന്ന നിലയിൽ കുപ്രസിദ്ധി നേടിയതാണ് ഇവിടം.

The suicide forest of Japan

 

അവിടെ വായുവിൽ പോലും മരണത്തിന്റെ ഗന്ധം തങ്ങിനിൽക്കുന്നു. അതിന്റെ നിഗൂഢതയും, വന്യതയും കാരണം ആളുകൾക്ക് ആത്മഹത്യ ചെയ്യാനുള്ള ഏറ്റവും അനുയോജ്യമായ ഒരു സ്ഥലമായി അക്കിഗഹാരയെ മാറുന്നു. മൃതദേഹങ്ങൾ നിറഞ്ഞ ആ 'ആത്മഹത്യ വനം' എല്ലാവർക്കും ഒരു പേടിസ്വപ്‍നം തന്നെയാണ്. അവിടെ ചെന്നാൽ ആത്മഹത്യ ചെയ്‍ത നൂറുകണക്കിന് ആളുകളുടെ ഫോട്ടോകൾ കാണാം. തൂങ്ങിമരിച്ചതോ, വിഷം കഴിച്ച് മരിച്ചതോ ആയ ആളുകൾ ഉപേക്ഷിച്ച ഫോട്ടോകൾ, പ്രിയപ്പെട്ടവർക്ക് കൊടുക്കാനായി സൂക്ഷിച്ച വസ്‍തുക്കള്‍, അവരുപയോഗിച്ച അഴുകിയ കയറുകൾ എല്ലാം നമുക്കവിടെ കാണാം. 

The suicide forest of Japan

 

ജാപ്പനീസ് പുരാണമനുസരിച്ച് 'യാരെയുടെ വാസസ്ഥലം' അഥവാ 'മരിച്ചവരുടെ പ്രേതങ്ങൾ' എന്നാണ് ഈ വനം അറിയപ്പെടുന്നത്. ഔദ്യോഗിക രേഖകൾ പ്രകാരം 2003 -ൽ നൂറ്റിയമ്പതോളം മൃതദേഹങ്ങൾ ആ കാട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. അവയിൽ മിക്കതും വന്യമൃഗങ്ങൾ തിന്നുകയോ അഴുകുകയോ ചെയ്‍തു. ആ വനത്തിന്റെ മറ്റൊരു പ്രത്യേകത, ഈ പ്രദേശത്തെ മണ്ണ് കാന്തിക അയണുകളാൽ സമ്പന്നമാണ് എന്നതാണ്. എല്ലാ ആധുനിക സാങ്കേതികവിദ്യകളും കോമ്പസും മൊബൈൽ ഫോണുകളും ഇവിടെ എത്തുമ്പോൾ പ്രവർത്തിക്കാതാവും. മൊബൈൽ ഫോണുകൾക്ക് സിഗ്നലുകൾ ലഭിക്കാത്തതും, കോമ്പസുകൾ തെറ്റായ ദിശകൾ കാണിക്കുന്നതും കാട്ടിൽ നിന്ന് പുറത്തുവരുന്നത് അസാധ്യമാക്കുന്നു.

The suicide forest of Japan

 

ഇതൊന്നുമല്ല ഏറ്റവും ഭീകരമായ കാര്യം, ആത്മഹത്യ ചെയ്യുന്നവരുടെ മൃതദേഹങ്ങൾ വനപാലകർ കാട്ടിൽനിന്നും ശേഖരിച്ച് തിരികെ കൊണ്ടുവരുന്നു. ഈ മൃതദേഹങ്ങൾ പ്രാദേശിക ഫോറസ്റ്റ് പൊലീസ് സ്റ്റേഷന്റെ പ്രത്യേക മുറിയിലാണ് സൂക്ഷിക്കുന്നത്. ആത്മഹത്യ ചെയ്തവരുടെ ആത്മാക്കൾ രാത്രി മുഴുവൻ കരയുകയും നിലവിളിക്കുകയും സ്വന്തം ശരീരം ചലിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആളുകൾ വിശ്വസിക്കുന്നു. ഇതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. ഇതെല്ലാം ആ കാടിനെ ഒരു പ്രേതവനമാക്കി മാറ്റുന്നു. ആ കാടിനെ ചുറ്റിപ്പറ്റി ഒരുപാട് നാടോടിക്കഥകളുണ്ട്. അതിലൊന്ന്, പ്രായമായവരേയോ, രോഗികളെയോ മരിക്കാനായി ഒരു വിദൂര പ്രദേശത്ത് കൊണ്ടുപോയി തള്ളുന്ന ഒരു പതിവുണ്ട്, അങ്ങനെകൊണ്ടുതള്ളുന്ന സ്ഥലങ്ങളിലൊന്നായിരുന്നു ഇത് എന്നതാണ്. എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിലും സ്ഥലം കാണാൻ വരുന്ന സഞ്ചാരികളുടെ എണ്ണത്തിലും കുറവില്ല കേട്ടോ.  
 

The suicide forest of Japan
ഓരോ വർഷവും അവിടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. വല്ലാത്തൊരു സങ്കടം ആ കാടുകളെ വന്ന് മൂടുന്നു. ജീവിതത്തിൽ പ്രതീക്ഷ അസ്‍തമിച്ചവർ, മരണത്തെ ആവേശത്തോടെ പുൽകാൻ ആഗ്രഹിക്കുന്നവർ ഒക്കെ, ഈ മരങ്ങളുടെ ഈ കടലിനെ അവസാനത്തെ പ്രതീക്ഷയായി കണ്ട് അവിടെയെത്തി ആത്മഹത്യ ചെയ്യുകയാണത്രെ. ഏതായാലും തികച്ചും ശാസ്ത്രീയമായ പഠനങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും വേണ്ടിവരും ഈ ആത്മഹത്യാ വനത്തെ ആത്മഹത്യകളില്ലാത്ത വനമാക്കിമാറ്റാന്‍.

(ചിത്രങ്ങള്‍: ഗെറ്റി ഇമേജസ്)

Follow Us:
Download App:
  • android
  • ios