യുഎസിലെ ജോർജിയയിലെ കൊഹൂട്ട മേയർ റോൺ ഷിന്നിക്ക്, പോലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരെയും പിരിച്ചുവിട്ടു. തൻ്റെ ഭാര്യയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ച നടത്തിയതിനാണ് നടപടിയെന്നാണ് സൂചന. മേയർ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്ന് പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥർ ആരോപിച്ചു.

യുഎസിലെ ജോർജിയയിലെ ഒരു ചെറു പട്ടണത്തിലെ മേയർ ഒറ്റ രാത്രി കൊണ്ട് ഒരു പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും പിരിച്ച് വിട്ടു. പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷവിമർശനം ഉയർന്നു. ജോർജിയയിലെ കൊഹൂട്ട എന്ന നഗരത്തിന്‍റെ മേയർ റോൺ ഷിന്നിക്കാണ് കഴിഞ്ഞ ആറാം തിയതി (ബുധനാഴ്ച) ഒരു പോലീസ് സ്റ്റേഷനിലെ 10 ഓളം പോലീസ് ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടത്. ഇതിന് കാരണമായതാകട്ടെ, തന്‍റെ ഭാര്യയെ കുറിച്ച് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സമൂഹ മാധ്യമങ്ങളിൽ പരസ്യ ചർച്ച നടത്തിയതും. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരെയും ഉടൻ പുനസ്ഥാപിക്കണമെന്ന് ടൗൺ കൗൺസിൽ വോട്ട് ചെയ്തു. ഇതോടെ നഗരത്തിന് വീണ്ടും പോലീസ് സ്റ്റേഷൻ തിരികെ ലഭിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.
പിരിച്ച് വിടൽ നോട്ടീസ്
"പിഡി പിരിച്ചുവിട്ടു, എല്ലാ ഉദ്യോഗസ്ഥരെയും പിരിച്ചുവിട്ടിരിക്കുന്നു," എന്ന് പോലീസ് സ്റ്റേഷന്‍റെ വാതിലിൽ ഒരു ബോർഡ് വയ്ക്കുകയാണ് മേയർ ചെയ്തത്. നഗരത്തിലെ നിയമപാലനത്തിനായി കൗണ്ടി ഷെരീഫിന്‍റെ ഓഫീസിലേക്ക് പോകാൻ പ്രദേശത്തെ താമസക്കാരോട് നിർദ്ദേശിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. മേയറുടെ പോസ്റ്റ് പിന്നാലെ വിവാദമായി. ഇതോടെ ഒരു മാറ്റത്തിനുള്ള സമയമായെന്ന് മേയർ റോൺ ഷിന്നി, ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.
പ്രശ്നങ്ങളുടെ തുടക്കം
മേയറുടെ ഭാര്യയും മുൻ ക്ലാർക്കുമായ പാം ഷിന്നിക്ക്, പുറത്താക്കപ്പെട്ടിട്ടും ജോലിയിൽ തുടരുകയാണെന്നും രഹസ്യാത്മകവും വ്യക്തിപരവുമായ വിവരങ്ങൾ അവർക്ക് ഇപ്പോഴും ലഭ്യമാണെന്നും ആരോപിച്ച് കഴിഞ്ഞ മാസം നിരവധി പോലീസ് ഉദ്യോഗസ്ഥർ പരാതി നൽകിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. 1,000-ൽ താഴെ ആളുകൾ മാത്രമുള്ള നഗരത്തിൽ 'ശത്രുതാപരമായ തൊഴിൽ അന്തരീക്ഷം' സൃഷ്ടിച്ചു എന്ന് ആരോപിച്ചാണ് പാം ഷിന്നിക്കിനെ കഴിഞ്ഞ വർഷം ജോലിയിൽ നിന്നും പുറത്താക്കിയത്. നിരവധി പരാതികൾ ഉയർന്നതോടെ മേയർ, പോലീസ് മേധാവി ഗ്രെഗ് ഫൗളർ, ടൗൺ അറ്റോർണി ബ്രയാൻ റെയ്ബേൺ എന്നിവരുമായി സംയുക്ത പത്രസമ്മേളനം നടത്തി, പ്രശ്നം മധ്യസ്ഥതയിലൂടെ പരിഹരിച്ചതായി പത്രസമ്മേളനത്തിൽ അവർ അവകാശപ്പെട്ടു.
ഇടപെട്ട് ടൗൺ കൗൺസിൽ
എന്നാൽ. പത്ര സമ്മേളനം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും മേയർ പുറത്താക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. പുറത്താക്കിയ ഉദ്യോഗസ്ഥരോട് ഔദ്ധ്യോഗീക സാധനങ്ങളെല്ലാം തിരികെ ഏൽപ്പിക്കാനും ആവശ്യപ്പെട്ടു. അതേസമയം മേയർ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്ന് പോലീസുകാരും ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കിയത് നഗരത്തിൽ വലിയ ചർച്ചയായി. ഇതിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ച ടൗൺ കൗൺസിൽ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വോട്ടു ചെയ്തു.


