അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്ക് പൂജ്യം താരിഫ് ഏര്‍പ്പെടുത്താന്‍ ഇന്ത്യ തയ്യാറായിരുന്നു. ഇത് അമേരിക്കന്‍ കയറ്റുമതിയുടെ 40% വരുമായിരുന്നു.

ന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലെത്തിയെന്ന് തോന്നലുണ്ടായിരുന്നെങ്കിലും ചര്‍ച്ചകള്‍ പാളിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഞ്ച് ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്നും താരിഫ് 15% ആയി കുറയ്ക്കുമെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് സൂചന നല്‍കിയിരുന്നു. ഓഗസ്റ്റ് ഒന്നിന് മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ പ്രഖ്യാപനം നടത്തുമെന്നും ഇന്ത്യ പ്രതീക്ഷിച്ചു. എന്നാല്‍, ഈ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി, പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. പിന്നാലെ, വെള്ളിയാഴ്ച മുതല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% താരിഫ് ഏര്‍പ്പെടുത്തുകയും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് പിഴ ചുമത്തുമെന്നും അമേരിക്ക പ്രഖ്യാപിച്ചു. അതേസമയം, ട്രംപ് ജപ്പാനും യൂറോപ്യന്‍ യൂണിയനുമായി വലിയ വ്യാപാരക്കരാറുകളില്‍ ഒപ്പുവച്ചു. ഇന്ത്യയുടെ പ്രധാന എതിരാളിയായ പാകിസ്താനുമായി കൂടുതല്‍ മെച്ചപ്പെട്ട വ്യവസ്ഥകളോടെയുള്ള കരാറുകളും ട്രംപ് വാഗ്ദാനം ചെയ്തു. 25 ശതമാനം കൂടി അധിക താരിഫ് ഏർപ്പെടുത്തും എന്നുള്ള വാൾ ഇന്ത്യയ്ക്ക് മേൽ ട്രംപ് വീശിയിട്ടുണ്ട്. 

സാങ്കേതികമായി മിക്ക കാര്യങ്ങളിലും ധാരണയായിരുന്നിട്ടും തെറ്റായ കണക്കുകൂട്ടലുകളും ആശയക്കുഴപ്പങ്ങളുമാണ് ചര്‍ച്ചകളെ തകിടം മറിച്ചതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ വൈറ്റ് ഹൗസ്, യു.എസ്. ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ്, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, വിദേശകാര്യ-വാണിജ്യ മന്ത്രാലയങ്ങള്‍ എന്നിവ തയ്യാറായില്ല.

വഴിമുട്ടിയത് എവിടെ?

വാണിജ്യ മന്ത്രി പീയൂഷ് ഗോയലിന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിനും യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ ഡല്‍ഹി സന്ദര്‍ശനത്തിനും ശേഷം ഇന്ത്യ കരാര്‍ നടപ്പാകുന്നതിന് വേണ്ടി കൂടുതല്‍ വഴങ്ങിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്ക് പൂജ്യം താരിഫ് ഏര്‍പ്പെടുത്താന്‍ ഇന്ത്യ തയ്യാറായിരുന്നു. ഇത് അമേരിക്കന്‍ കയറ്റുമതിയുടെ 40% വരുമായിരുന്നു. രാജ്യത്തിനകത്ത് വലിയ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നറിഞ്ഞിട്ടും അമേരിക്കന്‍ കാറുകള്‍ക്കും മദ്യത്തിനും താരിഫ് ഘട്ടംഘട്ടമായി കുറയ്ക്കാനും ഊര്‍ജ്ജ-പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ഇറക്കുമതി ചെയ്യാനും ഇന്ത്യ സമ്മതിച്ചു.

വാഷിംഗ്ടണില്‍ നടന്ന അഞ്ചാംഘട്ട ചര്‍ച്ചകളില്‍ മിക്ക അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കപ്പെട്ടു. ഇത് മുന്നേറ്റത്തിന് വഴിതുറക്കുമെന്നും കരുതി, അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക, ക്ഷീര ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കുന്നതിലുള്ള ഇന്ത്യയുടെ എതിര്‍പ്പ് അമേരിക്ക അംഗീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വിശ്വസിച്ചു. എന്നാല്‍, ട്രംപിന്റെ കാഴ്ചപ്പാട് വ്യത്യസ്തമായിരുന്നു. അദ്ദേഹത്തിന് കൂടുതല്‍ ഇളവുകള്‍ വേണമായിരുന്നു.

അമിത ആത്മവിശ്വാസവും തെറ്റായ കണക്കുകൂട്ടലുകളും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയില്‍ വാഷിംഗ്ടണ്‍ സന്ദര്‍ശിച്ചപ്പോള്‍ ഈ വര്‍ഷം അവസാനത്തോടെ കരാര്‍ രൂപീകരിക്കാനും 2030-ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറായി ഉയര്‍ത്താനും ധാരണയായിരുന്നു. 47 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മി നികത്താന്‍, അമേരിക്കയില്‍ നിന്ന് 25 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഊര്‍ജ്ജ ഉല്‍പ്പന്നങ്ങളും പ്രതിരോധ സാമഗ്രികളും വാങ്ങാന്‍ ഇന്ത്യ സമ്മതിച്ചിരുന്നു. ഒരു 'വലിയ' കരാര്‍ വരുമെന്ന ട്രംപിന്റെ പ്രസ്താവന ഇന്ത്യയ്ക്ക് അമിത ആത്മവിശ്വാസം നല്‍കി. ഇത് അനുകൂലമായ കരാര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന സൂചനയായി ഇന്ത്യ കണക്കാക്കി. തുടര്‍ന്ന് കാര്‍ഷിക, ക്ഷീര മേഖലകളിലെ തങ്ങളുടെ നിലപാടുകള്‍ ഇന്ത്യ കടുപ്പിച്ചു. ഏപ്രിലില്‍ പ്രഖ്യാപിച്ച 10% താരിഫില്‍ നിന്ന് ഇളവ് നേടാനും സ്റ്റീല്‍, അലുമിനിയം, വാഹനങ്ങള്‍ എന്നിവയുടെ തീരുവകള്‍ പിന്‍വലിപ്പിക്കാനും ഇന്ത്യ ശ്രമിച്ചു. പിന്നീട്, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായി അമേരിക്ക കരാറുകള്‍ ഒപ്പുവച്ചതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ കുറഞ്ഞു. അപ്പോഴും കുറഞ്ഞ ഇളവുകളോടെ 15% താരിഫ് നിരക്ക് നേടാന്‍ കഴിയുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചു. എന്നാല്‍, വൈറ്റ് ഹൗസിന് ഇത് സ്വീകാര്യമായിരുന്നില്ല. മറ്റുള്ളവര്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നല്‍കാന്‍ ഇന്ത്യ തയ്യാറല്ലായിരുന്നുവെന്ന് ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ സമ്മതിച്ചു. ഉദാഹരണത്തിന്, ട്രംപിന്റെ ഓഗസ്റ്റ് ഒന്ന് സമയപരിധിക്ക് തൊട്ടുമുമ്പ് കരാറിലെത്തിയ ദക്ഷിണ കൊറിയ 350 ബില്യണ്‍ ഡോളര്‍ നിക്ഷേപവും ഉയര്‍ന്ന ഊര്‍ജ്ജ ഇറക്കുമതിയും അരി, മാംസം എന്നിവയില്‍ ഇളവുകളും വാഗ്ദാനം ചെയ്ത് 25% ന് പകരം 15% താരിഫ് നിരക്ക് നേടി.

വഴി തെറ്റിയ നയതന്ത്രം

ഒരു ഘട്ടത്തില്‍ ഇരുപക്ഷവും കരാറില്‍ ഒപ്പിടുന്നതിന് വളരെ അടുത്തായിരുന്നുവെന്ന് മുന്‍ യു.എസ്. ട്രേഡ് റെപ്രസന്റേറ്റീവ് മാര്‍ക്ക് ലിന്‍സ്‌കോട്ട് പറഞ്ഞു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥനാകാനുള്ള ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍ ചര്‍ച്ചകളെ കൂടുതല്‍ വഷളാക്കുകയും മോദി - ട്രംപ് ചര്‍ച്ചകള്‍ക്ക് അത് തടസ്സമാവുകയും ചെയ്തു. വിയറ്റ്നാം, ഇന്തോനേഷ്യ, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായി അമേരിക്ക മെച്ചപ്പെട്ട കരാറുകളില്‍ ഏര്‍പ്പെട്ടതും ഇന്ത്യക്ക് അനുകൂലമായ കരാറിന് വിലങ്ങുതടിയായി.

ഇനിയെന്ത്?

ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഒരു യു.എസ്. പ്രതിനിധി സംഘം ഈ മാസം ഡല്‍ഹിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴും സാധ്യതയുണ്ടെന്ന് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും പറഞ്ഞു. കാര്‍ഷിക-ക്ഷീര മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കഴിയുന്ന മേഖലകള്‍ സര്‍ക്കാര്‍ വീണ്ടും പരിശോധിക്കുന്നുണ്ടെന്ന് ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.