ദില്ലി: ഇന്ത്യയില്‍ വിപണി സാധ്യതകള്‍ തുറന്നിട്ട് ബ്രിട്ടനില്‍ വെണ്ണ ക്ഷാമം. ഉത്പാദനം കുറഞ്ഞതാണ് വെണ്ണ പ്രതിസന്ധിക്ക് കാരണം. ക്ഷാമം മറികടക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള പാല്‍ ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാനാകുമോ എന്ന് ഉറ്റുനോക്കുകയാണ് ബ്രിട്ടന്‍. ഒരു മാസത്തിനുള്ളില്‍ ബ്രിട്ടനില്‍ വെണ്ണയ്ക്ക് 20 ശതമാനമാണ് വില കൂടിയത്. 

സാധാരണക്കാര്‍ക്ക് വെണ്ണ അപ്രാപ്യമാകുന്ന സ്ഥിതി. ഉത്പാദനം കുറഞ്ഞതാണ് വെണ്ണ വില ഉയര്‍ത്തുന്നത്. ആരോഗ്യ കാര്യങ്ങളില്‍ ജനം കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതും വെണ്ണ പ്രതിസന്ധിക്ക് കാരണമായി പറയുന്നു. അടുത്തിടെ പുറത്ത് വന്ന പഠന റിപ്പോര്‍ട്ട് അനുസരിച്ച് സംസ്‌കരിച്ച ഭക്ഷണം കഴിക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടുമെന്ന് കണ്ടെത്തിയിരുന്നു. 

ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പാല്‍, വെണ്ണ പോലുള്ള സ്വഭാവിക ആഹാര രീതിയിലേക്ക് മാറിയത് ക്ഷാമത്തിന് കാരണമായി. വെണ്ണ ക്ഷാമം കേക്ക്, പേസ്റ്ററി എന്നിവയുടെ വിലയും ഉയരുന്നുണ്ട്. നിലവിലെ സ്ഥിതി തുടര്‍ന്നല്‍ ക്രിസ്മസിന് ബ്രിട്ടനില്‍ കേക്ക് കിട്ടാത്ത സ്ഥിതി വരും. കഴിഞ്ഞ വര്‍ഷവും ക്രിസ്മസിന് വെണ്ണക്ഷാമം നേരിട്ടിരുന്നു. ബ്രിട്ടനില്‍ ക്ഷീരകര്‍ഷകരുടെ എണ്ണം പ്രതിവര്‍ഷം കുറയുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ക്ഷീരകര്‍ഷകരുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവാണ് സംഭവിച്ചത്.

വെണ്ണക്ഷാമം പരിഹരിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള പാല്‍ ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാനാകുമോ എന്ന ബ്രിട്ടന്‍ പരിശോധിക്കുന്നുണ്ട്. രണ്ട് മാസം ദില്ലിയിലെത്തിയ ബ്രീട്ടിഷ് സംഘം ഇതിന്റെ സാധ്യതകള്‍ വിലയിരുത്തിയിരുന്നു. നിലവില്‍ ലോകത്ത് ഏറ്റവും അധികം പാല്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മൊത്തം പാല്‍ ഉത്പാദനത്തിന്റെ 19 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്.