രാജ്യത്തെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വ്വെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി പാര്‍ലമെന്‍റില്‍ വെച്ചു. കാര്‍ഷിക രംഗമാകും കൂടുതല്‍ പ്രതിസന്ധിയെ നേരിടുക. കാര്‍ഷിക വായ്പ എഴുതി തള്ളിയതും, കാര്‍ഷിക ഉല്പാദനം തിട്ടപ്പെടുത്താത്തതും വളര്‍ച്ചയെ ബാധിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം 6.75 മുതല്‍ 7.5 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. അതേസമയം പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം ഈ നിലയില്‍ കുറച്ചുകൂടി മെച്ചമുണ്ടാകുമെന്നും സര്‍വ്വെ പറയുന്നു. നോട്ട് നിരോധനം ഉണ്ടാക്കിയ ആഘാതങ്ങളെ കുറിച്ച് സര്‍വ്വെയില്‍ പരാമര്‍ശമില്ല.