മുംബൈ: രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ പ്രമാണിച്ച് ബജറ്റ് എയര്‍ലൈനായ സ്പൈസ്ജെറ്റ്, ടിക്കറ്റ് നിരക്കില്‍ ആകര്‍ഷകമായ ഇളവുകള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 മുതല്‍ ആറ് ദിവസത്തേക്കാണ് സ്വാതന്ത്ര്യ ദിന ഓഫറുകള്‍ ലഭ്യമാകുന്നത്. ഇക്കാലയളവില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളില്‍ ഇക്കണോമി യാത്രയ്ക്ക് 30 ശതമാനവും പ്രീമിയര്‍ യാത്രയ്ക്ക് 20 ശതമാനവും നിരക്ക് ഇളവ് ലഭിക്കുമെന്നാണ് കമ്പനി പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.

വണ്‍ വേ, റൗണ്ട് ദ ട്രിപ്പ് യാത്രകള്‍ക്ക് ഓഫറുകള്‍ ലഭിക്കും. 44 ആഭ്യന്തര സെക്ടറുകളിലും 20 അന്താരാഷ്ട്ര സെക്ടറുകളിലുമാണ് ഓഫര്‍ ലഭിക്കുക. ഓഫര്‍ കാലയളവില്‍ ബുക്ക് ചെയ്യുന്ന ആഭ്യന്തര യാത്രാ ടിക്കറ്റുകള്‍ ഉപയോഗിച്ച് സെപ്തംബര്‍ അഞ്ച് മുതലും അന്താരാഷ്ട്ര യാത്രാ ടിക്കറ്റുകള്‍ ഉപയോഗിച്ച് സെപ്തംബര്‍ 15 മുതലും യാത്ര ചെയ്യാം.