ഭൂരിഭാഗം ആഗോള വിപണികളെയും അപേക്ഷിച്ച് ഇന്ത്യന്‍ ഓഹരി വിപണി ദുര്‍ബലമായ പ്രകടനമാണ് കാഴ്ചവെച്ചത്.  കഴിഞ്ഞ 12 മാസത്തിനിടെ സെന്‍സെക്സില്‍ നിന്നുള്ള റിട്ടേണ്‍ പൂജ്യം

ദായനികുതി ഇളവ്, ജിഎസ്ടി കുറയ്ക്കല്‍, പലിശ നിരക്കിലെ ഇളവ് , ആഭ്യന്തര ഫണ്ട് നിക്ഷേപങ്ങളുടെ ഒഴുക്ക് എന്നിവയുള്‍പ്പെടെ നിരവധി അനുകൂല ഘടകങ്ങളുണ്ടായിട്ടും കഴിഞ്ഞ 12 മാസത്തിനിടെ സെന്‍സെക്സില്‍ നിന്നുള്ള റിട്ടേണ്‍ പൂജ്യം. ഭൂരിഭാഗം ആഗോള വിപണികളെയും അപേക്ഷിച്ച് ഇന്ത്യന്‍ ഓഹരി വിപണി ദുര്‍ബലമായ പ്രകടനമാണ് കാഴ്ചവെച്ചത്. എന്തുകൊണ്ടാണ് ഈ നഷ്ടം? സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍, അടിസ്ഥാനപരമായ ചില കാരണങ്ങളാണ് ദലാല്‍ സ്ട്രീറ്റിന്റെ കുതിപ്പിന് തടയിടുന്നത്.

പ്രതീക്ഷകള്‍ തെറ്റിച്ച് കോര്‍പ്പറേറ്റ് വരുമാനം

കോവിഡ് കാലത്തിനു ശേഷമുള്ള ഉയര്‍ന്ന ഉപഭോഗം വിപണിക്ക് ഊര്‍ജം നല്‍കിയിരുന്നു. ഇത് ഓഹരി വിലകള്‍ക്ക് ഉയര്‍ന്ന മൂല്യം നല്‍കി. എന്നാല്‍, പ്രതീക്ഷിച്ച കോര്‍പ്പറേറ്റ് വരുമാനം ഉണ്ടായില്ല. നിഫ്റ്റി 50 കമ്പനികള്‍ 8% വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്. ഇത് വിപണിയുടെ പ്രതീക്ഷകള്‍ക്ക് താഴെയായിരുന്നു. നഗരങ്ങളിലെ ഉപഭോഗം വീണ്ടെടുക്കാന്‍ വൈകിയതും ഉത്പാദനച്ചെലവ് കൂടിയതും കമ്പനികളുടെ പ്രകടനത്തെ ബാധിച്ചു.

വിദേശ നിക്ഷേപകര്‍ അകലുന്നു

യുഎസുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ നയപരമായ അനിശ്ചിതത്വങ്ങള്‍ക്ക് കാരണമായി. ഇത് വിദേശ നിക്ഷേപകരെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് അകറ്റാന്‍ കാരണമായി. ഓഹരി മൂല്യം കുറഞ്ഞു നില്‍ക്കുന്ന മറ്റു വികസ്വര രാജ്യങ്ങളിലേക്ക് അവര്‍ നിക്ഷേപം മാറ്റി. 2025-ല്‍ ഏകദേശം 20 ബില്യണ്‍ ഡോളറാണ് വിദേശ ഫണ്ടുകള്‍ പിന്‍വലിച്ചത്. എന്നാല്‍, ഇതേ കാലയളവില്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 62 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു. ഈ ഒഴുക്ക് ഉണ്ടായിട്ടും ഈ വര്‍ഷം സെന്‍സെക്സ് 5.5% മാത്രമാണ് ഉയര്‍ന്നത്. അതേ സമയം മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങല്‍ മൂലമുള്ള ആഘാതം കുറയ്ക്കാന്‍ സഹായിച്ചതായി വിദഗ്ധര്‍ പറയുന്നു.

ബ്രോഡ് മാര്‍ക്കറ്റുകള്‍ക്ക് തിരിച്ചടി

സെന്‍സെക്സിനെക്കാള്‍ മോശം പ്രകടനമാണ് ബ്രോഡ് മാര്‍ക്കറ്റുകള്‍ കാഴ്ചവെച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ കഴിഞ്ഞ 12 മാസത്തിനിടെ 4%-ല്‍ കൂടുതല്‍ ഇടിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാല മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് അവരുടെ പോര്‍ട്ട്ഫോളിയോയില്‍ കൂടുതല്‍ യൂണിറ്റുകള്‍ ചേര്‍ക്കാന്‍ ഇത് നല്ല അവസരമാണെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

ഇനി എന്ത്?

വിദേശ നിക്ഷേപകരുടെ തിരിച്ചുവരുകയും കോര്‍പ്പറേറ്റ് വരുമാനം ഉയരുകയും ചെയ്താല്‍ വിപണിക്ക് അത് ഉണര്‍വേകും. യുഎസുമായി വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് നയപരമായ അനിശ്ചിതത്വം ഇല്ലാതാക്കുകയും വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യും. സര്‍ക്കാരും സ്വകാര്യ മേഖലയും കൂടുതല്‍ മൂലധന നിക്ഷേപം പ്രഖ്യാപിക്കുന്നത് ഉപഭോഗം വര്‍ധിപ്പിക്കാനും വരുമാനം ഉയര്‍ത്താനും സഹായിക്കും. അടുത്ത കുറച്ച് പാദങ്ങളില്‍ കോര്‍പ്പറേറ്റ് വരുമാനം ക്രമാനുഗതമായി മെച്ചപ്പെടുമെന്നും 2027-ഓടെ വലിയ വളര്‍ച്ചയുണ്ടാകുമെന്നും കോട്ടക് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. എന്നാല്‍, ഈ പ്രതീക്ഷകള്‍ക്കിടയിലും ഓഹരികളുടെ മൂല്യം ഇപ്പോഴും ഉയര്‍ന്നതാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.