രൂപയെ പിടിച്ചു നിർത്താൻ ആവശ്യ സമയങ്ങളിൽ ആർബിഐ കൃത്യമായ ഇടപെടലുകൾ നടത്താറുണ്ട്

ദില്ലി: ആഗോള ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തെ ഉയർത്തി. രൂപയുടെ മൂല്യം 22 പൈസ ഉയർന്ന് 85.72 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് 18 പൈസ കൂടി ഉയർന്ന് ഒരു ഡോളറിന് 85 രൂപ 67 പൈസ എന്ന നിലയില്‍ വിനിമയം തുടരുന്നു. വിദേശ നിക്ഷേപകർ തിരിച്ച് വന്നതും രൂപയ്ക്ക് ശക്തി നൽകിയിട്ടുണ്ട്.

ഇന്നലെ യുഎസ് ഡോളറിനെതിരെ 54 പൈസയുടെ കുത്തനെ ഇടിഞ്ഞ് 85.94 ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ആർ‌ബി‌ഐ ഡോളർ വിൽപ്പന നടത്തിയിരിക്കാം എന്നാണ് സൂചന. രൂപയെ പിടിച്ചു നിർത്താൻ ആവശ്യ സമയങ്ങളിൽ ആർബിഐ കൃത്യമായ ഇടപെടലുകൾ നടത്താറുണ്ട്. ഇന്ന് രാവിലെ ഏഷ്യൻ കറൻസികൾ നേരിയ പുരോഗതി കാണിച്ചതിനെത്തുടർന്ന് രൂപയുടെ മൂല്യം അല്പം ഉയർന്നു. അതേസമയം, ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.37 ശതമാനം ഇടിഞ്ഞ് ബാരലിന് 69.32 യുഎസ് ഡോളറിലെത്തി.

കൂടാതെ ട്രംപിന്റെ പുതിയ താരിഫുകൾ സ്വാധീനിച്ചിട്ടുണ്ട്. 12 രാജ്യങ്ങളിൽ ട്രംപിന്റെ ഏറ്റവും പുതിയ താരിഫുകൾ നിക്ഷേപകർ വിലയിരുത്തിയതോടെ ക്രൂഡ് ഓയിൽ വില 69.28 ഡോളറായി കുറഞ്ഞു, കൂടാതെ, ഡോളർ സൂചിക 0.19% ഇടിഞ്ഞ് 97.29 ആയി.

അതേസമയം, ആഭ്യന്തര ഓഹരി വിപണിയിൽ സെൻസെക്സ് 85.39 പോയിന്റ് ഉയർന്ന് 83,527.89 ലും നിഫ്റ്റി 16.50 പോയിന്റ് ഉയർന്ന് 25,477.80 ലും വ്യാപാരം ആരംഭിച്ചു.