ഇന്ത്യ എത്ര തന്നെ അമേരിക്കയ്ക്കായി വിപണി തുറന്നാലും അതിന് പരിമിതികളുണ്ട്. അത് ട്രംപിനെ പിണക്കിയിട്ടുമുണ്ട്.
ദില്ലി: ഇന്ത്യയ്ക്കെതിരെ 25 ശതമാനം താരിഫ് ഏർപ്പെടുത്തിയെന്നുള്ള ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം വന്നതോടുകൂടി ആഭ്യന്തര ഓഹരി വിപണിയിൽ ഇന്ന സൂചികകൾ ഇടിഞ്ഞു. നിഫ്റ്റി 150 പോയിന്റിലധികം ഇടിവോടെ 24,700 ലെത്തി. സെൻസെക്സ് 500 പോയിന്റിലധികം ഇടിഞ്ഞു. ഇന്ന് വിപണി ആരംഭിച്ച ശേഷമുള്ള ആദ്യ മണിക്കൂറിൽ നിഫ്റ്റി മിഡ്‌ക്യാപ്പ് ഏകദേശം 800 പോയിന്റുകളുടെ ഇടിവോടെയാണ് വ്യാപാരം നടത്തുന്നത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ട്രംപ് പലതവണ, ആ ബന്ധം കൂടുതൽ ദൃഢമാകാൻ താൻ ആഗ്രഹിക്കുന്നതായി സൂചിപ്പിച്ചിട്ടുണ്ട്, അന്താരാഷ്ട്ര സംവിധാനത്തിൽ ഡോളർ പോലുള്ള വിഷയങ്ങളിൽ ഇന്ത്യ റഷ്യയുമായോ ബ്രസീലുമായോ ചൈനയുമായോ പക്ഷം ചേരുന്നത് താത്പര്യമില്ലെന്നും, ഭൗമരാഷ്ട്രീയമായി അമേരിക്കയുമായി കൂടുതൽ അടുക്കുന്നത് ആഗ്രഹിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു
എന്നാൽ ഇന്ത്യയ്ക്ക് ദേശീയ താൽപ്പര്യങ്ങളുണ്ട്, ഭൂമിശാസ്ത്രപരമായി ചൈനയുമായും റഷ്യയുമായും ഇറാനുമായും ഇന്ത്യ വളരെ അടുത്താണ്, അതിനാൽ സ്വാഭാവികമായും, അയൽപക്കത്തുള്ള ആളുകളുമായി നല്ല ബന്ധം പുലർത്താൻ ഇന്ത്യ ശ്രമിക്കും, പക്ഷേ അത് ചില സംഘർഷങ്ങൾ സൃഷ്ടിക്കും. ഇന്ത്യ എത്ര തന്നെ അമേരിക്കയ്ക്കായി വിപണി തുറന്നാലും അതിന് പരിമിതികളുണ്ട്. അത് ട്രംപിനെ പിണക്കിയിട്ടുമുണ്ട്. ഇത് അധിക താരിഫ് ചുമത്താനുള്ള ഒരു പ്രധാന കാരണമാകുന്നു.
