ഓഹരി വിപണിയിൽ സൺ ഫാർമയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത്. ഒക്ടോബർ 1 മുതൽ ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റുള്ള മരുന്നുകൾക്ക് അധിക തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം
മുംബൈ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ ഫാർമസ്യൂട്ടിക്കൽ ഓഹരികൾ 5% വരെ ഇടിഞ്ഞു. സൺ ഫാർമയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത്. സെൻസെക്സ് 243.21 പോയിന്റ് അഥവാ 0.30 ശതമാനം ഇടിഞ്ഞ് 80,916.47 ലും നിഫ്റ്റി 75.45 പോയിന്റ് അഥവാ 0.30 ശതമാനം ഇടിഞ്ഞ് 24,815.40 ലും എത്തി
ഒക്ടോബർ 1 മുതൽ ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റുള്ള മരുന്നുകൾക്ക് അധിക തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ് അമേരിക്ക എന്നിരിക്കെ ഇത് നിക്ഷേപ വികാരത്തെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. സിപ്ല, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ലുപിൻ തുടങ്ങി നിരവധി ഇന്ത്യൻ മരുന്ന് നിർമ്മാതാക്കൾക്ക് അമേരിക്കയിൽ പ്ലാൻ്റുണ്ട്. അതിനാൽ തന്നെ കമ്പനികൾക്ക് ഭയക്കേണ്ട സാഹചര്യമില്ല. എന്നാൽ ഇവ ഇന്ത്യൻ ഓഹരി വിപണിയിൽ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്.
അമേരിക്കയിൽ പ്ലാന്റിൻ്റെ പണി തുടങ്ങിയ കമ്പനികൾക്ക് ബാധകമാകില്ല എന്നത്കൊണ്ട് ബയോകോണിനും ആശ്വസിക്കാം. കാരണം, ബയോകോൺ ഈ മാസം ആദ്യം യുഎസിൽ ഒരു പുതിയ പ്ലാന്റ് കമ്മീഷൻ ചെയ്തിട്ടുണ്ട്. ഇന്ന വിപണിയ്ൽ ഏറ്റവും കൂടുതൽ ഇടിവ് നേരിടുന്ന സൺ ഫാർമയ്ക്ക് അമേരിക്കയിൽ പ്ലാന്റില്ല. അമേരിക്ക ആസ്ഥാനമായുള്ള നിർമ്മാണ പദ്ധതികൾ ഉടൻ പ്രഖ്യാപിച്ചില്ലെങ്കിൽ സൺ ഫാർമ ഉൽപ്പന്നങ്ങൾക്ക് തീരുവ ബാധിച്ചേക്കും.
നേട്ടവും കോട്ടവും
സൺ ഫാർമ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 1,547 രൂപയിലെത്തി. ബയോകോൺ 3.3% ഇടിഞ്ഞ് 344 രൂപയിലെത്തി. സൈഡസ് ലൈഫ് സയൻസസ് 2.8% ഇടിഞ്ഞ് 990 രൂപയിലെത്തി. അരബിന്ദോ ഫാർമ 2.4% ഇടിഞ്ഞ് 1,070 രൂപയിലും ഡോ. റെഡ്ഡീസ് 2.3% ഇടിഞ്ഞ് 1,245.30 രൂപയിലും എത്തി. ലുപിൻ, സിപ്ല എന്നിവ ഓരോന്നും 2% ഇടിഞ്ഞ് 1,923.30 രൂപയിലും 1,480 രൂപയിലും ക്ലോസ് ചെയ്തു.
സിപ്ല, ഡോ. റെഡ്ഡീസ് ലാബ്സ്, ടൈറ്റൻ കമ്പനി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നഷ്ടത്തിലായപ്പോൾ എൽ ആൻഡ് ടി, ഹീറോ മോട്ടോകോർപ്പ്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായി.


