ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ കമ്പനികള്‍ ഭക്ഷണത്തേക്കാള്‍ പാനീയ വിപണിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാപ്പി, റെഡി-ടു-ഡ്രിങ്ക്, പ്രോട്ടീന്‍ പാനീയങ്ങള്‍, ഷുഗര്‍ ഫ്രീ ജ്യൂസുകള്‍ എന്നിവയ്ക്ക് ആവശ്യക്കാരേറുകയാണ്. പുതിയ തലമുറയുടെ ആരോഗ്യകരവും സൗകര്യപ്രദവുമായ ഉല്‍പ്പന്നങ്ങളോടുള്ള താല്പര്യമാണ് ഈ മാറ്റത്തിന് പിന്നില്‍.
ഇന്ത്യയിലെ വലിയ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനികള്‍ ഇപ്പോള്‍ തങ്ങളുടെ വളര്‍ച്ച കണ്ടെത്തുന്നത് ഭക്ഷണത്തിലല്ല, മറിച്ച് പാനീയങ്ങളിലാണ്! കാപ്പി, റെഡി-ടു-ഡ്രിങ്ക് പാനീയങ്ങള്‍, പ്രോട്ടീന്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍, മധുരം കുറഞ്ഞ ജ്യൂസുകള്‍ എന്നിവയാണ് വിപണിയിലെ പുതിയ താരങ്ങള്‍. നെസ്ലെ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടാറ്റ കണ്‍സ്യൂമര്‍, ഡാബര്‍, വരുണ്‍ ബിവറേജസ് തുടങ്ങിയ വമ്പന്മാരുടെ പുതിയ റിപ്പോര്‍ട്ടുകള്‍ ഈ ട്രെന്‍ഡ് ശരിവെക്കുന്നു. വിപണിയില്‍ ഭക്ഷണ സാധനങ്ങളേക്കാള്‍ വേഗത്തില്‍ വിറ്റഴിയുന്നത് ഇത്തരം പാനീയങ്ങളാണത്രേ.
പുതിയ തലമുറയുടെ ചോയ്സ്
പുതിയ തലമുറയ്ക്ക് സൗകര്യവും ആരോഗ്യവും ഒപ്പം അല്പം പ്രീമിയം ലുക്കും വേണം. സാധാരണ കോളകള്‍ക്കും ജ്യൂസുകള്‍ക്കും അപ്പുറത്തേക്ക് പുതിയ ഉല്‍പ്പന്നങ്ങള്‍ പരീക്ഷിക്കാന്‍ അവര്‍ തയ്യാറാണ്. ഗ്രാമീണ വിപണിയിലെ ഡിമാന്‍ഡ് കുറയുന്ന പ്രതിസന്ധി മറികടക്കാന്‍ കമ്പനികള്‍ക്ക് ഇതൊരു വലിയ പിടിവള്ളിയായി മാറിയിരിക്കുകയാണ്.
കാപ്പിയും ഷുഗര്‍ ഫ്രീ പാനീയങ്ങളും സൂപ്പര്‍ഹിറ്റ്!
നെസ്ലെയുടെ കാപ്പി, പാനീയ വിപണി ഇരട്ട അക്ക വളര്‍ച്ചയാണ് നേടിയത്. നെസ്‌കഫേ വിപണിയില്‍ മുന്നേറുമ്പോള്‍, അവരുടെ പ്രീമിയം ബ്രാന്‍ഡായ നെസ്‌പ്രെസോ ഗുരുഗ്രാമില്‍ രണ്ടാമത്തെ ബൊട്ടീക്ക് തുറന്നു കഴിഞ്ഞു. ഹിന്ദുസ്ഥാന്‍ യൂണിലിവറും ഒട്ടും പിന്നിലല്ല. ഹോര്‍ലിക്‌സ്, ബൂസ്റ്റ് തുടങ്ങിയ ബ്രാന്‍ഡുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതിനൊപ്പം 'ഹോര്‍ലിക്‌സ് പ്രോട്ടീന്‍' റെഡി-ടു-ഡ്രിങ്ക് രൂപത്തില്‍ ഇറക്കി കമ്പനി പുതിയ പരീക്ഷണം തുടങ്ങി. എന്നാല്‍ ഇവരുടെ കെച്ചപ്പ്, മയോണൈസ് പോലുള്ള പാക്കേജ്ഡ് ഭക്ഷണ സാധനങ്ങളുടെ വളര്‍ച്ച ഒറ്റയക്കത്തില്‍ ഒതുങ്ങി. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് തങ്ങളുടെ കാപ്പി ബിസിനസില്‍ 20% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. റെഡി-ടു-ഡ്രിങ്ക് വിപണിയിലാകട്ടെ 23% വളര്‍ച്ചയുമുണ്ട്. കൊംബുച്ച, മാച്ച ടീ, ഇലക്ട്രോലൈറ്റ് ഡ്രിങ്കുകള്‍ തുടങ്ങിയവയും ടാറ്റയുടെ പുത്തന്‍ ഉല്‍പ്പന്നങ്ങളാണ്. ആരോഗ്യവും പ്രീമിയം ഉല്‍പ്പന്നങ്ങളോടുള്ള താല്പര്യവുമാണ് ഈ കുതിപ്പിന് കാരണമെന്ന് ടാറ്റ് പറയുന്നു.
ഡാബറും വരുണ്‍ ബിവറേജസും
ജ്യൂസുകളുടെ കാര്യത്തില്‍ ഡാബറിന്റെ റിയല്‍ ആക്റ്റീവ് ജ്യൂസ് 26% വളര്‍ച്ച നേടി. ഇവരുടെ കരിക്കിന്‍ വെള്ളം ബിസിനസ് ഇരട്ടിയായി വര്‍ധിച്ചു. പഞ്ചസാര ചേര്‍ക്കാത്ത ജ്യൂസുകള്‍ക്കും കരിക്കിന്‍ വെള്ളത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുകയാണെന്ന് ഡാബര്‍ വ്യക്തമാക്കി. പെപ്‌സികോയുടെ ഏറ്റവും വലിയ ബോട്ട്‌ലര്‍മാരായ വരുണ്‍ ബിവറേജസിന്റെ വില്‍പനയില്‍ 63 ശതമാനവും സീറോ- ഷുഗര്‍ അല്ലെങ്കില്‍ ലോ-ഷുഗര്‍ പാനീയങ്ങളാണ് എന്നത് ജനങ്ങള്‍ ആരോഗ്യത്തിന് എത്രത്തോളം പ്രാധാന്യം നല്‍കുന്നുവെന്ന് വ്യക്തമാക്കുന്നു.
പ്രോട്ടീന്‍ നോക്കി ജെന്‍ സി
ടാറ്റ സ്റ്റാര്‍ബക്‌സ് ആകട്ടെ, പ്രോട്ടീന്‍ കോള്‍ഡ് ഫോം, സീറോ- ഷുഗര്‍ സിറപ്പുകള്‍ എന്നിവയുമായി യുവാക്കളെ ആകര്‍ഷിക്കുകയാണ്. ജെന്‍ സി കാറ്റഗറിയിലുള്ളവര്‍ 'പ്രോട്ടീന്‍', 'വെല്‍നസ്' എന്നീ വാക്കുകള്‍ കേട്ടാല്‍ കൂടുതല്‍ കാശ് കൊടുക്കാനും തയ്യാറാണ്. ഇത് കമ്പനികള്‍ക്ക് മികച്ച ലാഭം ഉണ്ടാക്കിക്കൊടുക്കുന്നു. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ കാര്‍ട്ട് വാല്യൂ തികയ്ക്കാന്‍ പലരും ഇത്തരം പാനീയങ്ങള്‍ തിരഞ്ഞെടുക്കുന്നതും വില്‍പന കൂട്ടുന്നുണ്ട്.
ഭാവിയും പാനീയങ്ങളില്‍
കെന്‍ റിസര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ബിവറേജ് മാര്‍ക്കറ്റിന്റെ മൂല്യം 17.2 ബില്യണ്‍ ഡോളറാണ്. 2030 ആകുമ്പോഴേക്കും ഇത് പ്രതിവര്‍ഷം 10% എന്ന നിരക്കില്‍ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവാക്കളുടെ വിപണിയിലേക്ക് എളുപ്പത്തില്‍ എത്താനുള്ള വഴിയായി കമ്പനികള്‍ ഇപ്പോള്‍ കാണുന്നത് ഈ പാനീയ വിപണിയെയാണ്. ചുരുക്കത്തില്‍, ഇന്ത്യയുടെ അടുത്ത കണ്‍സ്യൂമര്‍ ഗ്രോത്ത് സൈക്കിള്‍ നിര്‍ണ്ണയിക്കാന്‍ പോകുന്നത് ഈ പാനീയങ്ങളായിരിക്കും!


