ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തു രഘുറാം രാജന്‍ തുടരില്ല. കാലാവധി പൂര്‍ത്തിയാകുന്ന സെപ്റ്റംബര്‍ നാലിനു താന്‍ സ്ഥാനമൊഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. റിസര്‍വ് ബാങ്ക് ജീവനക്കാര്‍ക്കുള്ള സന്ദേശത്തിലാണു രാജന്‍ ഇക്കാര്യം അറിയിച്ചത്.

മൂന്നു വര്‍ഷത്തെ തന്റെ സേവന കാലാവധി സെപ്റ്റംബര്‍ നാലിന് അവസാനിക്കുകയാണെന്നും, അതിനു ശേഷം താന്‍ ചിക്കാഗോയിലേക്കു മടങ്ങുമെന്നും സന്ദേശത്തില്‍ രഘുറാം രാജന്‍ പറയുന്നു. താന്‍ ചുമതലയേല്‍ക്കുമ്പോള്‍ നാണ്യപ്പെരുപ്പം വലിയ ഉയരത്തിലായിരുന്നു. ഇതു പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. പലിശ നിരക്കുകളില്‍ 150 ബേസിസ് പോയിന്റിന്റെ കുറവു വരുത്തി. ആസ്ഥി മൂല്യ നിര്‍ണയം വഴി ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകള്‍ ശക്തിപ്പെടുത്തി. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനു തന്റെ പിന്‍ഗാമിക്കും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറയുന്നു.

രഘുറാം രാജനെ സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രിക്കു കത്തയച്ചതു വലിയ ചര്‍ച്ചയായിരുന്നു. രഘുറാം രാജന്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച തടയാന്‍ ശ്രമിക്കുകയാണെന്നും, ഇന്ത്യക്കാരന്റെ മാനസികാവസ്ഥയിലല്ല അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം.