റിയാദ്: സൗദി അറേബ്യയുടെ വിദേശ വ്യാപാരത്തില്‍ വന്‍ കുറവ്. എണ്ണവിലയിടിവാണു വിദേശ വ്യാപാരത്തില്‍ ഭീമമായ കുറവുണ്ടാകുവാന്‍ ഇടയാക്കിയത്. പെട്രോള്‍ കയറ്റുമതിയിലും എട്ടു ശതമാനത്തിന്റെകുറവുണ്ടായതായി സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു.
2014 നെ അപേക്ഷിച്ചു സൗദിയുടെ വിദേശ വ്യാപാരത്തില്‍ 26 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷംനടന്ന വ്യാപാരം 1.9 ട്രില്ല്യന്‍ റിയാലായിരുന്നു. 2015ല്‍ ഇത് 1.4 ട്രില്ല്യന്‍ റിയാലായി കുറഞ്ഞു. 518 ബില്ല്യന്‍ റിയാലിന്റെ കുറവ്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സൗദിയുടെ വിദേശവ്യാപാരം നടന്നത് 15.6 ട്രില്ല്യന്‍ റിയാലാണ്. ഇതില്‍ എറ്റവും കൂടുതല്‍ വ്യാപാരം നടന്നത് 2013 ലാണ്. 2013 ല്‍ ആകെ വ്യാപാരം 2.04 ട്രില്യന്‍ റിയാലായി ഉയര്‍ന്നു. ഇതായിരുന്നു സൗദിയുടെ സര്‍വ്വകാല കയറ്റുമതി വ്യാപാര റെകോര്‍ഡ്.
2015 ല്‍ വിദേശ വ്യാപാര മിച്ചം 108 ബില്ല്യന്‍ റിയാലാണ്. 2014നെ അപേക്ഷിച്ച് 524 റിയാലിന്റെ ഭീമാമായ കുറവ്. പെട്രോള്‍ ഇതര ഉത്പന്നങ്ങളുടെ കയറ്റുമതിയിലും കഴിഞ്ഞ വര്‍ഷം 12.5 ശതമാനം കുറവുണ്ടായി.
രാജ്യത്തുനിന്ന് എറ്റവും കൂടുതല്‍ കയറ്റുമതി നടന്നതു ചൈനയിലേക്കാണ്. ഇറക്കുമതിയിലും ചൈനയാണ് ഒന്നാം സ്ഥാനത്ത്. എന്നാല്‍ രാജ്യത്തേക്കുള്ള ഇറക്കുമതി വ്യാപാരത്തില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ലെന്നും സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു.
