ഹാര്‍ലി ഡേവിഡ്‌സണ്‍, ട്രയംഫ്, ഡ്യൂകാട്ടി, കാവസാക്കി, ബെനലി, മോട്ടോ ഗൂച്ചി വിദേശ കമ്പനികളുടെ സൂപ്പര്‍ ബൈക്കുകള്‍ മലയാളികള്‍ക്ക് ഇന്ന് പുത്തരിയല്ല. കൊച്ചിയിലും കോഴിക്കോട്ടും മാത്രമല്ല ഗ്രാമനിരത്തുകളിലും സൂപ്പര്‍ ബൈക്കുകള്‍ ചീറിപായുകയാണ്. 600 സിസിക്കും അഞ്ച് ലക്ഷം രൂപയ്ക്കും മുകളില്‍ വിലയുള്ളയാണ് സൂപ്പര്‍ ബൈക്ക് ഗണത്തില്‍ വരുന്നത്. തലയെടുപ്പിലെന്ന പോലെ വില്‍പ്പനയിലും ഹാര്‍ലിയാണ് മുന്നില്‍. കൊച്ചിയിലെ ഷോറൂമില്‍ നിന്ന് മാത്രം പ്രതിമാസം വില്‍പ്പന 15നും 20നും ഇടയില്‍ വാഹനങ്ങള്‍. ഏറ്റവും വിലകുറഞ്ഞ ഹാര്‍ലി, സ്ട്രീറ്റ് 750ക്ക് വില ആറ് ലക്ഷം രൂപ. ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷോസ്‌നെഗറുടെ ഇഷ്ടവാഹനമായ ഫാറ്റ് ബോയ് വില്‍പ്പനയില്‍ തൊട്ടുപിന്നില്‍. നാല് മാസം മുമ്പ് മാത്രം കേരളത്തിലെത്തിയ അമേരിക്കന്‍ കമ്പനി ഇന്ത്യന്റെ നാല് ബൈക്കുകളും നിരത്തുകളിലുണ്ട്. ഇന്ത്യന്റെ ഏറ്റവും കുറഞ്ഞ മോഡലായ സ്‌കൗട്ടിന് വില 16 ലക്ഷം.

ബ്രിട്ടീഷ് ബൈക്ക് നിര്‍മാതാക്കളായ ട്രയംഫും കേരളത്തില്‍ പ്രതിമാസം പത്തോളം ബൈക്കുകള്‍ വില്‍ക്കുന്നു. ഏറ്റവും കുറഞ്ഞ മോഡല്‍ ബോണ്‍വില്ലി ട്വിന്നിന് വില 9 ലക്ഷം. ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാന്‍, ശേഖര്‍ മേനോന്‍ എന്നിവര്‍ ട്രയംഫ് ഉപഭോക്താക്കളാണ്. ചലച്ചിത്ര താരങ്ങള്‍ക്ക് പുറമേ, പ്രവാസികള്‍, കച്ചവടക്കാര്‍, ഐടി മേഖലയില്‍ നിന്നടക്കം ഉയര്‍ന്ന ശമ്പളം പറ്റുന്ന ജീവനക്കാര്‍ തുടങ്ങിയവരാണ് കേരളത്തില്‍ സൂപ്പര്‍ ബൈക്കുകളുടെ ഉടമസ്ഥര്‍. എണ്ണമേഖലയില്‍ നിന്നുള്ള പ്രവാസികളാണ് ഉപഭോക്താക്കളില്‍ അധികമെന്നും കച്ചവടക്കാര്‍ പറയുന്നു. ഇറ്റാലിയന്‍ വഹാന നിര്‍മാതാക്കളായ ഡ്യൂക്കാട്ടിയും കൊച്ചിയില്‍ കഴിഞ്ഞ ദിവസം അക്കൗണ്ട് തുറന്നു. നാല് കോടിക്കും അഞ്ച് കോടിക്കും ഇടയിലാണ് സൂപ്പര്‍ ബൈക്ക് വില്‍പ്പനയിലൂടെ പ്രതിമാസം കേരളത്തിന് ലഭിക്കുന്ന വരുമാനം.