ദില്ലി: പാന്‍ കാര്‍ഡിനും മൊബൈല്‍ കണക്ഷനും പിന്നാലെ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡും ഇനി ആധാറുമായി ബന്ധിപ്പിക്കണം. കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐ.ടി സഹമന്ത്രി പി.പി ചൗധരിയാണ് കഴിഞ്ഞ ദിവസം ലോക്സഭയെ ഇക്കാര്യ അറിയിച്ചത്. ആധാറുമായി ബന്ധിപ്പിക്കുന്ന വോട്ടര്‍ പട്ടിക വരുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പമാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍. അനുയോജ്യമായ സമയത്ത് ഇത് നടപ്പാക്കുമെന്നും മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ട്.

വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ സുപ്രീം കോടതിയുടെ അനുമതി തേടിയിരുന്നു. രാജ്യത്തെ പൊതുവിതരണ സമ്പ്രദായത്തിന് അല്ലാതെ മറ്റൊന്നിനും ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കരുതെന്നായിരുന്നു അന്ന് സുപ്രീം കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഇതിന് ശേഷം ആദായ നികുതി റിട്ടേണ്‍, വിവിധ സബ്സിഡികള്‍ എന്നിങ്ങനെ വിവിധ സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു.