ഹെര്‍ണിയ ഓപ്പറേഷന് അഡ്മിറ്റ് ചെയ്ത സുഹൃത്തിനെ കാണാനാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. ഓപ്പറേഷന്‍ തീയറ്ററില്‍ നിന്നും ഇറങ്ങി വന്നത് അടുത്ത സുഹൃത്തിന്റെ മകനും മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് ഗ്രാജുവേഷന് പഠിക്കുന്ന യുവ ഡോക്ടറാണ്. എം.ബി.ബി.എസ്സിന് പഠിക്കാന്‍ എടുത്ത വിദ്യാഭ്യാസ വായ്പ ആകെ കുടിശ്ശികയാണ്.

ഇടയ്‌ക്കൊക്കെ സ്വകാര്യ ആശുപത്രിക്കാര്‍ സര്‍ജറിയ്ക്കായി വിളിക്കുമ്പോള്‍ കിട്ടുന്ന പണം അടച്ച് കൊണ്ടാണ് ബാങ്ക് നടപടികള്‍ നിര്‍ത്തി വയ്ക്കുന്നത്. വിദ്യാഭ്യാസ വായ്പ എടുത്ത് പഠനം പൂര്‍ത്തിയാക്കിയ പലര്‍ക്കും കിട്ടുന്ന വരുമാനത്തില്‍ നിന്ന് ഇഎംഐ അടച്ച് കഴിഞ്ഞാല്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകാനാവാത്ത സ്ഥിതിയിലാണ്. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ ഗുജറാത്തില്‍ പോയി റോഡരികിലില്‍ ടയര്‍ പഞ്ചര്‍ ഒട്ടിക്കുന്ന കട തുടങ്ങിയ ചെറുപ്പക്കാരന്റെ കഥയും മറിച്ചല്ല.

ഓരോ കോഴ്‌സിനും അഡ്മിഷന്‍ കിട്ടുന്നതിനും പഠിച്ചിറങ്ങി ഒരു ജോലി കിട്ടുന്നതിനുമിടയില്‍ ഒട്ടനവധി കാര്യങ്ങള്‍ തെന്നി മാറാം. സാധാരണ കോളേജുകളില്‍ നിന്ന് ഡിഗ്രിയും എംബിഎ യും ഒക്കെ പഠിച്ച് പുറത്തിറങ്ങി പതിനായിരത്തിന് താഴെ മാസശമ്പളം കിട്ടുന്ന ആദ്യ വര്‍ഷങ്ങളില്‍ തിരിച്ചടവിനായി മാറ്റി വയ്ക്കാവുന്ന തുക വിദ്യാഭ്യാസ വായ്പ അക്കൗണ്ടിലെ പലിശയ്ക്ക് പോലും തികയില്ല. മുന്തിയ  കോളേജുകളില്‍ നിന്നാണെങ്കില്‍ പോലും ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍ അത് കഴിഞ്ഞ് പിഎച്ച്ഡി എന്നിങ്ങനെ പഠിത്തം നീണ്ടുപോയാല്‍ വിദ്യാഭ്യാസ വായ്പ പലിശയും പലിശയ്ക്ക് പലിശയുമായി ആജീവനാന്ത കടക്കാരനാകും.

വിദ്യാഭ്യാസത്തിന് വായ്പ നല്‍കുന്നത് സര്‍ക്കാരിന്റെ കണക്കില്‍ മുന്‍ഗണനയിലാണെങ്കിലും, കിട്ടാക്കടം പെരുകുന്നതുമൂലം ബാങ്ക് മാനേജര്‍മാര്‍ ഒഴിവുകഴിവുകളും നല്ല വാക്കും പറഞ്ഞ് ഒഴിവാക്കാനാണ് നോക്കുക. റിസര്‍വ് ബാങ്ക് പറയുന്നതനുസരിച്ച് ഏഴരലക്ഷം രൂപാവരെയുള്ള വായ്പകള്‍ക്ക് വസ്തുജാമ്യം നല്‍കേണ്ടതില്ല. ജാമ്യമില്ലാത്ത വായ്പയായതിനാല്‍ ചുമത്തുന്ന പലിശയ്ക്ക് കുറവൊന്നുമില്ല. ക്രെഡിറ്റ് കാര്‍ഡും വ്യക്തിഗത വായ്പകളും കഴിഞ്ഞാല്‍ പലിശ നിരക്കില്‍ തൊട്ടടുത്ത സ്ഥാനം വിദ്യാഭ്യാസ വായ്പകള്‍ക്കാണ്. തിരിച്ചടവില്‍ വീഴ്ച വന്ന് ഇഎംഐ മൂന്ന് മാസത്തില്‍ കൂടുതല്‍ കുടിശികയായാല്‍ ക്രെഡിറ്റ് സ്‌കോര്‍ കുത്തനെ താഴും. വീട്ടില്‍ ഇളയ കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വായ്പ കിട്ടാന്‍ ബുദ്ധിമുട്ടാകും.

ശമ്പളം ബാങ്കുകാര്‍ കൊണ്ടുപോകാതെ നോക്കണം

വിദ്യാഭ്യാസ വായ്പ എടുക്കാതെ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ഘട്ടങ്ങളില്‍ മാത്രമേ വിദ്യാഭ്യാസ വായ്പയെക്കുറിച്ച് ആലോചിക്കാവൂ. കോളേജിന്റെയും കോഴ്‌സിന്റെയും വലുപ്പം അല്ല പഠനം കഴിഞ്ഞ് കിട്ടാവുന്ന ജോലിയുടെ ശമ്പള പാക്കറ്റിന്റെ കനമായിരിക്കണം എത്ര തുക വായ്പ എടുക്കണമെന്ന് തീരുമാനിക്കുന്നത്. ജോലിയൊക്കെ കിട്ടി സ്വന്തമായി രണ്ട് കാശ് കൈയ്യില്‍ കിട്ടുമ്പോള്‍ അടിച്ച് പൊളിച്ചില്ലെങ്കിലും അത്യാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് സാധിക്കാത്ത അവസ്ഥ ഉണ്ടാകരുത്. ശമ്പളത്തിന്റെ മുക്കാല്‍ പങ്ക് ബാങ്കുകാര്‍ കൊത്തിക്കൊണ്ടു പോകുന്ന സ്ഥിതി ഉണ്ടാകാതെ നോക്കണം.

പഠന കാലത്ത് വായ്പ തിരിച്ചടയ്ക്കണ്ട എന്ന സൗജന്യത്തിന്റെ പേരാണ് മൊറട്ടോറിയം. ആദ്യത്തെ കോഴ്‌സ് കഴിഞ്ഞ് ഉപരി പഠനത്തിന് പോകുമ്പോള്‍ ടോപ്പ് അപ്പ് വിദ്യാഭ്യാസ വായ്പയ്ക്ക് അര്‍ഹതയുണ്ട്. അതുകൂടി കണക്കിലാക്കി തിരിച്ചടയ്‌ക്കേണ്ടാത്ത കാലാവധി കൂട്ടി കിട്ടും. അക്കൗണ്ടില്‍ കൃത്യമായി പലിശ കണക്ക് കൂട്ടി ചേര്‍ത്ത് കൊണ്ടിരിക്കും. പഠിച്ച് ഇറങ്ങി തിരിച്ചടയ്‌ക്കേണ്ട തുക എത്രയെന്ന് അന്വേഷിച്ചാല്‍ ഞെട്ടിപ്പോകും. മൊറട്ടോറിയം കാലത്ത് അക്കൗണ്ടില്‍ കണക്കാക്കുന്ന പലിശ അപ്പപ്പോള്‍ തിരിച്ചടയ്ക്കാനായാല്‍ ഞെട്ടലിന്റെ കാഠിന്യം കുറയ്ക്കാം. പഠിക്കുന്ന കാലയളവില്‍ എന്തെങ്കിലും പാര്‍ട്ട് ടൈം ജോലി ചെയ്യാനായാല്‍ പലിശയ്ക്ക് പണം കണ്ടെത്താം.

വിദ്യാഭ്യാസ വായ്പ കൃത്യമായി തിരിച്ചടച്ച് കൊണ്ടിരിക്കുന്ന സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പലിശ സബ്‌സിഡി ലഭിക്കുന്നതിനുള്ള പദ്ധതികളുടെ പ്രയോജനം തേടാം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വായ്പ തിരിച്ചടവിന്റെ ഒരു നിശ്ചിത ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്ന സ്‌കീമില്‍ അര്‍ഹത പരിശോധിക്കാം, പ്രയോജനപ്പെടുത്താം.

എന്തായാലും വായ്പ എടുത്ത സ്ഥിതിയ്ക്ക് പരിക്ക് കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുക മാത്രമല്ല, പ്രവര്‍ത്തിക്കുകയും വേണം. ഏതെല്ലാം മാര്‍ഗ്ഗത്തിലൂടെ ചെലവ് ചുരുക്കാമെന്നും മിച്ചം പിടിക്കുന്ന തുക വെറുതെ കൂട്ടി വയ്ക്കാതെ വായ്പയിലേക്ക് നേരിട്ട് അടച്ചേക്കുക. വായ്പയില്‍ ഈടാക്കുന്ന പലിശ നിരക്കിനേക്കാള്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെങ്കില്‍ മാത്രമേ മറ്റ് നിക്ഷേപങ്ങളെ കുറിച്ച് ആലോചിക്കാവൂ.
ജീവിതകാലം മുഴുവന്‍ വായ്പാ ഭാരവും പേറി തിരിച്ചടവിന് പണം കണ്ടെത്താന്‍ കഠിന പ്രയത്‌നം ചെയ്യുന്നതിനേക്കാള്‍ തുല്യമാസ തവണയോടൊപ്പം ഒരു അധിക തുക കൂടി തിരിച്ചടയ്ക്കാന്‍ സാധിക്കുമോ എന്ന് ആലോചിക്കണം. നാലോ അഞ്ചോ കൊല്ലം കൊണ്ട് ബാധ്യത തീര്‍ക്കുന്നതിനുള്ള ഒരു സാമ്പത്തിക പ്ലാന്‍ കഴിയുന്ന രീതിയില്‍ തയ്യാറാക്കി വായ്പയില്‍ നിന്ന് പുറത്ത് ചാടണം. പലിശ കുറവുള്ള മറ്റ് വായ്പകളെടുത്ത് വിദ്യാഭ്യാസ വായ്പ ഒഴിവാക്കുന്നതിനെക്കുറിച്ചും ആലോചിക്കാം. തിരിച്ചടവ് വീഴ്ച വരുത്താതിരിക്കാനുള്ള മനസ്സുറപ്പും പണം കണ്ടെത്താനുള്ള ശ്രമങ്ങളും വേണം.  

മുന്‍ ലക്കങ്ങള്‍:

#1 നിങ്ങള്‍ സ്വന്തം സാമ്പത്തികാരോഗ്യം പരിശോധിക്കാറുണ്ടോ?, സാമ്പത്തികാരോഗ്യം വര്‍ധിപ്പിക്കാനുളള അഞ്ച് വഴികള്‍ 

#2 നിങ്ങളുടെ മെഡിക്കല്‍ ക്ലെയ്മുകള്‍ നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ല !, ചതിയില്‍ വീഴാതിരിക്കാന്‍ അറിഞ്ഞിരിക്കേണ്ടത്

#3 രോഗമോ അപകടമോ വരുമ്പോള്‍ ആരാണ് മികച്ച കൂട്ടുകാരന്‍: പോളിസി ഗ്രൂപ്പ് വേണോ സ്വന്തം വേണോ?

#4 രൊക്കം പണം നല്‍കി ആനുകൂല്യങ്ങള്‍ പിടിച്ചുവാങ്ങാം !, പുതിയകാല കൊളളയുടെ രീതികള്‍

#5 ബൈക്കുളളവര്‍ മറന്നുപോകാം, പക്ഷേ മറക്കരുത്: ചെറിയ തുകയ്ക്ക് നിങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാം

#6 ലോണില്‍ തവണ മുടങ്ങിയോ?, അറിയാം നിങ്ങളുടെ അവകാശങ്ങളെപ്പറ്റി; റിക്കവറി ഏജന്‍റുമാരെ എങ്ങനെ കൈകാര്യം ചെയ്യാം

#7 നിങ്ങളുടെ കാറും കടയും കത്തിപ്പോയാല്‍ !, സഹായത്തിനായി വേണ്ടത് സ്പെഷ്യല്‍ പാക്കേജ്; നടപടിക്രമങ്ങള്‍ അടുത്തറിയാം

#8 എല്ലാ ഇടപാടും പങ്കാളി അറിഞ്ഞ് മാത്രം മതി !; നിങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റാതെ നോക്കാം