ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് എളുപ്പമാക്കുന്നതിനായി ക്യാപ്ച ഇല്ലാത്ത പുതിയ വെബ്സൈറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങി ഐആര്‍സിടിസി. ഇതിനൊപ്പം, രാജ്യത്തെ തീര്‍ഥാടന ടൂറിസം രംഗത്ത് വലിയ മുന്നേറ്റം നടത്താനും ട്രെയിനുകളിലെ ഭക്ഷണ വിതരണം മെച്ചപ്പെടുത്താനും കമ്പനി ലക്ഷ്യമിടുന്നു.

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് 'ക്യാപ്ച' എന്റര്‍ ചെയ്യുക എന്നത്. എന്നാല്‍ ഇതിന് ഉടന്‍ പരിഹാരമാകുമെന്ന് ഐആര്‍സിടിസി. ടിക്കറ്റ് ബുക്കിങ് കൂടുതല്‍ എളുപ്പമാക്കുന്നതിനായി ക്യാപ്ച ഇല്ലാത്ത പുതിയ വെബ്‌സൈറ്റ് തയ്യാറാക്കുകയാണെന്ന് ഐആര്‍സിടിസി സിഎംഡി രാഹുല്‍ ഹിമാലിയന്‍ പറഞ്ഞു. ഇതിനുപുറമെ, രാജ്യത്തെ തീര്‍ഥാടന ടൂറിസം രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാനും ഐആര്‍സിടിസി ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ക്യാപ്ച ഇല്ലാത്ത പുതിയ വെബ്‌സൈറ്റ്

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനാണ് ഐആര്‍സിടിസി പുതിയ വെബ്‌സൈറ്റ് ഒരുക്കുന്നത്. ഇതിന്റെ ബീറ്റാ വേര്‍ഷന്‍ ഇതിനകം പുറത്തിറക്കിക്കഴിഞ്ഞു. ക്യാപ്ച ഇല്ലാത്ത വെബ്‌സൈറ്റിന്റെ പൂര്‍ണരൂപം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ അവതരിപ്പിക്കും.

പ്രതീക്ഷയേകി തീര്‍ഥാടന ടൂറിസം

തീര്‍ഥാടന യാത്രകള്‍ നടത്തുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് വലിയ വര്‍ധനവാണ് ഇപ്പോഴുള്ളത്. ഇത് ഐആര്‍സിടിസിയുടെ ടൂറിസം ബിസിനസിന് വലിയ ഊര്‍ജ്ജം നല്‍കുന്നുണ്ടെന്നും വരും വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ വലിയ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഹിമാലിയന്‍ വ്യക്തമാക്കി. ടിക്കറ്റ് നിരക്കില്‍ നിന്നുള്ള വരുമാനത്തിന് പുറമെ, മറ്റ് വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും.

ഭക്ഷണ വിതരണത്തില്‍ വന്‍ കുതിപ്പ്

ട്രെയിനുകളിലെ ഭക്ഷണ വിതരണത്തില്‍ മികച്ച മുന്നേറ്റമാണ് കമ്പനി നടത്തുന്നത്. ഇതിനോടകം രണ്ട് കാറ്ററിങ് പ്ലാന്റുകള്‍ നവീകരിച്ചു കഴിഞ്ഞു. പുതുതായി നാല് പ്ലാന്റുകള്‍ കൂടി ഉടന്‍ ആരംഭിക്കും. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ വരുമാന വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചത് കാറ്ററിങ് ബിസിനസാണ്. ഈ വര്‍ഷം കാറ്ററിങ് ലാഭത്തില്‍ 10-12 ശതമാനം വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.