പിഎം-കിസാൻ യോജനയുടെ 20 -ാം ഗഡു, ഇ-കെവൈസിയും ആധാർ-ബാങ്ക് ലിങ്കിംഗും ചെയ്തില്ലെങ്കിൽ, കർഷകരുടെ പേയ്‌മെന്റ് തടഞ്ഞുവയ്ക്കപ്പെട്ടേക്കാം. 

പിഎം-കിസാൻ യോജനയുടെ 20 -ാം ഗഡു ഓഗസ്റ്റ് 2 മുതൽ കർഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തിത്തുടങ്ങി. ഈ പദ്ധതി പ്രകാരം മൂന്ന് ഗഡുക്കളായി 6,000 രൂപ കർഷകർക്ക് ധന സഹായം നൽകുന്നു. എന്നാൽ ഈ ഗഡു ലഭിക്കണമെങ്കിൽ ഇ-കെവൈസിയും ആധാർ-ബാങ്ക് ലിങ്കിംഗും നിർബന്ധമാണെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇത് അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ, കർഷകരുടെ പേയ്‌മെന്റ് തടഞ്ഞുവയ്ക്കപ്പെട്ടേക്കാം.

ഇത്തവണ കർഷക ഐഡി ഇല്ലെങ്കിലും, 20-ാം ഗഡു വരെ 2,000 രൂപയുടെ ആനുകൂല്യം ലഭ്യമാകും. എങ്കിലും തുടർന്നുള്ള ഗഡുക്കൾക്ക് ഇത് നിർബന്ധമായിരിക്കും. അതായത് കർഷകർ വേഗത്തിൽ കർഷക ഐഡിയും ഇ-കെവൈസിയും പൂർത്തിയാക്കണം. കർഷകർക്ക് തങ്ങളുടെ പേമെന്‍റ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കണമെന്നും ഇതിന് ഏതൊക്കെ രേഖകൾ ആവശ്യമാണെന്നും ഇ-കെവൈസി എങ്ങനെ ചെയ്യാമെന്നും തുടങ്ങിയ കാര്യങ്ങൾ അറിയേണ്ടത് വളരെ പ്രധാനമാണ്. ഇതാ ഇതുസംബന്ധിച്ച് അറിയേണ്ടതെല്ലാം.

എന്താണ് പിഎം കിസാൻ ?

പിഎം കിസാൻ എന്നത് ഇന്ത്യാ ഗവൺമെന്റിന്റെ പദ്ധതിയാണ്. കേന്ദ്ര സർക്കാരിന്‍റെ 100 ശതമാനം ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഈ പദ്ധതി പ്രകാരം, യോഗ്യരായ ഓരോ ഗുണഭോക്താവിനും ഓരോ നാല് മാസത്തിലും 2,000 രൂപ വീതമുള്ള മൂന്ന് തുല്യ ഗഡുക്കളായി 6,000 രൂപ വാർഷിക ആനുകൂല്യം ലഭിക്കും. ഫണ്ടുകൾ നേരിട്ട് കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് നൽകുക.

കർഷകർക്ക് അവരുടെ ഗുണഭോക്തൃ നില എങ്ങനെ പരിശോധിക്കാം

1 പിഎം കിസാൻ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

2 ബെനിഫിഷറി സ്റ്റാറ്റസ് പേജ് ആക്‌സസ് ചെയ്യുക.

3 ബെനിഫിഷറി സ്റ്റാറ്റസ് എന്നതിൽ ക്ലിക്ക് ചെയ്യുക

4 നിങ്ങളുടെ ആധാർ നമ്പർ അല്ലെങ്കിൽ അക്കൗണ്ട് നമ്പർ നൽകുക.

5 ഡാറ്റ നേടുക എന്നതിൽ ക്ലിക്ക് ചെയ്യുക

6 ബെനിഫിഷറി സ്റ്റാറ്റസ് കാണുക.

7 പേയ്‌മെന്റ് സ്റ്റാറ്റസ് പരിശോധിക്കുക.

സിസ്റ്റം നിങ്ങളുടെ അഭ്യർത്ഥന പ്രോസസ്സ് ചെയ്യുകയും നിങ്ങളുടെ വിശദാംശങ്ങൾക്കായി പിഎം കിസാൻ ഡാറ്റാബേസ് പരിശോധിക്കുകയും ചെയ്യും. തുടർന്ന് നിങ്ങളുടെ ഗുണഭോക്തൃ സ്റ്റാറ്റസ് അഥവാ ബെനിഫിഷറി സ്റ്റാറ്റസ് സ്‌ക്രീനിൽ കാണിക്കും.

പിഎം-കിസാൻ യോജനയ്ക്കായി ഇ-കെവൈസി എങ്ങനെ ചെയ്യാം?

പിഎം കിസാൻ രജിസ്റ്റർ ചെയ്ത കർഷകർക്ക് ഇകെവൈസി നിർബന്ധമാണ്. പിഎംകിസാൻ (PMKISAN) പോർട്ടലിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള ഇകെവൈസി ലഭ്യമാണ്. അല്ലെങ്കിൽ ബയോമെട്രിക് അധിഷ്‍ഠിത ഇ-കെവൈസിക്ക് അടുത്തുള്ള പൊതു സേവന കേന്ദ്രങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.

പിഎം കിസാൻ പദ്ധതിയുടെ ഭാഗമായ കർഷകർക്ക് മൂന്ന് തരത്തിലുള്ള ഇകെവൈസിമോഡുകൾ ലഭ്യമാണ്. ഒടിപി അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി, ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി, മുഖം തിരിച്ചറിയൽ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി എന്നിവയാണ് ഈ മൂന്ന് മോഡുകൾ. ഇതിൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി പൊതു സേവന കേന്ദ്രങ്ങളിലും (സിഎസ്‍സി) സംസ്ഥാന സേവാ കേന്ദ്രങ്ങളിലും (എഎസ്‍കെ) , മുഖം തിരിച്ചറിയൽ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി പിഎം കിസാൻ മൊബൈൽ ആപ്പിലും ലഭിക്കും.

മുഖം പരിശോധിച്ചുറപ്പിക്കൽ വഴി ഇ-കെവൈസി എങ്ങനെ ചെയ്യാം?

കർഷകന് അവരുടെ സൗകര്യാർത്ഥം മൊബൈൽ ആപ്പ് വഴിയും ഇ-കെവൈസി ചെയ്യാൻ കഴിയും. ഇ-കെവൈസിചെയ്യുന്നതിനുള്ള ഏറ്റവും നൂതനവും തടസരഹിതവുമായ മാർഗമാണിത്. ഇതിനായി ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പിഎം കിസാൻ മൊബൈൽ ആപ്പും ആധാർ ഫേസ് ആർഡി ആപ്പും ഡൗൺലോഡ് ചെയ്യുക. ആപ്പ് തുറന്ന് നിങ്ങളുടെ PM-Kisan രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴി ലോഗിൻ ചെയ്യുക . ഗുണഭോക്തൃ സ്റ്റാറ്റസ് പേജിൽ പ്രവേശിച്ച ശേഷം ഇ-കെവൈസി സ്റ്റാറ്റസ് 'ഇല്ല' ആണെങ്കിൽ, ഇ-കെവൈസിയിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ ആധാർ നമ്പർ നൽകി നിങ്ങളുടെ മുഖം സ്കാൻ ചെയ്യാൻ സമ്മതം നൽകുക. നിങ്ങളുടെ മുഖം സ്‍കാൻ ചെയ്ത ശേഷം ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കാം.

ഒടിപി അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി എങ്ങനെ ചെയ്യാം?

ഒടിപി അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസിക്കായി കർഷകന് ആധാറുമായി ബന്ധിപ്പിച്ച ഒരു ആക്ടീവ് മൊബൈൽ നമ്പർ ഉണ്ടായിരിക്കണം. ഇതിനായി പിഎം കിസാൻ പോർട്ടൽ (https://pmkisan.gov.in/) സന്ദർശിച്ച് വെബ്‌സൈറ്റിന്റെ മുകളിൽ വലത് കോണിലുള്ള ഇ-കെവൈസിയിൽ ക്ലിക്കുചെയ്യുക. ഒടിപി സമർപ്പിച്ചതിന് ശേഷം നിങ്ങളുടെ ആധാർ നമ്പർ നൽകി നിങ്ങളുടെ ഇ-കെവൈസി പൂർത്തിയാക്കുക.

ബയോമെട്രിക് അധിഷ്ഠിത ഇ-കെവൈസി എങ്ങനെ ചെയ്യാം?

കർഷകർക്കായി രാജ്യത്തുടനീളമുള്ള നാല് ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങളിലും മറ്റ് സംസ്ഥാന സേവാ കേന്ദ്രങ്ങളിലും ഈ സാങ്കേതികവിദ്യ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായി നിങ്ങളുടെ ആധാർ കാർഡും ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറും ഉപയോഗിച്ച് നിങ്ങളുടെ അടുത്തുള്ള സിഎസ്‍സി അല്ലെങ്കിൽ എസ്എസ്‍കെ കേന്ദ്രങ്ങൾ സന്ദർശിക്കുക. ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന ഉപയോഗിച്ച് ബയോമെട്രിക് പ്രാമാണീകരണം നടത്താൻ ഈ കേന്ദ്രങ്ങളിലെ ഓപ്പറേറ്റർ കർഷകനെ സഹായിക്കും.