ദില്ലി: വർഗീയ പരാമർശം നടത്തി മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തിയതിന് കേന്ദ്രമന്ത്രി മനേക ഗാന്ധിക്കും സ്ത്രീകളെപ്പറ്റി മോശം പരാമർശം നടത്തിയതിന് എസ്‍പി സ്ഥാനാർത്ഥി അസം ഖാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്‍പി അദ്ധ്യക്ഷ മായാവതിയ്ക്കും വിലക്കേർപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് പരാതികളിൻമേൽ തെര‌ഞ്ഞെടുപ്പ് കമ്മീഷന്‍റെ കനത്ത നടപടി. അസം ഖാന് മൂന്നും മനേക ഗാന്ധിയ്ക്ക് രണ്ടും ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 

എസ്‍പി വിട്ട് ബിജെപിയിലേക്ക് എത്തി രാംപൂരിൽ അസംഖാനെതിരെ മത്സരിക്കുന്ന ചലച്ചിത്രതാരം ജയപ്രദയ്ക്കെതിരെയാണ് അസംഖാൻ 'കാക്കി അടിവസ്ത്രം' ധരിക്കുന്ന സ്ത്രീ എന്ന മോശം പരാമർശം നടത്തിയത്. ഇതിൽ അസംഖാനെതിരെ കേസെടുത്തിരുന്നു.

Read More: ജയപ്രദക്കെതിരെ 'കാക്കി അടിവസ്ത്രം' പരാമര്‍ശം; അസം ഖാനെതിരെ കേസെടുത്തു

വോട്ട് തന്നാലേ പ്രതിഫലമുണ്ടാകൂ എന്ന് ഉത്തർപ്രദേശിൽ പ്രസംഗിച്ചതിനാണ് കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ മനേക ഗാന്ധിയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തത്. സുൽത്താൻ പൂരിൽ നടത്തിയ പ്രസംഗത്തിൽ മനേക പറയുന്നതിങ്ങനെ: 'എന്തായാലും ഞാൻ ജയിക്കുകയാണ് ഇവിടെ. ആളുകളുടെ സ്നേഹത്തോടെ ഞാൻ ജയിക്കുകയാണ്. എന്‍റെ ജയം മുസ്ലീങ്ങളില്ലാതെയാണെങ്കിൽ എനിക്ക് അത് അത്ര സന്തോഷമുള്ള കാര്യമല്ല. മനസ്സിന് വലിയ ബുദ്ധിമുട്ടാകും. എങ്കിലും ഞാനിത്ര മാത്രം പറയുന്നു. ഇനി മുസ്ലീങ്ങൾ ഞാൻ ജയിച്ച ശേഷം എന്തെങ്കിലും ആവശ്യത്തിന് വന്നാൽ ഞാനാലോചിക്കും. എന്തിന് സഹായിക്കണം, എന്താണിപ്പോൾ അതുകൊണ്ടൊരു നേട്ടം? ഈ തെരഞ്ഞെടുപ്പ് ഞാൻ താണ്ടിക്കഴിഞ്ഞു. ഇതിന് ശേഷം നിങ്ങൾ ജോലികൾക്കായി, മറ്റാവശ്യങ്ങൾക്കായി എന്‍റെ അടുത്ത് വന്നാൽ ഇതാകും എന്‍റെ നിലപാട്.' - മനേക പറയുന്നു. 

നോട്ടീസ് കിട്ടിയിട്ടും മനേക വീണ്ടും ഈ ഭീഷണി ആവർത്തിച്ചു. വോട്ട് ശതമാനത്തിനനുസരിച്ച് ഗ്രാമങ്ങളെ തരം തിരിച്ചേ സേവനങ്ങൾ നൽകൂ എന്നായിരുന്നു മനേകയുടെ പ്രസംഗം. 

Read More: 'എനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ..': യുപിയിലെ മുസ്ലീം വോട്ടർമാരോട് മനേക ഗാന്ധി പറഞ്ഞതിങ്ങനെ...