ദില്ലി: 'മിഷൻ ശക്തി' പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തില്‍ പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലയിരുത്തല്‍. പ്രസംഗത്തില്‍ സർക്കാരിന്‍റെ നേട്ടമായി അവതരിപ്പിച്ചിട്ടില്ലെന്നാണ് കമ്മീഷന്‍റെ കണ്ടെത്തൽ. അതേസമയം ദൂരദർശൻ സൗകര്യം വിനിയോഗിച്ചോ എന്ന കാര്യം കമ്മീഷൻ പരിശോധിക്കുകയാണ്.

പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ സർക്കാരിന്‍റെ നേട്ടമായി  'മിഷൻ ശക്തി' അവതരിപ്പിച്ചിട്ടില്ല. പകരം, രാജ്യത്തിന്‍റെ നേട്ടം എന്നാണ് പറയുന്നത്. അതിനാല്‍ ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാവില്ലെന്നാണ് കമ്മീഷന്‍റെ വിലയിരുത്തല്‍. എന്നാല്‍ ദൂരദർശന്‍റെ ക്യാമറ അടക്കമുള്ള സൗകര്യങ്ങള്‍ പ്രസംഗം പകര്‍ത്തുന്നതിനായി ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

മോദിയുടെ പ്രസംഗത്തില്‍ പെരുമാറ്റച്ചട്ട ലംഘനമുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥ സമിതിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയിരുന്നു. പ്രസംഗത്തില്‍ ചട്ടലംഘനമുണ്ടായോ എന്ന് അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശം. വിദഗ്ദ്ധ പരിശോധനയ്ക്കായി പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്‍റെ പകര്‍പ്പ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. 

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടത്. സാധാരണഗതിയില്‍ ഡിആര്‍ഡിഒ നടത്തേണ്ട പ്രഖ്യാപനം പ്രധാനമന്ത്രി ഏറ്റെടുത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 

Also Read: ഉപഗ്രഹവേധമിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു; വൻ നേട്ടമെന്ന് പ്രധാനമന്ത്രി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത് ചട്ടലംഘനമാണെന്ന് സീതാറാം യച്ചൂരിയുടെ പരാതിയില്‍ പറയുന്നു. ബി.ജെ.പിയുടെ മുങ്ങുന്ന കപ്പൽ രക്ഷിക്കാൻ ശാസ്ത്രജ്ഞരുടെ നേട്ടം മോദി ഉപയോഗിച്ചെന്നായിരുന്നു തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ ആക്ഷേപം. 

ബുധനാഴ്ച്ച രാവിലെയോടെയാണ് നിര്‍ണായക വിവരം അറിയിക്കുന്നതിനായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും എന്ന പ്രധാനമന്ത്രിയുടെ അറിയിപ്പ് ട്വിറ്ററിലൂടെ വന്നത്. ഇതോടെ രാജ്യമാകെ ആകാംക്ഷ നിറഞ്ഞു. പിന്നാലെയാണ് ബഹിരാകാശത്തെ ലക്ഷ്യത്തെ മിസൈല്‍ ഉപയോഗിച്ച് ഇന്ത്യ തകര്‍ത്തെന്ന വിവരം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 

Also Read: 'തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു'; മോദിക്കെതിരെ പരാതിയുമായി മമത

ഇന്ത്യയ്ക്ക് മുന്നൂറ് കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലുണ്ടായ ഒരു ഉപഗ്രഹത്തെ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത വിവരം നിങ്ങളെ അഭിമാനപൂര്‍വ്വം അറിയിക്കട്ടെ. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയകരമായതോടെ  ചാരഉപഗ്രഹങ്ങളെ ആക്രമിക്കാനും ഇല്ലാതാക്കാനുമുള്ള ശേഷി ഇന്ത്യ സ്വന്തമാക്കിയതായി രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു.