കാസര്‍കോട്ടെ കോൺഗ്രസ് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചുവെന്ന് വിമത പക്ഷം. പ്രശ്ന പരിഹാരത്തിന് രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തിയെന്നാണ് വിവരം. 

കാസര്‍കോട്: മണ്ഡലത്തിൽ രാജ്‍മോഹൻ ഉണ്ണിത്താനെ സ്ഥാനാർഥിയാക്കിയതിനെതിരെയുള്ള കാസർകോട് ഡിസിസിയിലെ വിഭാഗീയത നീങ്ങുന്നു. വിമത വിഭാഗം കെപിസിസി നേതൃത്വവുമായി ചർച്ച നടത്തി. കാസര്‍കോട് കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചുവെന്ന് വിമത പക്ഷം
 വ്യക്തമാക്കി. 

പ്രശ്ന പരിഹാരത്തിന് രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തിയെന്നാണ് വിവരം. കെ പി സി സി ജനറൽ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണനേയും സി കെ ശ്രീധരനേയും പ്രശ്ന പരിഹാരത്തിന് ചുമതലപ്പെടുത്തി എന്നാണ് വിമത വിഭാഗം പറയുന്നത്. രണ്ട് മാസത്തിനകം സംഘടന പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചുവെന്നും തെരഞ്ഞെടുപ്പ് ആയി സഹകരിക്കുമെന്നും വിമത വിഭാഗം പറഞ്ഞു. 

ഉണ്ണിത്താന്‍റെ സ്ഥാനാർത്ഥിത്വവുമായി പ്രശ്നങ്ങൾക്ക് ബന്ധമില്ലെന്നും വിമത വിഭാഗം വ്യക്തമാക്കി. ഈ വിവാദം പാർട്ടിയെയോ തെരെഞ്ഞെടുപ്പിനെയോ ബാധിക്കില്ലെന്നും വിമത വിഭാഗം പറഞ്ഞു. കാഞ്ഞങ്ങാട് വച്ച് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍റെ നേതൃത്വത്തിലായിരുന്നു വിമത യോഗം. 

കാസര്‍കോട് രാജ്മോഹൻ ഉണ്ണിത്താനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് ഒരു വിഭാഗം നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രാദേശിക നേതാക്കളുടേയും പ്രവർത്തകരുടേയും വികാരം സംസ്ഥാന ദേശീയ നേതാക്കളെ അറിയിക്കുന്നതിൽ ഡിസിസി പ്രസിഡന്‍റ് പരാജയപ്പെട്ടെന്നായിരുന്നു ഇവരുടെ ആരോപണം. 

ഡിസിസി അധ്യക്ഷൻ ഹക്കീം കുന്നിലിനെ മാറ്റണമെന്നാവശ്യപ്പെട്ട് 18 ഡിസിസി ഭാരവാഹികൾ സംസ്ഥാന ദേശീയ നേതൃത്വത്തിന് കത്ത് നൽകുകയും രാജിവയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

Also Read: കാസര്‍കോട്; പ്രവര്‍‌ത്തകരുടെ വികാരം മാനിക്കാത്ത ഡിസിസി പ്രസിഡന്‍റിനെ മാറ്റണമെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍

Also Read: രാജ്‍മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധം; കാസർകോട് ഡിസിസിയിലും പൊട്ടിത്തെറി

അതേസമയം, 18 പേർ ഭാരവാഹിത്വം രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച ഡിസിസി സെക്രട്ടറി അഡ്വ. ഗോവിന്ദനോട്, അച്ചടക്കം ലംഘിച്ചാൽ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നൽകി. 

Also Read: ഉണ്ണിത്താനെതിരെ കാസര്‍കോട്ട് പൊട്ടിത്തെറി; അച്ചടക്കം ലംഘിച്ചാൽ നടപടി എന്ന് ചെന്നിത്തല