ടി വി 9 ഭാരത് വർഷ് എന്ന ടിവി ചാനലിന്‍റെ സ്റ്റിംഗ് ഓപ്പറേഷനിലാണ് എം കെ രാഘവൻ കുടുങ്ങിയത്. ഇത് ഡബ്ബ് ചെയ്ത വാചകങ്ങളാണെന്നും സത്യമല്ലെന്നുമായിരുന്നു രാഘവന്‍റെ പ്രത്യാരോപണം.
കോഴിക്കോട്: സ്റ്റിംഗ് ക്യാമറ ഓപ്പറേഷനിൽ കുടുങ്ങിയ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ നാളെ പൊലീസിന് മുന്നിൽ ഹാജരാകും. തിങ്കളാഴ്ച രാവിലെ ഏഴ് മണിക്കാണ് കോഴക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുക. ഹാജരാകണമെന്ന ആദ്യനോട്ടീസ് പ്രകാരം വരാതിരുന്നതിനെത്തുടർന്ന് അന്വേഷണസംഘം വീണ്ടും നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് നാളെ ഹാജരാകുന്നത്.
അതേസമയം, രാഘവനെതിരായ ആരോപണം പാർട്ടി തന്നെ അന്വേഷിക്കും. കോഴ ആരോപണത്തില്‍ രാഘവന് ജാഗ്രത കുറവുണ്ടായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ചെലവുകളെ കുറിച്ചടക്കമുള്ള രാഘവന്‍റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ കൂടി പ്രതിരോധത്തിലാക്കുന്നതാണ്.
Read More: രാഘവനെതിരായ സ്റ്റിംഗ് ഓപ്പറേഷന്‍റെ മുഴുവൻ ദൃശ്യങ്ങളും തെര. കമ്മീഷന് നൽകിയെന്ന് ചാനൽ
രാഘവന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലം അന്വേഷിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമേ നടപടികള്‍ തുടങ്ങൂ. സിപിഎം കോഴിക്കോട് ജില്ല നേതൃത്വത്തിനൊപ്പം ഒരു മാഫിയ സംഘവും ഗൂഡാലോചനക്ക് പിന്നിലുണ്ടെന്നാണ് രാഘവന്‍ ആവര്‍ത്തിക്കുന്നത്. ഇതിന്‍റെ നിജസ്ഥിതിയടക്കം പരിശോധിക്കുമെന്നാണ് അറിയുന്നത്.
Watch: എം കെ രാഘവനെതിരായ ഒളിക്യാമറാ വിവാദം തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയാകുമോ?
ഹിന്ദി ചാനലിനെതിരെ രാഘവന്‍ നല്‍കിയ പരാതിയിലും, രാഘവനെതിരെ സിപിഎം നല്‍കിയ പരാതിയിലും മൊഴിയെടുക്കാന്‍ എത്രയും വേഗം ഹാജരാകണമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. നോട്ടീസ് അയച്ചതിന് പിന്നാലെ ഫോണിലും പോലീസ് വിവരമറിയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് തിരക്കിലാണെന്ന മറുപടിയാണ് രാഘവന്‍ നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. അതേ സമയം ഗൂഡാലോചനക്ക് പിന്നില്‍ സിപിഎം ജില്ല നേതൃത്വമാണെന്ന രാഘവന്‍റെ ആരോപണത്തിനെതിരെ സിപിഎം ജില്ല സെക്രട്ടറി പി മോഹനന്‍ നാളെ വക്കീല്‍ നോട്ടീസ് അയക്കും.
