Asianet News MalayalamAsianet News Malayalam

വട്ടിയൂർക്കാവ് പ്രചാരണത്തിലെ വീഴ്ച; കളക്ടർക്കെതിരെ നടപടിയില്ലെന്ന് ടിക്കാറാം മീണ

കളക്ടറുടെ പരിചയക്കുറവ് കണക്കിലെടുത്ത് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അവസരം നല്‍കുകയാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. 

no action against trivandrum collector for deley vattiyoorkavu election campaign
Author
Thiruvananthapuram, First Published Oct 4, 2019, 3:10 PM IST

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ വീഴ്ച വരുത്തിയതിന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കെതിരെ തത്ക്കാലം നടപടിയില്ല. കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഇന്ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. 

ഇനി വീഴ്ചയുണ്ടാകില്ലെന്ന് കളക്ടര്‍ ഉറപ്പ് നല്‍കി. കളക്ടറുടെ പരിചയക്കുറവ് കണക്കിലെടുത്ത് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അവസരം നല്‍കുകയാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. നേരത്തെ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ വീഴ്ച വരുത്തിയെന്ന ആക്ഷേപത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കളക്ടർക്ക് നോട്ടീസ് നൽകിയിരുന്നു. 

വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിൽ അന്വേഷണം നടത്തിയതിലെ വീഴ്ച, ഏകോപനമില്ലായ്മ എന്നിവ ചൂണ്ടിക്കാണിച്ചായിരുന്നു നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകളെല്ലാം സമയത്ത് നല്‍കിയിട്ടുണ്ടെന്നും വീഴ്ച വന്നിട്ടില്ലെന്നുമായിരുന്നു അപ്പോൾ കളക്ടർ നൽകിയ മറുപടി.

Read More: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ വീഴ്ചവരുത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

അതേസമയം, വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ  പരാതികൾ ഉയരുന്നതിനിടെ സംഭവത്തിൽ കെപിപിസിസി ഇടപെട്ടു. പ്രചാരണത്തിന് വേഗം പോരെന്ന വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിന്റെ പരാതിയ്ക്ക് പിന്നാലെയാണ് കെപിസിസിയുടെ  ഇടപെടല്‍. നാളെ മുതൽ കെ മുരളീധരൻ മണ്ഡലത്തിൽ സജീവമാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. നാളെയെത്തുമെന്ന് ശശിതരൂരും അറിയിച്ചു. 

വട്ടിയൂർ‌ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ താന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും മോഹന്‍ കുമാറിന്‍റെ വിജയത്തിനായി സജീവമായി പ്രവര്‍ത്തിക്കുമെന്നും ശശി തരൂർ അറിയിച്ചു. വട്ടിയൂര്‍ക്കാവില്‍ നേതാക്കള്‍ പ്രചാരണ രംഗത്ത് സജീവമാകുന്നില്ലെന്ന പരാതി ഏറെ ചര്‍ച്ചയായിരുന്നു. ഇതിൽ അതൃപ്തി അറിയിച്ചുകൊണ്ടാണ് മോഹന്‍കുമാർ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയത്.

Read More: മെല്ലെപ്പോക്ക് വിവാദം; വട്ടിയൂര്‍ക്കാവ് പ്രചാരണത്തില്‍ കെപിസിസി ഇടപെട്ടു, മുരളിയും തരൂരും നാളെയെത്തും

നിലവിലെ പ്രചാരണത്തില്‍ വേഗം പോരായെന്നും കൂടുതല്‍ നേതാക്കള്‍ സജീവമായി പ്രചാരണത്തില്‍ പങ്കെടുക്കണമെന്നും മോഹന്‍കുമാർ കോൺ​ഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നു.  ശശി തരൂരും, കെ മുരളീധരൻ എംപിയും പ്രചാരണത്തില്‍ സജീവമായില്ലെന്നും താഴെ തട്ടില്‍ പ്രചാരണം വേണ്ടത്ര ശക്തമല്ലെന്നും മോഹന്‍കുമാർ പരാതിപ്പെടുകയുണ്ടായി.

അതേസമയം, പ്രചാരണങ്ങൾക്ക് താൻ തന്നെയാണ് നേതൃത്വം നൽകുന്നതെന്ന് ഡിസിസി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ വിശദീകരിച്ചു. മെല്ലെ മെല്ലെ തുടങ്ങി വേഗത്തിലാകുന്നതാണ് കോൺഗ്രസ് പ്രചാരണ രീതിയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios