തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ വീഴ്ച വരുത്തിയെന്ന ആക്ഷേപത്തില്‍ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് വിശദീകരണം നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകളെല്ലാം സമയത്ത് നല്‍കിയിട്ടുണ്ടെന്നും വീഴ്ച വന്നിട്ടില്ലെന്നുമാണ് കളക്ടറുടെ മറുപടി.

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ വീഴ്ച വരുത്തിയെന്ന ആക്ഷേപത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കളക്ടർക്ക് നോട്ടീസ് നൽകിയിരുന്നു. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിൽ അന്വേഷണം നടത്തിയതിലെ വീഴ്ച, ഏകോപനമില്ലായ്മ എന്നിവ ചൂണ്ടിക്കാണിച്ചായിരുന്നു നോട്ടീസ് അയച്ചത്. മഞ്ചേശ്വരത്ത് അവലോകന യോഗത്തിനു പോയ ടിക്കാറാം മീണ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തശേഷം കളക്ടറുടെ വിശദീകരണം പരിശോധിച്ച് തുടര്‍ നടപടി തീരുമാനിക്കും.

Read More: വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച; നടപടി ഇന്നറിയാം

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നേരത്തെയും പരാതികൾ ഉയർന്നിരുന്നു. സൂക്ഷ്മ പരിശോധന ഫലം വൈകുന്നതടക്കമുള്ള ഏകോപന കുറവും പ്രകടമായിരുന്നു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ ടിക്കാറാം മീണ അതൃപ്തി രേഖപ്പെടുത്തിയത്.