തിരുവനന്തപുരം:  വീണ്ടും അധികാരത്തിലെത്തിയാൽ വിശ്വാസങ്ങൾ ഉറപ്പാക്കാൻ ഭരണഘടനാ സംരക്ഷണം നൽകുമെന്ന് പ്രധാനമന്ത്രി. ശബരിമലയുടെ പേരെടുത്ത് പറയാതെയാണ്, ഇക്കാര്യത്തിനായി കോടതി മുതൽ പാർലമെന്റ് വരെ പോകുമെന്ന് തിരുവനന്തപുരത്തെ പ്രസംഗത്തിൽ നരേന്ദ്രമോദി പ്രഖ്യാപിച്ചത്. കേരളത്തിൽ ദൈവത്തിന്റെ പേര് പറഞ്ഞാൽ കള്ളക്കേസെടുക്കുമെന്നും ലാത്തിച്ചാർജ്ജ് നടത്തുമെന്നും മോദി കുറ്റപ്പെടുത്തി.

വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കൂടി കാവൽക്കാരനാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിന് ഭരണഘടനാ ഭേദഗതി വരുത്തണമെന്ന ആവശ്യം ഉയരുമ്പോഴാണ് മോദി നിലപാട് വ്യക്തമാക്കുന്നത്.  രാഹുൽ ഗാന്ധിക്ക് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാൻ ധൈര്യമുണ്ടോ എന്നും മോദി വെല്ലുവിളിച്ചു. ''കേരളത്തിൽ വന്ന് മത്സരിക്കുന്നത് യോജിപ്പിന്‍റെ സന്ദേശമാണെന്നല്ലേ കോൺഗ്രസ് അദ്ധ്യക്ഷൻ പറയുന്നത്? തിരുവനന്തപുരത്ത് മത്സരിച്ച് സന്ദേശം കൊടുത്തുകൂടേ? പത്തനംതിട്ടയിലിറങ്ങി മത്സരിച്ചു കൂടേ?'', മോദി ചോദിക്കുന്നു. 

'ഇവിടെ തമ്മിൽ ഏറ്റുമുട്ടിയാലും കേരളത്തിലെ രണ്ട് മുന്നണികളും ദില്ലിയിലെത്തിയാൽ ഒന്നാണ്. കോൺഗ്രസ് അദ്ധ്യക്ഷൻ കേരളത്തിലെ വയനാട്ടിൽ മത്സരിച്ച് ഇടതിനെതിരെ ഒരക്ഷരം മിണ്ടില്ലെന്ന് പറയുന്നു? കേരളത്തിൽ ഗുസ്തി, ദില്ലിയിൽ ദോസ്തി (ചങ്ങാത്തം). ഇതാണ് ഇവരുടെ രാഷ്ട്രീയം. അവസരവാദികളാണ് ഈ മുന്നണികളിലുള്ളവരെല്ലാം.', മോദി ആരോപിക്കുന്നു.

അതേസമയം, ശബരിമല എന്ന വാക്ക് പരാമർശിക്കാതെയാണ് രണ്ടാമത്തെ പ്രചാരണപരിപാടിയിലും മോദി സംസാരിച്ചത്. 'കേരളത്തിൽ ദൈവത്തിന്‍റെ പേര് പോലും പറയാൻ പറ്റാത്ത അവസ്ഥയാണ്. ദൈവത്തിന്‍റെ പേര് പറഞ്ഞാൽ ഇവിടത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ ജയിലിലിടും. ലാത്തിച്ചാർജ് നടത്തും', മോദി പറഞ്ഞു. മെയ് 23 - ന് ശേഷം വീണ്ടും മോദി സർക്കാർ രൂപീകരിക്കപ്പെടുമ്പോൾ കോടതി തൊട്ട് പാർലമെന്‍റ് വരെ നിങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ പോരാടുമെന്നും അതിന് ഭരണഘടനാപരമായ പിന്തുണ നൽകുമെന്നും മോദി വാഗ്‍ദാനം ചെയ്യുന്നു. 

മുഖ്യമന്ത്രി പിണറായി വിജയനെയും മോദി പ്രസംഗത്തിൽ കടന്നാക്രമിച്ചു. ലാവലിൻ അഴിമതിയാരോപണത്തിന്‍റെ നിഴലിൽ നിൽക്കുന്നയാളാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി. മറ്റ് മന്ത്രിമാർക്കെതിരെയും ഗുരുതരമായ അഴിമതിയാരോപണങ്ങളുണ്ട്. പ്രളയത്തിന് ശേഷം കേരളത്തിന് ലഭിച്ച സഹായം പോലും തട്ടിയെടുക്കുകയായിരുന്നു ഇവിടത്തെ സർക്കാർ. 

അതേസമയം, നമ്പി നാരായണനെയും മോദി പ്രസംഗത്തിൽ പരാമർശിച്ചു. കോൺഗ്രസ് സർക്കാർ നമ്പി നാരായണനെ ദ്രോഹിച്ചതെങ്ങനെയാണെന്ന് അറിയാമല്ലോ എന്നാണ് മോദി ചോദിച്ചത്. അടുത്ത കാലത്ത് ബിജെപി അനുഭാവിയും ശബരിമല കർമസമിതി നേതാവുമായ മുൻ ഡിജിപി സെൻകുമാറിനെ വേദിയിലിരുത്തിയാണ് പ്രധാനമന്ത്രി ഇത് പറഞ്ഞതെന്നതാണ് ശ്രദ്ധേയം. 

ഐഎസ്ആർഒ ചാരക്കേസ് പുനരന്വേഷിക്കരുതെന്ന് കോടതി നിർദേശിച്ചിട്ടും സെൻകുമാർ അന്വേഷണവുമായി മുമ്പ് മുന്നോട്ടു പോയിരുന്നു. ചാരക്കേസ് അന്വേഷിക്കാൻ നായനാർ സർക്കാർ തീരുമാനിച്ചിരുന്നില്ലെന്നും മന്ത്രിസഭായോഗം തീരുമാനിക്കുന്നതിന് മുമ്പ് കോടതി അത് വിലക്കിയിരുന്നെന്നും നമ്പി നാരായണൻ നേരത്തേ പറഞ്ഞിരുന്നതാണ്. സെൻകുമാറിനെതിരെ നമ്പി നാരായണൻ ഹൈക്കോടതിയിൽ മാനനഷ്ടക്കേസും നൽകിയിരുന്നു.

Read More: ടി പി സെൻകുമാറിന് നമ്പി നാരായണനോട് എന്താണിത്ര വിരോധം?

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. വൈകിട്ട് ആറ് മണിയോടെയാണ് പരിപാടി തുടങ്ങുക എന്നാണ് അറിയിച്ചിരുന്നതെങ്കിലും എട്ട് മണിയോടെയാണ് പ്രധാനമന്ത്രി എത്തിയത്. 

മാർത്താണ്ഡവർമയെയും വക്കം അബ്ദുൾഖാദർ മൗലവിയെയും സ്മരിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. 

മോദിയുടെ പ്രസംഗത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ:

# 2014 മുതൽ ബിജെപിയോടും എന്നോടുമുള്ള വിശ്വാസം നിങ്ങൾ നൽകുന്നതിൽ നന്ദിയുണ്ട്. ഈ നാടിന്‍റെ വികസനത്തിന് നിങ്ങളുടെ പിന്തുണ എനിയ്ക്ക് വേണം.

# ലാളിത്യം കൊണ്ടും നന്മ കൊണ്ടും ശ്രദ്ധേയനായ വ്യക്തിയാണ് തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരൻ. 

# കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി സർക്കാരിന് നിങ്ങൾ നൽകി വിശ്വാസം കൊണ്ട്, ഇന്ത്യ മുന്നോട്ട് കുതിയ്ക്കുന്നു. ഭൂമിയിലും ആകാശത്തും ഇന്ത്യ സുരക്ഷിതമാണ്. 

# ഇന്ന് മൊബൈൽ തൊട്ട് മിസൈൽ വരെയുള്ള എല്ലാ സാങ്കേതിക വിദ്യയും ബഹിരാകാശത്ത് നിന്ന് നിയന്ത്രിക്കാം. ബഹിരാകാശത്ത് നിന്ന് ഏതെങ്കിലും ഛിദ്രശക്തികൾ നമ്മളെ ആക്രമിച്ചാൽ എന്ത് ചെയ്യും?

# ഇന്ത്യയുടെ ചൗകീദാർ നമ്മുടെ ശാസ്ത്രജ്ഞൻമാർക്ക് ഈ ഭീഷണിയിൽ നിന്ന് മോചിതരാക്കാനുള്ള എല്ലാ അധികാരങ്ങളും നൽകി. 

# ഇത് മുമ്പും നടത്താമായിരുന്നു. പക്ഷേ പഴയ സർക്കാരിന് അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല. 

# കേരളത്തിലെ അന്നത്തെ സർക്കാർ പ്രസിദ്ധ ശാസ്ത്രജ്ഞൻ നമ്പി നാരായണനോട് ചെയ്തതെന്തെന്ന് നമുക്കറിയാമല്ലോ? 

# ദേശീയവാദികളുടെ സർക്കാരും കുടുംബാധിപത്യ സർക്കാരും തമ്മിലുള്ള വ്യത്യാസമിതാണ്.

# ഇത്തവണത്തെ തെരഞ്ഞെടുപ്പ് സർക്കാരുണ്ടാക്കാൻ മാത്രമല്ല, ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ശക്തിയാക്കാൻ കൂടി വേണ്ടിയാണ്. 

# കന്നിവോട്ടർമാർക്കടക്കം നിരവധി ഉത്തരവാദിത്തമുണ്ട് ഈ തെരഞ്ഞെടുപ്പിൽ. മുമ്പുള്ള സർക്കാരുകൾ ജനാധിപത്യം നശിപ്പിച്ചതിനൊപ്പം കേരളത്തിലെ വിശ്വാസങ്ങളും നശിപ്പിച്ചു.

# കേരളത്തിന്‍റെ ആചാരങ്ങൾ നശിപ്പിക്കുന്നത്, കേരളത്തിന്‍റെ സംസ്കാരമല്ല.

# കൊലപാതക രാഷ്ട്രീയത്തിന്‍റെ മുന്നണി രാഷ്ട്രീയത്തിൽ നിന്ന് രക്ഷ വേണം.

# ഇവിടെ തമ്മിൽ ഏറ്റുമുട്ടിയാലും കേരളത്തിലെ രണ്ട് മുന്നണികളും ദില്ലിയിലെത്തിയാൽ ഒന്നാണ്. കോൺഗ്രസ് അദ്ധ്യക്ഷൻ കേരളത്തിലെ വയനാട്ടിൽ മത്സരിച്ച് ഇടതിനെതിരെ ഒരക്ഷരം മിണ്ടില്ലെന്ന് പറയുന്നു? കേരളത്തിൽ ഗുസ്തി, ദില്ലിയിൽ ദോസ്തി (ചങ്ങാത്തം). ഇതാണ് ഇവരുടെ രാഷ്ട്രീയം. അവസരവാദികളാണ് ഈ മുന്നണികളിലുള്ളവരെല്ലാം. 

# കേരളത്തിൽ വന്ന് മത്സരിക്കുന്നത് സന്ദേശമാണെന്നല്ലേ കോൺഗ്രസ് അദ്ധ്യക്ഷൻ പറയുന്നത്? തിരുവനന്തപുരത്ത് മത്സരിച്ച് സന്ദേശം കൊടുത്തുകൂടേ? പത്തനംതിട്ടയിലിറങ്ങി മത്സരിച്ചു കൂടേ?

# ഇത് യോജിപ്പിന്‍റെ രാഷ്ട്രീയമല്ല, പ്രീണന രാഷ്ട്രീയമാണ്. 

# കേരളത്തിൽ ദൈവത്തിന്‍റെ പേര് പോലും പറയാൻ പറ്റാത്ത അവസ്ഥയാണ്. ദൈവത്തിന്‍റെ പേര് പറഞ്ഞാൽ ഇവിടത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ ജയിലിലിടും. ലാത്തിച്ചാർജ് നടത്തും.

# മെയ് 23 - ന് ശേഷം വീണ്ടും മോദി സർക്കാർ രൂപീകരിക്കപ്പെടുമ്പോൾ കോടതി തൊട്ട് പാർലമെന്‍റ് വരെ നിങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ പോരാടും. അതിന് ഭരണഘടനാപരമായ പിന്തുണ നൽകും.

# ബിജെപിയുടെ നിലപാട് കൃത്യമാണ്. കോൺഗ്രസിന് കൃത്യമായ നിലപാടില്ലെന്ന് മാത്രമല്ല, ഇരട്ടത്താപ്പാണ്. കേരളത്തിൽ ഒരു നിലപാട്, ദില്ലിയിൽ വേറൊരു നിലപാട്. 

# മുഖ്യമന്ത്രിക്ക് എതിരെപ്പോലും ലാവ്‍ലിൻ പോലുള്ള അഴിമതിയാരോപണമുണ്ട്. മന്ത്രിമാർക്കെതിരെയും അഴിമതിയാരോപണങ്ങളുണ്ട്. പ്രളയത്തിൽപ്പെട്ടവർക്ക് സഹായമെത്തിക്കാൻ എത്തിച്ച പണം പോലും അർഹതപ്പെട്ടവർക്ക് നൽകാതെ തട്ടിയെടുത്തു. 

# ഇവിടെ പ്രളയത്തിന് കാരണമായത് സർക്കാരിന്‍റെ കെടുകാര്യസ്ഥതയാണ്. ഇത്രയും കഴിവില്ലാത്ത സർക്കാരിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ല. 

# മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് പോകുമ്പോൾ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കും. 

# ഇന്ത്യയുടെ സൈന്യത്തെ കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് നേതാക്കൾ കളിയാക്കുകയാണ്. ചോദ്യം ചെയ്യുകയാണ്. അപമാനിക്കുകയാണ്. 

# ശക്തമായ ഒരു സർക്കാർ നിർമിക്കാൻ, കരുത്തുള്ള വോട്ടുകളുടെ പിന്തുണ വേണം. അതിന് കരുത്തുറ്റ കാവൽക്കാരൻ ഈ നാടിനുണ്ടാകണം. ഈ കാവൽക്കാരന് നിങ്ങൾ വോട്ട് നൽകണം. താമരയ്ക്ക് നൽകുന്ന ഓരോ വോട്ടും മോദിയ്ക്കുള്ളതാണ്. 

ഏപ്രിൽ 12-ന് കോഴിക്കോട്ടായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പ്രചാരണ പരിപാടി. കേരളത്തിലെ ആദ്യ പ്രചാരണപരിപാടിയായ അന്നത്തെ 'വിജയ് സങ്കൽപ്' റാലിയിലും ആചാരസംരക്ഷണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സുപ്രീംകോടതിയ്ക്ക് മുമ്പാകെ വയ്ക്കും, തെളിയിക്കും. ജനങ്ങളുടെ വിശ്വാസത്തിന് ഭരണഘടനയുടെ സംരക്ഷണം നൽകും. യുഡിഎഫും എൽഡിഎഫും കേരളത്തിലെ ആചാരങ്ങൾ തകർക്കാമെന്ന് കരുതിയെങ്കിൽ അവർക്ക് തെറ്റി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ചില ശക്തികൾ ആചാരം ലംഘിക്കാൻ നോക്കി. - മോദി ആരോപിച്ചു.

'ശബരിമല' എന്ന വാക്ക് ഉന്നയിച്ചില്ലെങ്കിലും ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുമെന്ന് മോദി ആവർത്തിച്ചു. അതിന് നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഭരണഘടന പ്രകാരം വിശ്വാസസംരക്ഷണത്തിന് നടപടിയുണ്ടാകുമെന്നുമാണ് മോദി പറഞ്ഞത്. ശബരിമലയുടെ പേരിലും അയ്യപ്പന്‍റെയും മറ്റ് ദൈവങ്ങളുടെയും പേരിലും വോട്ട് തേടിയാൽ കടുത്ത നടപടിയുണ്ടാവുമെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയും വ്യക്തമാക്കിയിരുന്നതാണ്. 

Read More: ആചാരസംരക്ഷണത്തിന് വേണ്ടി നില കൊള്ളും, സുപ്രീംകോടതിയിൽ തെളിയിക്കും: നരേന്ദ്രമോദി

പ്രധാനമന്ത്രി വരുന്നതിന് മുമ്പ് സുരക്ഷാ വീഴ്ച

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയ്ക്ക് തൊട്ടു മുമ്പ് വേദിക്ക് തൊട്ടടുത്ത് ഗുരുതര സുരക്ഷാ വീഴ്ച. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ വിജയ് സങ്കൽപ് റാലിയുടെ വേദിയ്ക്ക് തൊട്ടടുത്താണ് സംഭവം. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി. ആർക്കും പരിക്കില്ല.

കൊല്ലം എ ആർ ക്യാംപിൽ നിന്ന് എത്തിയ പൊലീസുദ്യോഗസ്ഥന്‍റെ കയ്യിൽ നിന്നാണ് വെടി പൊട്ടിയത്. ഉദ്യോഗസ്ഥനെ അടിയന്തരമായി സ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ട്. 

പ്രധാനമന്ത്രി എത്തുന്നതിന് അൽപസമയം മുമ്പാണ് സംഭവം. എങ്ങനെ ഇത് സംഭവിച്ചുവെന്ന് ഉന്നത പൊലീസുദ്യോഗസ്ഥർ റിപ്പോർട്ട് തേടിയിട്ടുണ്ട്.