5 ജി ലേലം ജൂലൈയിൽ പൂർത്തിയായാൽ ഓഗസ്റ്റ് മാസത്തോടെ സേവനങ്ങൾ ലഭ്യമായി തുടങ്ങും
ദില്ലി: രാജ്യത്ത് 5 ജി സേവനങ്ങൾ ഉടൻ നിലവിൽ വരുമെന്ന് ടെലികോം സെക്രട്ടറി. ലേലം ജൂലൈയിൽ പൂർത്തിയായാൽ ഓഗസ്റ്റ് മാസത്തോടെ സേവനങ്ങൾ ലഭ്യമായി തുടങ്ങുമെന്നാണ് കെ രാജരാമൻ പറഞ്ഞത്. ദില്ലിയിൽ ഒരു ടെലികോം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
72 ഗിഗാഹെർട്സ് മുതലുള്ള സ്പെക്ട്രം ലേലം ജൂലൈ 26 മുതലാണ് നിശ്ചയിച്ചിരിക്കുന്നത്. പൂർണമായ അർത്ഥത്തിൽ 5ജി സേവനങ്ങൾ 2023 മാർച്ച് മാസത്തോടെ ലഭ്യമാകുമെന്നാണ് നേരത്തെ കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.
Read Also : 5G Auction: 5ജി സ്‌പെക്ട്രം ലേലം; ടെലികോം കമ്പനികൾക്ക് ഇളവുകൾ നൽകി കേന്ദ്രം
ക്യാപ്റ്റീവ് നെറ്റ്‌വർക്ക് സേവനങ്ങൾ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് സ്പെക്ട്രം അനുവദിക്കുന്നതിന് എതിരെ ടെലികോം കമ്പനികൾ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്. സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കി കൊണ്ട് കേന്ദ്ര ടെലികോം മന്ത്രാലയത്തിന് കത്തയക്കുകയും ചെയ്തു.
ഒരു നിശ്ചിത പരിധിയിൽ വരുന്ന പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് കമ്പനികൾക്ക് അനുവദിക്കുന്ന സ്‌പെക്ട്രത്തെയാണ് ക്യാപ്റ്റീവ് നെറ്റ്‌വർക്ക് എന്ന് പറയുന്നത്.
