ഈ വര്‍ഷം അവസാനത്തോടെ ആമസോണ്‍ നൗവിന്റെ മൊത്തം സ്റ്റോറുകളുടെ എണ്ണം 300 കവിയുമെന്ന് കമ്പനി അറിയിച്ചു. പ്രൈം അംഗങ്ങള്‍ 'ആമസോണ്‍ നൗ' ഉപയോഗിച്ച് തുടങ്ങിയതിനുശേഷം ഷോപ്പിംഗ് മൂന്നിരട്ടിയായി വര്‍ദ്ധിച്ചതായും കമ്പനി അറിയിച്ചു.

ഇ-കൊമേഴ്സ് രംഗത്തെ അതികായന്മാരായ ആമസോണ്‍, അതിവേഗ ഡെലിവറി ബിസിനസായ 'ആമസോണ്‍ നൗ' വിപണിയില്‍ കൂടുതല്‍ ആധിപത്യം ഉറപ്പിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രതിദിനം രണ്ട് പുതിയ 'ഡാര്‍ക്ക് സ്റ്റോറുകള്‍' തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വര്‍ഷം അവസാനത്തോടെ ആമസോണ്‍ നൗവിന്റെ മൊത്തം സ്റ്റോറുകളുടെ എണ്ണം 300 കവിയുമെന്ന് കമ്പനി അറിയിച്ചു. മൈക്രോ-ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ എന്നും അറിയപ്പെടുന്ന ഈ ഡാര്‍ക്ക് സ്റ്റോറുകള്‍ ഇപ്പോള്‍ 250-ഓളമാണ് ആമസോണിനുള്ളത്. പ്രൈം അംഗങ്ങള്‍ 'ആമസോണ്‍ നൗ' ഉപയോഗിച്ച് തുടങ്ങിയതിനുശേഷം ഷോപ്പിംഗ് മൂന്നിരട്ടിയായി വര്‍ദ്ധിച്ചതായും കമ്പനി അറിയിച്ചു. ഓര്‍ഡര്‍ ചെയ്ത് 30 മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ ഉപഭോക്താവിന്റെ കൈകളില്‍ എത്തിക്കുന്ന വിതരണ രീതിയാണിത്.

മത്സരം മുറുകും

ഫ്‌ലിപ്കാര്‍ട്ട്, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ഇന്‍സ്റ്റാമാര്‍ട്ട് തുടങ്ങിയ എതിരാളികളുമായി മത്സരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു, ഡല്‍ഹി, മുംബൈ എന്നീ മെട്രോ നഗരങ്ങളില്‍ കൂടുതല്‍ വേരുറപ്പിക്കാനാണ് ആമസോണ്‍ പദ്ധതിയിടുന്നത്. ബെംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലായി പ്രതിദിനം രണ്ട് സെന്ററുകള്‍ വീതം തുറന്നുകൊണ്ട് മുന്നോട്ട് പോകാനാണ് ആമസോണിന്റെ തീരുമാനം,

വേഗമാര്‍ന്ന ഡെലിവറി

ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അവശ്യസാധനങ്ങള്‍, മണിക്കൂറുകള്‍ക്കുള്ളില്‍ മുഴുവന്‍ പലചരക്ക് ഉല്‍പ്പന്നങ്ങളും ആണ് ആമസോണ്‍ നൗ നിലവില്‍ വാഗ്ദാനം ചെയ്യുന്നത്.

എതിരാളികള്‍ കുതിക്കുന്നു

നിലവില്‍ മറ്റ് ക്വിക്ക് കോമേഴ്‌സ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ആമസോണ്‍ നൗ പുറകിലാണ്. ബ്ലിങ്കിറ്റ് 2027 മാര്‍ച്ച് മാസത്തോടെ 3,000 ഡാര്‍ക്ക് സ്റ്റോറുകള്‍ സ്ഥാപിക്കാന്‍ ആണ് ലക്ഷ്യമിടുന്നത്. ഇതിനായി മാതൃസ്ഥാപനമായ എറ്റേണല്‍ നിന്ന് അടുത്തിടെ 600 കോടി രൂപ നിക്ഷേപിച്ചിരുന്നു. സെപ്‌റ്റോ ഒരു വര്‍ഷം മുമ്പ് 350 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.