തത്കാലം നിലവിലുള്ള അക്കൗണ്ടുകളെ പുതിയ പരിഷ്ക്കാരം ബാധിച്ചേക്കില്ല. പുതിയ അക്കൗണ്ടുകൾ പണം നൽകേണ്ടി വരും
സാൻഫ്രാൻസിസ്കോ: ട്വിറ്ററിൽ നിലവിൽ ബ്ലൂ ടിക്കുള്ള അക്കൗണ്ടുകളെ പുതിയ പരിഷ്ക്കരണം ബാധിച്ചേക്കില്ലെന്ന് റിപ്പോർട്ട്. പുതിയ ഉപഭോക്താക്കൾക്കും ബ്ലൂ ബാഡ്ജ് ആവശ്യപ്പെടുന്നവർക്കും ഇത് ബാധകമാകും.
ശത കോടീശ്വരൻ എലോൺ മസ്‌ക് ട്വിറ്റെർ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ നടപടിയാണ് ബ്ലൂ ടിക്കിന് പണം ഈടാക്കും എന്ന് അറിയിച്ചത്. വെരിഫൈഡ് അക്കൗണ്ടുകൾക്കാണ് ട്വിറ്റർ ബ്ലൂ ടിക്ക് ബാഡ്ജ് നൽകുക. ഇതിനകം പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കളും പണം നൽകണം അല്ലെങ്കിൽ 90 ദിവസത്തിന് ശേഷം അവരുടെ ബ്ലൂ ബാഡ്ജുകൾ നഷ്ടപ്പെടും എന്നതാണ് പുതിയ പ്ലാൻ. ഇതിനകം പരിശോധിച്ചുറപ്പിച്ചിട്ടുള്ള അക്കൗണ്ടുള്ള വലിയ ബ്രാൻഡ് പരസ്യദാതാക്കൾക്ക് ഈ ആഴ്ച അവരുടെ പേരിന് താഴെ ഒരു 'ഔദ്യോഗിക' ലേബൽ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.
സെലിബ്രിറ്റികൾക്ക് പുതിയ നയം
ഇനി മുതൽ ട്വിറ്ററിൽ സെലിബ്രിറ്റികൾക്ക് നേരിട്ട് സന്ദേശം അയക്കാന്‍ പണം ഈടാക്കാന്‍ ട്വിറ്റര്‍. പുതിയ ഫീച്ചര്‍ ട്വിറ്റര്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് ഒരു സെലിബ്രിറ്റിക്ക് ഏതൊരു യൂസറിനും സന്ദേശം അയക്കാം, പകരം പണം ഈടാക്കും. ഇത്തരത്തില്‍ അയക്കുന്ന സന്ദേശം സെലിബ്രിറ്റി കണ്ടെന്ന് ഉറപ്പാക്കാനും സംവിധാനം ഉണ്ടാകും.
ഇലോൺ മസ്കിന്‍റെ ഈ പുതിയ വരുമാന ആശയം ന്യൂയോര്‍ക്ക് ടൈംസ് ട്വിറ്ററിന്‍റെ ചില ഉള്‍വൃത്തങ്ങളില്‍ നിന്നാണ് മനസിലാക്കിയത്. എന്നാല്‍ ഈ ഫീച്ചര്‍ ട്വിറ്റര്‍ നടപ്പിലാക്കുമോ എന്നതില്‍ വ്യക്തതയില്ല. ഇത്തരം സന്ദേശങ്ങള്‍ ട്വിറ്ററിലെ സെലിബ്രിറ്റികളുടെ സ്വകാര്യതയെ എങ്ങനെ ബാധിക്കും എന്നതും വലിയ ചോദ്യമാണ്. അതിനാല്‍ തന്നെ ഒരു അവസരം എന്നതിനപ്പുറം പെയിഡ് സന്ദേശം നടപ്പിലാക്കിയാല്‍ അത് സെലിബ്രിറ്റികൾക്ക് പണികിട്ടാന്‍ വഴിയുണ്ടെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.
വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം 50 ശതമാനത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടത് ചർച്ചയായിരുന്നു.കൂട്ടപിരിച്ചുവിടലിലൂടെയും ചെലവു ചുരുക്കിയും പുതിയ വരുമാനം കണ്ടെത്തിയും ട്വിറ്റർ ലാഭത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കങ്ങൾ.
