ദില്ലി: വ്യാജ എടിഎം കാർഡുകളുപയോഗിച്ച് പണം തട്ടിയെന്ന പരാതി ദില്ലിയിൽ റിപ്പോർട്ട് ചെയ്തു. എടിഎം കാർഡ് ക്ലോണിങ് എന്ന നിയമവിരുദ്ധ മാർഗത്തിലൂടെയാണ് തട്ടിപ്പ് നടത്തിയത്. ഒരാളുടെ എടിഎം കാർഡ് വിവരങ്ങൾ മറ്റൊരു കാർഡിലേക്ക് പകർത്തിയ ശേഷം ഇതുപയോഗിച്ച് ഇടപാട് നടത്തുന്ന രീതിയാണ് എടിഎം കാർഡ് ക്ലോണിങ്.

സംശയകരമായ എല്ലാ ഇടപാടുകളും സംബന്ധിച്ച് ഉപഭോക്താക്കൾ ഉടൻ തന്നെ ബ്രാഞ്ചുകളിൽ അറിയിക്കണം എന്ന് എസ്ബിഐ ആവശ്യപ്പെട്ടു. ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ എസ്ബിഐ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. തട്ടിപ്പിന് ഇരയായ ഉപഭോക്താക്കളെ സഹായിക്കുമെന്നും റീഫണ്ട് ലഭ്യമാക്കുമെന്നും എസ്ബിഐ വ്യക്തമാക്കി.

കൃത്യമായ ഇടവേളകളിൽ എടിഎം പിൻ മാറ്റണമെന്നും, എടിഎം കൗണ്ടറുകളിൽ പിൻ നമ്പർ അടിക്കുമ്പോൾ മറ്റാരും കാണുന്നില്ലെന്ന് ഉറപ്പാക്കണം, സെക്യുരിറ്റി ട്രാൻസാക്ഷൻ നമ്പർ എവിടെയും എഴുതി വയ്ക്കാതെ ഓർത്തുവയ്ക്കാൻ ശ്രമിക്കണമെന്നും ബാങ്ക് ആവശ്യപ്പെട്ടു. പിറന്നാൾ ദിനങ്ങളോ, വാർഷിക ദിനങ്ങളോ പിൻ നമ്പറായി ഉപയോഗിക്കരുത്. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പറുകൾ ഇപ്പോൾ ഉപയോഗിക്കുന്നത് തന്നെയെന്ന് ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇടപാടുകൾ സംബന്ധിച്ച സന്ദേശങ്ങൾ ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്. 

പിൻ നമ്പർ മറ്റാരുമായും പങ്കുവയ്ക്കരുതെന്നും, എടിഎമ്മിനകത്ത് പണം പിൻവലിക്കുന്ന ഘട്ടത്തിൽ ആരെയും പ്രവേശിപ്പിക്കരുതെന്നും വ്യാജ ഇ -മെയിലുകൾക്കും എസ്എംഎസുകൾക്കും മറുപടി നൽകരുതെന്നും എസ്ബിഐ, ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി. എടിഎം കാർഡ് ക്ലോണിങ് രീതിയിലൂടെ നിരവധി തട്ടിപ്പുകളാണ് രാജ്യത്ത് നടക്കുന്നത്.

Read also: നിർമാണം, തൊഴിൽ, നിക്ഷേപം എന്നിവ ലക്ഷ്യമിട്ട് സർക്കാർ; നടപ്പാക്കുന്നത് സ്വകാര്യവത്കരണമല്ലെന്ന് ധനമന്ത്രി