ചൈനയും യുഎസും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയത്താണ് മസ്‌കിന്റെ സന്ദർശനം. യുഎസ് കഴിഞ്ഞാൽ, ടെസ്‌ലയുടെ ഏറ്റവും വലിയ വിപണിയാണ് ചൈന

വാഷിംഗ്ടൺ: ചൈന സന്ദർശിക്കാൻ തയ്യാറെടുത്ത് ഇലോൺ മസ്‌ക്. ടെസ്‌ല ഇൻ‌കോർപ്പറേഷന്റെ ഷാങ്ഹായ് ഫാക്ടറിയിൽ ശനിയാഴ്ച മസ്‌ക് സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ട്. ചൈനീസ് ചാര ബലൂൺ മുതൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള ബീജിംഗിന്റെ പങ്കാളിത്തം വരെയുള്ള എല്ലാ കാര്യങ്ങളിലും ചൈനയും യുഎസും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയത്താണ് മസ്‌കിന്റെ സന്ദർശനം. 

ഈ മാസം ടെസ്‌ലയുടെ ഓട്ടോമോട്ടീവിന്റെ സീനിയർ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടോം ഷുവിനൊപ്പമാണ് മസ്‌ക് യാത്ര ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം, ചൈന സന്ദർശനത്തെ കുറിച്ച് മസ്കിന്റെ ഓഫീസിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല ടെസ്‌ലയും മസ്കിന്റെ യാത്രയെ കുറിച്ച് വിശദീകരണങ്ങൾ നൽകിയിട്ടില്ല. 

ALSO READ: ഇന്ത്യൻ തീരം വിട്ടത് 85,000 കോടിയുടെ മൊബൈൽ ഫോണുകള്‍; റെക്കോർഡിട്ട് സ്മാർട്ട്ഫോൺ കയറ്റുമതി

2014-ൽ ടെസ്‌ലയുടെ ഭാഗമായ ടോം ഷു കൊവിഡ് ലോക്ക്ഡൗണുകളുടെ സമയത്ത് ഷാങ്ഹായിലെ ടെസ്‌ലയുടെ ഫാക്ടറിയുടെ നിർമ്മാണത്തിനും പ്രവർത്തനത്തിനും നേതൃത്വം നൽകി. മസ്‌ക്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സക്കറി കിർഖോൺ, പവർട്രെയിൻ ആൻഡ് എനർജി എഞ്ചിനീയറിംഗിന്റെ സീനിയർ വൈസ് പ്രസിഡന്റ് ഡ്രൂ ബാഗ്‌ലിനോ എന്നിവർക്കൊപ്പം നാമകരണം ചെയ്യപ്പെട്ട നാല് എക്‌സിക്യൂട്ടീവ് ഓഫീസർമാരിൽ ഒരാളാണ് ടോം ഷു.

യുഎസ് കഴിഞ്ഞാൽ, ടെസ്‌ലയുടെ ഏറ്റവും വലിയ വിപണിയാണ് ചൈന, 2022ൽ ടെസ്‌ലയുടെ വരുമാനത്തിന്റെ 22.3 ശതമാനം ചൈനയിൽ നിന്നായിരുന്നു. മാർച്ചിൽ കമ്പനി ഷാങ്ഹായ് പ്ലാന്റിൽ നിന്നുള്ള കയറ്റുമതി വർധിപ്പിച്ചിട്ടുണ്ട്.

ALSO READ : ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വായ്പ; 40,920 കോടി കടമെടുത്ത് മുകേഷ് അംബാനി

വൈദ്യുത-വാഹന നിർമ്മാണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച ടെസ്‌ല ഒക്ടോബറിൽ, ഷാങ്ഹായി ഫാക്ടറിയിൽ നിർമ്മിച്ച മോഡലുകളുടെ വില കുറച്ചിരുന്നു. ജനുവരിയിൽ ടെസ്‌ലയുടെ പ്രാദേശികമായി നിർമ്മിച്ച കാറുകൾക്ക് കഴിഞ്ഞ വർഷത്തേക്കാൾ 14% വിലക്കുറവും ചില സന്ദർഭങ്ങളിൽ യുഎസിലും യൂറോപ്പിലും ഉള്ളതിനേക്കാൾ ഏകദേശം 50% വിലക്കുറവും നൽകിയിരുന്നു.