എല്ലാവര്‍ക്കും ബാധകം, ഉയര്‍ന്ന ശമ്പളമുള്ളവരും കുറഞ്ഞ ശമ്പളമുള്ളവരും ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ഈ നിയമം ബാധകമാണ്.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമം . ഇനി ജോലിയില്‍ നിന്ന് രാജി വെക്കുകയോ, സ്ഥാപനം നിങ്ങളെ പിരിച്ചുവിടുകയോ ചെയ്താല്‍, ലഭിക്കാനുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെറും രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ കൈമാറണമെന്നാണ് പുതിയ നിയമം വ്യക്തമാക്കുന്നത്. നിലവില്‍ പല കമ്പനികളിലും സെറ്റില്‍മെന്റ് തുക ലഭിക്കാന്‍ 30 ദിവസം മുതല്‍ മൂന്ന് മാസം വരെ സമയമെടുക്കാറുണ്ട്. ഈ കാലതാമസം ഒഴിവാക്കി ജീവനക്കാര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ മാറ്റങ്ങള്‍ ഇങ്ങനെ:
എല്ലാവര്‍ക്കും ബാധകം: ഉയര്‍ന്ന ശമ്പളമുള്ളവരും കുറഞ്ഞ ശമ്പളമുള്ളവരും ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ഈ നിയമം ബാധകമാണ്.
വേര്‍പിരിയല്‍ രീതി : ജീവനക്കാരന്‍ സ്വയം രാജി വെക്കുന്നതാണോ, കമ്പനി പിരിച്ചുവിടുന്നതാണോ എന്നത് നിയമത്തിന് ബാധകമല്ല. അവസാന പ്രവൃത്തി ദിവസം കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ സെറ്റില്‍മെന്റ് പൂര്‍ത്തിയാക്കണം.
ഏകീകൃത രീതി: കമ്പനികള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് സെറ്റില്‍മെന്റ് തീയതി നിശ്ചയിക്കുന്ന രീതിക്ക് ഇതോടെ അവസാനമാകും.
എന്താണ് 'വേജ് കോഡ്' പറയുന്നത്? 2019-ലെ 'കോഡ് ഓണ്‍ വേജസ്' പ്രകാരം, സെക്ഷന്‍ 17(2) അനുസരിച്ചാണ് ഈ മാറ്റങ്ങള്‍ വരുന്നത്. നിലവില്‍ സെറ്റില്‍മെന്റ് വൈകുന്നത് പലപ്പോഴും ജീവനക്കാരുടെ സാമ്പത്തിക ആസൂത്രണത്തെ ദോഷകരമായി ബാധിക്കാറുണ്ട്. പുതിയ മാറ്റം വരുന്നതോടെ തൊഴില്‍ മാറുന്ന സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ജീവനക്കാര്‍ക്ക് സാധിക്കും. നേരത്തെ പല കമ്പനികളും അവരുടെ നിയമങ്ങള്‍ക്കനുസരിച്ചാണ് പണം നല്‍കിയിരുന്നത്. ചിലര്‍ അവസാന ദിവസം നല്‍കുമ്പോള്‍ മറ്റു ചിലര്‍ ആഴ്ചകളോളം വൈകിപ്പിക്കും. എന്നാല്‍ പുതിയ നിയമം വരുന്നതോടെ രാജ്യമെമ്പാടും ഏകീകൃതമായ രീതി നടപ്പിലാകും
ഗ്രാറ്റുവിറ്റി ഉള്‍പ്പെടുമോ?
ശമ്പളത്തിന്റെ പരിധിയില്‍ വരുന്ന തുകകളാണ് രണ്ട് ദിവസത്തിനുള്ളില്‍ നല്‍കേണ്ടത്. എന്നാല്‍ ഗ്രാറ്റുവിറ്റി പോലുള്ള ചില ആനുകൂല്യങ്ങള്‍ ഈ 48 മണിക്കൂര്‍ പരിധിയില്‍ വരണമെന്നില്ല. ഇത്തരം ആനുകൂല്യങ്ങള്‍ക്ക് നിലവിലുള്ള പ്രത്യേക സമയപരിധികള്‍ തുടരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
