കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ നികുതി നിരക്കുകളില്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും, നികുതി പിരിവില്‍ കാര്യമായ ഇടിവുണ്ടാകാത്തത് ആശ്വാസമായിട്ടുണ്ട്
രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം നവംബര്‍ മാസത്തിലും 1.70 ലക്ഷം കോടി രൂപ കടന്നു. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ നികുതി നിരക്കുകളില്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും, നികുതി പിരിവില്‍ കാര്യമായ ഇടിവുണ്ടാകാത്തത് ആശ്വാസമായി. 2025 നവംബറിലെ മൊത്തം ജിഎസ്ടി വരുമാനം 1,70,276 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 0.7% വര്‍ധനവാണിത്. അതേ സമയം ഒക്‌ടോബറിലെ മൊത്തം നികുതി പിരിവ് 1.95 ലക്ഷം കോടിയായിരുന്നു. നടപ്പുവര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള മൊത്തം നികുതി വരുമാനം 14,75,488 കോടി എത്തി. 8.9% വളര്‍ച്ചയാണിത്. നവംബറിലെ മൊത്തം ജിഎസ്ടി വരുമാനത്തില്‍, ആഭ്യന്തര നികുതി പിരിവ് 2.3% കുറഞ്ഞ് 1,24,300 കോടിയിലെത്തി. എന്നാല്‍, ഇറക്കുമതിയിലൂടെയുള്ള ജിഎസ്ടി വരുമാനം മികച്ച നേട്ടമുണ്ടാക്കി. ഇറക്കുമതിയില്‍ നിന്നുള്ള മൊത്ത വരുമാനം 45,976 കോടി ആണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10.2% വളര്‍ച്ചയാണിത്.
സംസ്ഥാനങ്ങളുടെ പ്രകടനം: കേരളം മുന്നില്‍, ഗുജറാത്ത് പിന്നില്‍
നവംബറിലെ ജിഎസ്ടി പിരിവില്‍ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ മികച്ച വളര്‍ച്ച നേടിയപ്പോള്‍, മറ്റു ചില സംസ്ഥാനങ്ങളില്‍ ഇടിവുണ്ടായി.
- കേരളം: 7% വളര്‍ച്ച
- കര്‍ണാടക: 5% വളര്‍ച്ച
- മഹാരാഷ്ട്ര: 3% വളര്‍ച്ച
- വലിയ സംസ്ഥാനങ്ങളിലെ ഇടിവ്:
- ഗുജറാത്ത്: -7% (ഇടിവ്)
- ഉത്തര്‍പ്രദേശ്: -7% (ഇടിവ്)
- മധ്യപ്രദേശ്: -8% (ഇടിവ്)
- തമിഴ്‌നാട്: -4% (ഇടിവ്)
- പശ്ചിമ ബംഗാള്‍: -3% (ഇടിവ്)
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍: അരുണാചല്‍ പ്രദേശ് (33% വര്‍ധന), നാഗാലാന്‍ഡ്, മണിപ്പൂര്‍, മേഘാലയ, അസം തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം, ലക്ഷദ്വീപ് (-85%), മിസോറാം (-41%), സിക്കിം (-35%) തുടങ്ങിയ ചെറിയ നികുതി വരുമാനമുള്ള പ്രദേശങ്ങളില്‍ വലിയ ഇടിവുണ്ടായി


