ഒരു കമ്പനിയുടെ നേട്ടങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് എപ്പോഴും അതിൻ്റെ ജീവനക്കാർ ആയിരിക്കും. അതിനാൽ വിജയങ്ങൾ അവരോടൊപ്പം ആഘോഷിക്കണമെന്നുള്ളതാണ് കമ്പനിയുടെ നയം
ചെന്നൈ: ഒരു കമ്പനി വാർഷിക ബോണസായി പണം അല്ലെങ്കിൽ ഷെയർ അതും അല്ലെങ്കിൽ എന്തെങ്കിലും സമ്മാനങ്ങൾ നൽകുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഇവിടെ ഇതാ ചെന്നൈ ആസ്ഥാനമായ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായ കാസഗ്രാൻഡ്, ലാഭ വിഹിതം പങ്കുവെക്കുന്നത് ജീവനക്കാരെ ലണ്ടനിലേക്ക് യാത്ര കൊണ്ടുപോയിട്ടാണ്. വാർഷിക റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമായി, കമ്പനി സ്വന്തം ചെലവിൽ, ലണ്ടനിലേക്ക് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഒരു യാത്രയ്ക്ക് 1,000 ജീവനക്കാരെ അയയ്ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലാ വർഷവും കമ്പനി ഈ തരത്തിലാണ് ബോണസ് നൽകാറുള്ളത്. ഇതിലൂടെ കമ്പനി യിലുള്ള 6,000-ത്തിലധികം ജീവനക്കാർക്ക് സിംഗപ്പൂർ, തായ്‌ലൻഡ്, മലേഷ്യ, ദുബായ്, സ്‌പെയിൻ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിച്ചുവെന്ന് കമ്പനി പറയുന്നത്. ഇങ്ങനെ യാത്രകൾ സംഘടിപ്പിക്കുന്നതിലൂടെ തങ്ങൾക്ക് കമ്പനിയില് സ്ഥാനം മനസ്സിലാക്കാൻ കഴിഞ്ഞെന്നും പല യാത്രകളും തങ്ങളുടെ കാഴ്ചപ്പാടുകൾ തന്നെ മാറ്റിമറിക്കുകയും ചെയ്തതായി ജീവനക്കാർ പറയുന്നു.
ഒരു കമ്പനിയുടെ നേട്ടങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് എപ്പോഴും അതിൻ്റെ ജീവനക്കാർ ആയിരിക്കും. അതിനാൽ വിജയങ്ങൾ അവരോടൊപ്പം ആഘോഷിക്കണമെന്നുള്ളതാണ് കമ്പനിയുടെ നയം എന്നും പ്രസ്താവനയിൽ പറയുന്നു. ലണ്ടൻ യാത്രയ്ക്കായി ഇന്ത്യയിലെയും ദുബായിലെയും ഓഫീസുകളിൽ നിന്നുള്ള ജീവനക്കാരെ ഒരുമിച്ച് കൊണ്ടുവരുമെന്ന് കാസഗ്രാൻഡ് പറഞ്ഞു.
ലണ്ടനിൽ എന്തൊക്കെ?
വിൻഡ്‌സർ കാസിലിലൂടെ ഓഡിയോ ഗൈഡഡ് ടൂർ, കാംഡനിലെ തെരുവുകളിലും മാർക്കറ്റുകളിലും കൂടിയുള്ള കറക്കം. ഇന്റർകോണ്ടിനെന്റൽ ലണ്ടനിൽ ഒരു ഗാല ഡിന്നർ എന്നിവയാണ് നിലവിൽ യാത്രാ പരിപാടിയുടെ ഉള്ളടക്കം. സെന്റ് പോൾസ് കത്തീഡ്രൽ, ലണ്ടൻ പാലസ്, ബിഗ് ബെൻ, ബക്കിംഗ്ഹാം പാലസ്, പിക്കാഡിലി സർക്കസ്, ട്രാഫൽഗർ സ്ക്വയർ എന്നിവയുൾപ്പെടെ നിരവധി പ്രശസ്ത സ്ഥലങ്ങളിലേക്ക് ജീവനക്കാരെ കൊണ്ടുപോകുമെന്നും തുടർന്ന് മാഡം തുസാഡ്‌സ് സന്ദർശിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു. തേംസ് നദിയിലൂടെയുള്ള ഒരു ക്രൂയിസ് യാത്രയോടെ ലണ്ടൻ യാത്ര അവസാനിക്കും.


