ഇന്ധനവില വർധനവിനെ തുടർന്ന് ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ യാത്രാ നിരക്ക് കുത്തനെ കൂട്ടി ഇൻഡിഗോ എയർലൈൻസ്. ആഭ്യന്തര യാത്രകൾക്ക് 1300 രൂപ വരെയും അന്താരാഷ്ട്ര യാത്രകൾക്ക് 10,000 രൂപ വരെയുമാണ് ഇന്ധന സർചാർജ് ഇനത്തിൽ വർധിപ്പിച്ചത്. ഉത്സവ സീസണിലെ ഈ നിരക്ക് വർധനവ് സാധാരണക്കാരായ യാത്രക്കാർക്ക് വലിയ തിരിച്ചടിയാകും.
ദില്ലി: ഇന്‍ഡിഗോ വിമാന സർവ്വീസുകളുടെ യാത്രാ നിരക്ക് കൂട്ടി. ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളിലെ ഇന്ധന ചാര്‍ജാണ് കൂട്ടിയത്. നാളെ മുതൽ നിരക്ക് വർധനവ് പ്രാബല്യത്തിൽ വരും. ആഭ്യന്തര യാത്രകൾക്ക് 375 മുതൽ 1300 വരെ നിരക്കുയരും. രാജ്യാന്തര യാത്രകൾക്ക് 1000 മുതൽ 10,000 രൂപ വരെയാണ് വർധനവുണ്ടാകുക. അതേ സമയം, വിമാന ഇന്ധന വില ഉയർന്നതാണ് നിരക്ക് വർധനയ്ക്ക് കാരണമെന്ന് ഇൻഡിഗോ അറിയിച്ചു. ഉത്സവ സീസൺ അടുത്തിരിക്കെ കമ്പനി നടപ്പിലാക്കുന്ന ഈ തീരുമാനം സാധാരണക്കാരായ യാത്രികർക്ക് വലിയ തിരിച്ചടിയാകും.
ആഭ്യന്തര സർവീസുകളിൽ ദൂരത്തിനനുസരിച്ചാണ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. 500 കിലോമീറ്ററിൽ താഴെയുള്ള യാത്രകൾക്ക് 425 രൂപയും, 501 മുതൽ 1,000 കിലോമീറ്റർ വരെയുള്ള സർവീസുകൾക്ക് 600 രൂപയും നൽകണം. 1,001 മുതൽ 1,500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 900 രൂപയും, 1,501 മുതൽ 2,000 കിലോമീറ്റർ വരെ 1,150 രൂപയുമാണ് അധികമായി നൽകേണ്ടത്. 2,000 കിലോമീറ്ററിന് മുകളിലുള്ള ദീർഘദൂര ആഭ്യന്തര യാത്രകൾക്ക് 1,300 രൂപ ഫ്യൂവൽ സർചാർജ് ഇനത്തിൽ നൽകേണ്ടി വരും.
അന്താരാഷ്ട്ര സർവീസുകളിലും ഗണ്യമായ വർധനവാണ് വരുത്തിയിരിക്കുന്നത്. സാർക്ക് രാജ്യങ്ങളിലേക്കുള്ള 500 കിലോമീറ്ററിൽ താഴെയുള്ള യാത്രകൾക്ക് 500 രൂപയും, അതിനു മുകളിലുള്ള ദൂരത്തിന് 1,000 രൂപയുമാണ് സർചാർജ്. മലയാളി പ്രവാസികൾ ഏറെയുള്ള മിഡിൽ ഈസ്റ്റ്, ജിസിസി രാജ്യങ്ങൾ, തെക്കുകിഴക്കൻ ഏഷ്യ, വടക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് 5,500 രൂപയും, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് 6,000 രൂപയും അധികം ഈടാക്കും. യൂറോപ്പിലേക്കുള്ള ദീർഘദൂര സർവീസുകൾക്കാണ് ഏറ്റവും ഉയർന്ന തുകയായ 10,000 രൂപ സർചാർജ് പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിമാന ഇന്ധനവിലയിൽ 14 ശതമാനത്തിലധികം വർധനവുണ്ടായെന്നും കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നിലേക്കാണ് എടിഎഫ് വില എത്തി നിൽക്കുന്നതെന്നും ഇൻഡിഗോ വ്യക്തമാക്കി. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ വലിയൊരു പങ്കും ഇന്ധനത്തിനായാണ് മാറ്റിവെക്കുന്നത് എന്നതിനാൽ, നിലവിലെ വിലവർധനവ് കമ്പനിയുടെ സാമ്പത്തിക ഘടനയെയും ദൈനംദിന സർവീസുകളെയും പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് സർചാർജ് ഏർപ്പെടുത്താൻ നിർബന്ധിതരായതെന്നും കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇൻഡിഗോ നിരക്ക് വർധിപ്പിച്ചതോടെ മറ്റ് വിമാനക്കമ്പനികളും വൈകാതെ സമാനമായ തീരുമാനത്തിലേക്ക് നീങ്ങിയേക്കാനാണ് സാധ്യത.


