Asianet News MalayalamAsianet News Malayalam

ഹൈഫ തുറമുഖം വാങ്ങാം, ഇടപാട് തീർക്കാൻ സമയം കൂടുതൽ ചോദിച്ച് അദാനി ഗ്രൂപ്പ്; മറുപടി നൽകി ഇസ്രയേൽ ഭരണകൂടം

ഇസ്രയേലിലെ ജൂത അവധിക്കാലം കൂടി പരിഗണിച്ച് ഒന്നരമാസം സമയമാണ് കമ്പനികൾക്ക് അനുവദിച്ചിരിക്കുന്നത്. നവംബർ 27ന് മുൻപാണ് പുതിയ ഉത്തരവ് പ്രകാരം ഇടപാട് പൂർത്തീകരിക്കേണ്ടത്

Israel government allows more time to Adani group to complete Haifa Port purchase
Author
First Published Sep 8, 2022, 11:09 PM IST

ജെറുസലേം: ഇസ്രയേലിലെ ഹൈഫ തുറമുഖം വാങ്ങാനുള്ള ഇടപാട് പൂർത്തീകരിക്കുന്നതിന് കൂടുതൽ സമയം ചോദിച്ച അദാനി ഗ്രൂപ്പിന്‍റെ ആവശ്യത്തോട് പ്രതികരിച്ച് ഇസ്രയേൽ ഭരണകൂടം. അദാനി ഗ്രൂപ്പിന്‍റെയും പങ്കാളികളുടെയും ആവശ്യം ഇസ്രയേൽ ഭരണകൂടം അംഗീകരിച്ചു. ഇത് സംബന്ധിച്ച അനുകൂലമായ മറുപടി അദാനി ഗ്രൂപ്പിന് ലഭിച്ചു. അദാനി ഗ്രൂപ്പിന്‍റെ പങ്കാളിയും ഇസ്രയേലിലെ തുറമുഖ മന്ത്രാലയവുമാണ് ഇക്കാര്യം അറിയിച്ചത്.

ഇസ്രയേലിലെ ജൂത അവധിക്കാലം കൂടി പരിഗണിച്ച് ഒന്നരമാസം സമയമാണ് കമ്പനികൾക്ക് അനുവദിച്ചിരിക്കുന്നത്. നവംബർ 27ന് മുൻപാണ് പുതിയ ഉത്തരവ് പ്രകാരം ഇടപാട് പൂർത്തീകരിക്കേണ്ടത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് തുറമുഖം വിൽക്കാൻ ഇസ്രയേൽ ഭരണകൂടം തീരുമാനിച്ചത്. മെഡിറ്ററേനിയൻ തീരത്ത് ഒരു പ്രധാന വ്യാപാര ഹബ്ബാണ് ഈ തുറമുഖം. അദാനി ഗ്രൂപ്പും ഇസ്രയേലിലെ ലോജിസ്റ്റിക്സ് ബിസിനസ് രംഗത്തുള്ള ഗദോതും ചേർന്നുള്ള കൺസോർഷ്യമാണ് തുറമുഖം വാങ്ങുന്നതിനുള്ള ടെൻഡർ പിടിച്ചത്. 1.2 ബില്യൺ ഡോളറാണ് ഇടപാട് തുക. ഗദോതാണ് ഇടപാടിന് കൂടുതൽ സമയം ചോദിച്ചതും അത് ഭരണകൂടത്തിൽനിന്ന് അനുവദിക്കപ്പെട്ടതും മാധ്യമ പ്രവർത്തകരെ അറിയിച്ചത്. അദാനി ഗ്രൂപ്പ് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിഴിഞ്ഞം സമരം: ഇനി ഉപവാസം , ലത്തീൻ ആർച്ച് ബിഷപ്പിന്‍റെ നേതൃത്വത്തിൽ 6പേർ ആദ്യഘട്ട സമരത്തിൽ

അതേസമയം അദാനി ഗ്രൂപ്പ് നിർമ്മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ ഉപവാസ സമരം കൂടുതൽ ശക്തമാകുകയാണ്. വിഴിഞ്ഞം തുറമുഖത്തിനെതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഈ ഞായറാഴ്ചയും സർക്കുലർ വായിച്ചിരുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്നാണ് സർക്കുലറിലെ ആവശ്യം. വിഴിഞ്ഞം തുറമുഖ നിർമാണം മൂലമുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കുലറില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് എതിരായ കോടതി ഉത്തരവ് നേടിയെടുക്കാൻ അധികാരികൾ അദാനി ഗ്രൂപ്പിന് കൂട്ടുനിന്നെന്നാണ് വിമര്‍ശനം. ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരണം എന്നാണ് ആർച്ച് ബിഷപ്പ്  ഡോ.തോമസ് ജെ നെറ്റോയുടെ സർക്കുലർ പറയുന്നത്. തീരശോഷണത്തില്‍ വീട് നഷ്ടപെട്ടവരെ വാടക നൽകി മാറ്റി പാർപ്പിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. മതിയായ നഷ്ടപരിഹാരം നൽകി ഇവരെ പുനരധിവസിപ്പിക്കണം, മണ്ണെണ്ണ വില വർധന പിന്‍വലിപ്പിക്കാൻ കേന്ദ്ര സർക്കാരിൽ ഇടപെടണം , തമിഴ്നാട് മാതൃകയിൽ മണ്ണെണ്ണ നൽകുക, കാലാവസ്ഥാ മുന്നറിയിപ്പുകൾ മൂലം കടലിൽ പോകാനാകാത്ത ദിവസങ്ങളിൽ മിനിമം വേതനം നൽകുക, മുതലപൊഴി ഹാർബറിന്‍റെ അശാസ്ത്രീയ നിർമാണം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയാണ് സര്‍ക്കുലറിലെ ആവശ്യങ്ങള്‍. ന്യായമായ ആവശ്യങ്ങൾ നേടി എടുക്കും വരെ സമരം തുടരുമെന്ന് വ്യക്തമാക്കിയ സര്‍ക്കുലറില്‍ പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും അധികാരികളിൽ നിന്ന് കൃത്യമായി മറുപടി കിട്ടിയിട്ടില്ലെന്നും സർക്കുലറിൽ കുറ്റപ്പെടുത്തിയിരുന്നു.

വെടിയുതിർത്തത് നാവികസേനാ കേന്ദ്രത്തിൽ നിന്നോ? വ്യക്തത തേടി പൊലീസ്, ബാലിസ്റ്റിക് വിദഗ്ധർ ഉത്തരം കണ്ടെത്തും

Follow Us:
Download App:
  • android
  • ios