ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി വിഷ്വൽ ഇഫക്റ്റുകളില്ലാതെ ഒരു യഥാർത്ഥ ഹ്യൂമനോയിഡ് റോബോട്ട് പ്രധാന കഥാപാത്രമാകുന്ന കന്നഡ ചിത്രം ഒരുങ്ങുന്നു. സിമ്പിൾ സുനി സംവിധാനം ചെയ്യുന്ന 'ലംബോദര 2.0' എന്ന സയൻസ് ഫിക്ഷൻ ത്രില്ലറിലാണ് 'ജിയ' എന്ന റോബോട്ട് അഭിനയിക്കുന്നത്. ചിത്രത്തിൽ കുനാൽ കപൂറും പ്രധാന വേഷത്തിലെത്തുന്നു.
ബെംഗളൂരു: വിഷ്വൽ ഇഫക്റ്റുകളോ (CGI) അഭിനേതാക്കളോ ഇല്ലാതെ, ഒരു യഥാർത്ഥ ഹ്യൂമനോയിഡ് റോബോട്ട് ഒരു സിനിമയിലെ പ്രധാന കഥാപാത്രമാകുന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി കന്നടയിൽ ആണ് സിനിമയിറങ്ങുക. പ്രശസ്ത കന്നഡ സംവിധായകൻ സിമ്പിൾ സുനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ലംബോദര 2.0' (Lambodhar 2.0) ലാണ് 'ജിയ' (Jia) എന്ന ഹ്യൂമനോയിഡ് റോബോട്ട് അഭിനേതാവായി എത്തുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മച്ചാനി റോബോട്ടിക്സ്' (Machani Robotics) എന്ന സ്ഥാപനമാണ് ജിയ എന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തത്.
ഒരു സയൻസ് ഫിക്ഷൻ സോഷ്യൽ ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രം മാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽ ഷെട്ടിയാണ് നിർമ്മിക്കുന്നത്. ബോളിവുഡ് താരം കുനാൽ കപൂർ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. അനിൽ ഷെട്ടി, സാച്ചി ബിന്ദ്ര, മേഘ്‌ന ഗാവോങ്കർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ജെൻ സി (Gen Z) തലമുറയുടെ ജീവിതവും സോഷ്യൽ മീഡിയയുടെ സ്വാധീനവും നിർമിത ബുദ്ധിയും (Artificial Intelligence) പ്രമേയമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ വർഷം ജനുവരിയിൽ ചിത്രീകരണം ആരംഭിച്ച 'ലംബോദര 2.0' യുടെ ചിത്രീകരണം അടുത്തിടെ പൂർത്തിയായി. എന്നാൽ സിനിമയുടെ തിയേറ്റർ റിലീസ് തീയതി നിർമ്മാതാക്കൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിഎഫ്എക്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് റോബോട്ടുകളെ കാണിച്ചിട്ടുള്ള കഥകളിൽ നിന്ന് വ്യത്യസ്തമായി, യഥാർത്ഥ റോബോട്ട് തത്സമയം അഭിനയിക്കുന്നുവെന്ന പ്രത്യേകത ചിത്രം റിലീസിനെത്തും മുൻപേ തന്നെ വലിയ ചർച്ചയാകുന്നുണ്ട്.

