ഈടോടെയുള്ള വായ്പകള്‍ക്ക് പ്രാധാന്യം നല്‍കാനും, വായ്പ എടുക്കുന്നവരെ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കാനും, ഭാവിയിലെ നഷ്ടം നികത്താന്‍ കൂടുതല്‍ പണം കരുതല്‍ ധനമായി മാറ്റിവെക്കാനുമാണ് ഇവരുടെ തീരുമാനം.

രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് പണം നല്‍കുന്നതില്‍ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ കര്‍ശന നിലപാട് സ്വീകരിക്കുന്നു. അടുത്തിടെയായി ഈ മേഖലയില്‍ വായ്പ തിരിച്ചടവ് മുടങ്ങുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതാണ് ഇതിന് കാരണം. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരുടെ എണ്ണം കൂടിയതോടെ, ബജാജ് ഫിനാന്‍സ്, ഐ.ഐ.എഫ്.എല്‍. ഫിനാന്‍സ്, ശ്രീറാം ഫിനാന്‍സ്, യൂഗ്രോ കാപിറ്റല്‍ തുടങ്ങിയ പ്രമുഖ എന്‍.ബി.എഫ്.സി.കള്‍ വായ്പ വിതരണം കുറച്ചിരിക്കുകയാണ്. ഈടോടെയുള്ള വായ്പകള്‍ക്ക് പ്രാധാന്യം നല്‍കാനും, വായ്പ എടുക്കുന്നവരെ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കാനും, ഭാവിയിലെ നഷ്ടം നികത്താന്‍ കൂടുതല്‍ പണം കരുതല്‍ ധനമായി മാറ്റിവെക്കാനുമാണ് ഇവരുടെ തീരുമാനം.

കുതിച്ചുയര്‍ന്ന് കിട്ടാക്കടം

ബജാജ് ഫിനാന്‍സ്: സെപ്റ്റംബര്‍ പാദത്തില്‍ എം.എസ്.എം.ഇ. വിഭാഗത്തിലെ മൊത്തം കിട്ടാക്കടം 2.47% ആയി ഉയര്‍ന്നു. മുന്‍പാദത്തില്‍ ഇത് 1.83% മാത്രമായിരുന്നു. ഇതോടെ, അടുത്ത സാമ്പത്തിക വര്‍ഷത്തെ എം.എസ്.എം.ഇ. വായ്പാ വളര്‍ച്ചാ പ്രവചനം നേരത്തെ കണക്കാക്കിയ 20% എന്നതില്‍ നിന്ന് 11-12% ആയി കുറച്ചു.

ഐ.ഐ.എഫ്.എല്‍. ഫിനാന്‍സ്: എം.എസ്.എം.ഇ. കിട്ടാക്കടം ഒരു വര്‍ഷം മുമ്പുള്ള 3.10% എന്നതില്‍ നിന്ന് 5.93% ആയി വര്‍ദ്ധിച്ചു. ഇതോടെ ഈടില്ലാത്ത വായ്പകള്‍ കുറച്ച് , ഈടോടു കൂടിയ വായ്പകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി.

സ്വകാര്യ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍, എന്‍.ബി.എഫ്.സി.കള്‍ നല്‍കിയ വായ്പകളില്‍ 26% ഓളം ഏറ്റവും ഉയര്‍ന്ന റിസ്‌ക് ഉള്ള വിഭാഗത്തിലെ സംരംഭങ്ങള്‍ക്കാണ് നല്‍കിയിട്ടുള്ളത്. ഇത് പണത്തിന്റെ ഒഴുക്ക് കുറയുമ്പോള്‍ ഈ സ്ഥാപനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. യു.എസ്. ഇന്ത്യയില്‍ നിന്നുള്ള ചില ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ താരിഫ് ഏര്‍പ്പെടുത്തിയത് എംഎസ്എംഇ മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തുകല്‍, തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍, രത്നം, ആഭരണങ്ങള്‍ തുടങ്ങിയ കയറ്റുമതിയെ ആശ്രയിക്കുന്ന മേഖലകളിലെ എം.എസ്.എം.ഇ.കളുടെ പ്രവര്‍ത്തനങ്ങളെ തീരുവ പ്രതികൂലമായി ബാധിച്ചു. കയറ്റുമതിയെ മാത്രം ആശ്രയിക്കുന്ന എം.എസ്.എം.ഇ.കളുടെ കാര്യത്തില്‍ ജാഗ്രത തുടരുമെന്ന് ശ്രീറാം ഫിനാന്‍സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അറിയിച്ചു.